കാത്തിരുപ്പില്‍ കരുത്തായി വിശ്വാസം

കാത്തിരുപ്പില്‍ കരുത്തായി വിശ്വാസം

iran3 വര്‍ഷമെന്നത് വളരെ ചെറിയ കാലയളവായി പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ജീവിതത്തിന്റെ പകുതിയായ ഭര്‍ത്താവിനായുള്ള കാത്തിരിപ്പില്‍ നഖ്മ അബേദിനിക്ക് മൂന്നു വര്‍ഷങ്ങള്‍ മൂന്നു പതിറ്റാണ്ടുകള്‍ പോലെയാണ്. ഭര്‍ത്താവിന്റെ അഭാവത്തിലും തുണയായത് അചഞ്ചലമായ വിശ്വാസം. ഓരോ പുലരിയും നഖ്മയ്ക്ക് പ്രതീക്ഷയുടേതാണ്. ഇറാനിലെ ജയിലില്‍ തടങ്കലില്‍ കിടക്കുന്ന ഭര്‍ത്താവ് തിരികെയെത്തും എന്ന പ്രതീക്ഷയില്‍ തന്റെ രണ്ടു മക്കളെയും ചേര്‍ത്തു പിടിച്ച് നഖ്മ കാത്തിരിപ്പു തുടരുമ്പോള്‍ ആ പ്രതീക്ഷക്കു കരുത്തു പകരുന്നത് പാറ പോലെ ഇളകാത്ത വിശ്വാസം.

ഇറാനില്‍ മുസ്ലീം മാതാപിതാക്കളുടെ മകനായി ജനിച്ച സയ്യീദ് അബേദിനി 2010ല്‍ നഖ്മയുമായുള്ള വിവാഹത്തെത്തുടര്‍ന്ന് അമേരിക്കന്‍ പൗരത്വമെടുത്ത് ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. വിവാഹത്തിനു ശേഷം സയ്യീദ് ഇറാനില്‍ സഭാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ കൂടി ഗവണ്‍മെന്റില്‍ നിന്നുള്ള താക്കീതിനെത്തുടര്‍ന്ന് സയ്യീദ് മതപരമല്ലാത്ത പ്രവര്‍ത്തനങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. 2012 ല്‍ ഇറാനിലുള്ള അനാഥാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ രാജ്യസുരക്ഷക്കു ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെട്ട് സയ്യീദ് അറസ്റ്റിലാവുകയും എട്ടു വര്‍ഷത്തെ തടവുശിക്ഷക്കു വിധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സയ്യീദ് ക്രിസ്തുമത വിശ്വാസിയായതാണ് അറസ്റ്റിനു കാരണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. തടങ്കലില്‍ വെച്ച് സയ്യീദ് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായും ഇവര്‍ പറയുന്നു.
സയ്യീദിനൊപ്പം ഇറാനിലെ തടങ്കലില്‍ കഴിയുന്ന മറ്റു നാല് അമേരിക്കന്‍ വംശജരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയോടു ചേര്‍ന്ന് ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ നഖ്മ പോരാട്ടം തുടരുകയാണ്. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളും ഇതിനായുള്ള ശ്രമങ്ങളിലാണ്. ‘ദൈവം അദ്ദേഹത്തോടൊപ്പമുണ്ട്. വേദനകള്‍ സഹിക്കാന്‍ അവിടുന്നു അദ്ദേഹത്തിനു കരുത്തു പകരും. ക്രിസ്തു ഞങ്ങളുടെ കണ്ണീരൊപ്പുമെന്ന ദൃഢമായ വിശ്വാസം എനിക്കുണ്ട്’, ഉറച്ച വിശ്വാസത്തോടെ നഖ്മ പറയുന്നു.

 

അനൂപ.

You must be logged in to post a comment Login