കാന്‍സര്‍ കിടക്കയില്‍ ദൈവത്തിന് തേനിനെക്കാള്‍ മധുരം

കാന്‍സര്‍ കിടക്കയില്‍ ദൈവത്തിന് തേനിനെക്കാള്‍ മധുരം

ശരീരത്തില്‍ നാല്പത് മുഴകളുമായി കാന്‍സറിന്റെ ഭീകരതയില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ദൈവത്തെ രുചിച്ചറിയുന്നത്് തേനിനെക്കാള്‍ മധുരമായിട്ടാണ് എന്ന തിരിച്ചറിവ് തന്നെ ആരെയും തെല്ലൊന്ന് അമ്പരപ്പിച്ചുകളയും. പക്ഷേ ചിക്കു കുര്യാക്കോസ് എന്ന അകാലത്തില്‍ പൊലിഞ്ഞുപോയ, പാട്ടുകാരനും പാട്ടെഴുത്തുകാരനും കീബോര്‍ഡിസ്റ്റിനും കര്‍ത്താവ് അങ്ങനെ തന്നെയായിരുന്നു. രണ്ടു തവണ കാന്‍സറുമായി ഒളിച്ചുകളി നടത്തി ഒടുവില്‍ രണ്ടാം തവണ മരണത്തിന് കീഴടങ്ങുമ്പോഴും ചിക്കുവിന്റെ ചുണ്ടുകളില്‍ ആ വരികളുണ്ടായിരുന്നു. തേനിനും മധുരമാം തേനിനും മധുരമാം യേശുക്രിസ്തു മാധുര്യവാന്‍.. രുചിച്ചുനോക്കി ഞാന്‍ കര്‍ത്തൃന്‍ കൃപകളേ…

ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി കുടുംബത്തില്‍ 1988 ഓഗസ്റ്റ് ആറിനായിരുന്നു ചിക്കുവിന്റെ ജനനം. പിതാവിന്റെ ഒപ്പം സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതല്‍ക്കേ പങ്കുചേര്‍ന്ന ചിക്കു ചങ്ങനാശ്ശേരി എസ്ബി കോളജില്‍ പഠിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് കഴുത്തിന്റെ ഇടതുഭാഗത്തായി ഒരു മുഴ ആദ്യമായി കണ്ടത്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ നടത്തി ബയോപ്‌സിക്ക് അയച്ചു. റിസള്‍ട്ട് വന്നപ്പോള്‍ അത് എല്ലാവരെയും തകര്‍ത്തുകളഞ്ഞു. ഹോഡ്ഗിന്‍സ് ലിംഫോമ എന്ന കാന്‍സറായിരുന്നു ചിക്കുവിന്.

തിരുവനന്തപുരം ആര്‍സിസിയിലേക്ക് ചികിത്സ മാറ്റി. അടുത്ത എട്ട് മാസത്തിനുള്ളില്‍ രണ്ടു തവണയെന്ന വിധത്തില്‍ 36 കീമോയ്ക്ക് ചിക്കു വിധേയനായി. മുടി കൊഴിഞ്ഞു.. ശരീരം ചീര്‍ക്കാനാരംഭിച്ചു. ശരീരത്തിലെ മുഴകള്‍ വലുതായിത്തുടങ്ങി. വേദനയുടെ ദിനരാത്രങ്ങള്‍..

ദൈവം ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു എന്ന് എല്ലാവരും പറഞ്ഞു. സുവിശേഷപ്രഘോഷകനായ ഒരാളുടെ മകന് ഇങ്ങനെയൊരു അസുഖം വന്നത് ദൈവകോപമായിരിക്കുമോ എന്ന് പോലും സംശയിച്ചവര്‍ നിരവധി. പ്രാര്‍ത്ഥനകള്‍ വിഫലമായെന്ന് ആര്‍ക്കും തോന്നുന്ന സന്ദര്‍ഭങ്ങള്‍… തന്റെ കൂടെ കീമോതെറാപ്പിക്ക് വിധേയരായ മുപ്പതുപേരില്‍ ഇരുപത്തിയൊന്‍പത് പേരും കാലയവനികയ്ക്കുള്ളില്‍ മറയുന്നതിനും ചിക്കു സാക്ഷിയായി.

പതിനെട്ടാം വയസില്‍ ശരീരത്തില്‍ തൊണ്ണൂറ് ശതമാനം കാന്‍സര്‍ ബാധിച്ച് നാല്പതു മുഴകളുമായി ചിക്കു മരണത്തിന് വേണ്ടി കാത്തുകിടന്നു. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞു. നിന്റെ ഹിതം നിറവേറണമേ എന്ന് മാത്രം ചിക്കു പ്രാര്‍ത്ഥിച്ചു. അത് മരണമായാലും സാരമില്ല ജീവിതമായാലും.

