കാന്‍സര്‍രോഗികളുടെ മധ്യസ്ഥന്‍

കാന്‍സര്‍രോഗികളുടെ മധ്യസ്ഥന്‍

 

ഇന്ന് ലോക കാന്‍സര്‍ ദിനം. കാന്‍സര്‍ രോഗികളുടെ മധ്യസ്ഥനായ വിശുദ്ധ പെരിജിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക..

കാന്‍സര്‍രോഗികളുടെ പ്രത്യേക മധ്യസ്ഥനായി കത്തോലിക്കാസഭ വണങ്ങുന്ന വിശുദ്ധനാണ് വിശുദ്ധ പെരിജിന്‍. ഇറ്റലിയിലെ ഫോര്‍ലിയിലെ സമ്പന്നമായ കുടുംബത്തില്‍ ഏകസന്താനമായി 1260 ല്‍ ആയിരുന്നു വിശുദ്ധന്‍ ജനിച്ചത്.

അക്കാലത്ത് ഫോര്‍ലി പേപ്പല്‍ സ്റ്റേറ്റിന്റെ ഭാഗമായിരുന്നു. എന്നാല്‍ പെരിജിന്റെ കുടുംബം പേപ്പല്‍ വിരുദ്ധ കലാപത്തെ പിന്തുണയ്ക്കുന്നവരായിരുന്നു. 1283 ല്‍ ഈ ദേശം ഒരു കലാപത്തിലേക്ക് വഴുതിവീണു.

വിശുദ്ധ ഫിലിപ്പ് ബെനിസി ഈ സമയം രണ്ടു വിഭാഗം ആളുകളെയും തമ്മില്‍ അനുരഞ്ജനത്തിലാക്കാനായി ഇവിടെയെത്തുകയുണ്ടായി. സേര്‍വന്റ്‌സ് ഓഫ് മേരി സഭയുടെ പ്രിയോര്‍ ജനറലായിരുന്നു അദ്ദേഹം. അവരോട് സമാധാനത്തിന്റെയും സ്നേഹത്തിന്റെതുമായസന്ദേശം പറയാനെത്തിയ വിശുദ്ധ ഫിലിപ്പിനെ പതിനെട്ടുവയസ് മാത്രം പ്രായമുള്ള പെരിജിന്‍ അപമാനിച്ചാണ് യാത്ര അയച്ചത്.

പിന്നീട് തന്റെ ചെയ്തിയോര്‍ത്ത് പെരിജിന്‍ ദു:ഖിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു. വിശുദ്ധ ഫിലിപ്പ് അദ്ദേഹത്തെ കരുണയോടെ സ്വീകരിച്ചു. ആ നിമിഷം പെരിജിനെ വ്ല്ലാതെ സ്പര്‍ശിച്ചു. തുടര്‍ന്ന് കാരുണ്യപ്രവര്‍ത്തികളുടെ വഴിയെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം സിയന്നയിലെ ഒരു സഭയില്‍ ചേരുകയും വൈദികനായി മാറുകയും ചെയ്തു. ദരിദ്രര്‍ക്കും രോഗികള്‍ക്കും വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷകള്‍. സമാശ്വാസത്തിന്റെ മാലാഖ എന്നാണ് ആളുകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

അറുപതാം വയസില്‍ അദ്ദേഹത്തിന്റെ വലതുകാലിനെ പഴുപ്പ് ബാധിച്ചു.അര്‍ബുദമാണെന്ന് ഡോക്ടേഴ്‌സ് കണ്ടെത്തി. അവര്‍ നിര്‍ദ്ദേശിച്ചത് കാലു മുറിച്ചുനീക്കണമെന്നാണ്. ഓപ്പറേഷന്‍ നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേന്ന് മുറിയിലെ ക്രൂശിതരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പെരിജിന്‍ പ്രാര്‍ത്ഥന ആരംഭിച്ചു.

പിന്നെ ക്രമേണ അദ്ദേഹം ശാന്തതയിലേക്ക് ലയിച്ചു. ഉറക്കത്തില്‍ വിശുദ്ധന്‍ ഒരു ദര്‍ശനം കണ്ടു.ക്രൂശിതരൂപത്തില്‍ നിന്ന് ക്രിസ്തു കരംനീട്ടി രോഗാതുരമായ ആ കാലുകളെ സ്പര്‍ശിക്കുന്നു. അടുത്തദിവസം കാല്‍ മുറിച്ചുനീക്കാനായി എത്തിയ ഡോക്ടര്‍മാര്‍ വിശുദ്ധന്റെ കാലുകളില്‍ കാന്‍സറിന്റെ രോഗലക്ഷണമൊന്നും കണ്ടെത്തിയില്ല. ഈ വാര്‍ത്ത അവിടെയെങ്ങും വ്യാപിച്ചു.

അതോടെ അദ്ദേഹത്തിന്റെ അടുക്കല്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. എണ്‍പത്തിയഞ്ചാം വയസില്‍ പനിയെതുടര്‍ന്നായിരുന്നു മരണം. ശവസംസ്‌കാരശുശൂഷയില്‍ പങ്കെടുത്തവര്‍ക്ക് പോലും വിശുദ്ധന്റെ മാധ്യസ്ഥം വഴി രോഗസൗഖ്യം ലഭിച്ചു.

1609 ല്‍ പോപ്പ് പോള്‍ അഞ്ചാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1726 ല്‍ പോപ്പ് ബെനഡിക്ട് പതിമൂന്നാമന്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. മെയ് നാലാണ് വിശുദ്ധന്റെ തിരുനാള്‍.

ചിക്കാഗോ, ഇല്ലിനോയിസിലെ  വ്യാകുലമാതാ ബസിലിക്കയാണ് വിശുദ്ധന്റെ ദേശീയ തീര്‍ത്ഥകേന്ദ്രം.

വിശുദ്ധ പെരിജീനേ എല്ലാ കാന്‍സര്‍ രോഗികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണേ..

 

ബിജു

You must be logged in to post a comment Login