അത്യപൂര്‍വ്വമായ വേദനയുടെ രാത്രിയായിരുന്നു അത്. ഒരു തരത്തിലും കിടക്കാന്‍ കഴിയുന്നില്ല.. എന്തിന് കരയാന്‍ പോലും കഴിയാതെ… തൊണ്ടയില്‍ സങ്കടം പെയ്യാതെ നിന്നു. കിടക്കയില്‍ അപ്പോള്‍ ഒരുവന്റെ സാന്നിധ്യം ചിക്കു തിരിച്ചറിഞ്ഞു. അവന്‍ ചിക്കുവിന്റെ ശിരസ് തലോടി. കാതില്‍ പിന്നെ മൃദുവായി മന്ത്രിച്ചു. “നീ മരിക്കില്ല.”

തോന്നലായിരുന്നോ അല്ല സത്യമായിരുന്നു അത്. മരണക്കിടക്കയില്‍ ക്രിസ്തു നല്കിയ ഉയിര്‍പ്പിന്റെ വാ്ക്കുകള്‍. പക്ഷേ ചിക്കു ആ നേരങ്ങളില്‍ ജീവിതം ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.

കണ്ണീരിന്റെ ആ ദിനങ്ങളില്‍, വേദനയുടെ സഹനപര്‍വ്വങ്ങളില്‍ ചിക്കു ഒന്നു മാത്രം ഏറ്റുപറഞ്ഞു. തേനിലും മധുരമാം തേനിലും മധുരമാം യേശുക്രിസ്തു മാധുര്യവാന്‍. രുചിച്ചുനോക്കി ഞാന്‍ കര്‍തൃന്‍ കൃപകളേ യേശുക്രിസ്തു മാധുര്യവാന്‍..

രോഗക്കിടക്കയില്‍ തിരിച്ചറിഞ്ഞ ആ സത്യം പിന്നീട് അനേകം വേദികളില്‍ ചിക്കു പാടി.. ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ അന്നേരം അലൗകികമായ ശാന്തിയും സമാധാനവും നിറഞ്ഞു.. കണ്ണുനീരിന്റെ ആ നേരങ്ങളില്‍ ചിക്കു ഒരു തീരുമാനത്തിലുമെത്തി. സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും യേശുമാത്രം മതി.. മനുഷ്യന് കൊടുക്കാവുന്ന സ്‌നേഹത്തിനും മനുഷ്യന് നല്കാന്‍ കഴിയുന്ന പരിഗണനയ്ക്കും സാന്ത്വനത്തിനും എല്ലാം പരിമിതികളുണ്ട്. എന്നാല്‍ ദൈവത്തിന് കൊടുക്കാന്‍ കഴിയുന്ന സ്‌നേഹത്തിന്, ആശ്വാസത്തിന് പരിധികളില്ല.

മരണക്കിടക്കയില്‍ ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടതിന്റെ അടുത്ത
ദിവസങ്ങളില്‍ ചരല്‍ക്കുന്ന് എന്ന സ്ഥലത്ത് നടന്ന ഒരു വചനസൗഖ്യശുശ്രൂഷയില്‍ ചിക്കു പങ്കെടുത്തു. പരിശുദ്ധാത്മാവിന്റെ അഭിഷേകം മഴയായി പെയ്തിറങ്ങിയ നിമിഷങ്ങളായിരുന്നു അത്..അവിടെ വച്ച് ചിക്കുവിന്റെ ജീവിതത്തില്‍ അവിശ്വസനീയമായ ഒരു കൃത്യം നടന്നു. ശരീരത്തില്‍ നിന്ന് നാല്പതു മുഴകള്‍ അപ്രത്യക്ഷമായി. ദൈവം തൊട്ട് അനുഗ്രഹിച്ച നിമിഷങ്ങള്‍.

.2006 ല്‍ ആയിരുന്നു ചിക്കു കാന്‍സര്‍ രോഗബാധിതനായത്. തുടര്‍ന്നുള്ള ഏഴു വര്‍ഷം ആരോഗ്യത്തോടെ ചിക്കു ജീവിച്ചു. ജീവിതത്തിലേക്ക് മടങ്ങിവന്നത് ദൈവത്തോടുള്ള ജീവിതം കൊണ്ടുള്ള നന്ദി വീട്ടലായി അനേകം സ്ഥലങ്ങളില്‍ തന്റെ അനുഭവസാക്ഷ്യം വിശദീകരിച്ചും പാട്ടുപാടിയും ചിക്കു നടന്നു.

എന്നാല്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ചിക്കുവിന്റെ ശരീരത്തിലേക്ക് കാന്‍സര്‍ വീണ്ടും മടങ്ങിയെത്തി. ശരീരം വീണ്ടും ചീര്‍ത്തു. അപ്പോഴും ചിക്കു തനിക്ക് ലഭിച്ച നന്മകളെയോര്‍ത്ത് നന്ദി പറഞ്ഞു. അപ്പോഴും ചിക്കു പതറിയില്ല..ഇതാണ് ദൈവഹിതമെന്ന് അവനറിയാമായിരുന്നു.

ഞാന്‍ ഓടി നിന്നില്‍ അണയുന്നേ.. എന്നായിരുന്നു അവസാനകാലത്ത് ചിക്കു എഴുതിയ പാട്ടുകളിലൊന്ന്. അതിന്റെ തുടര്‍വരികള്‍ ഇങ്ങനെയാണ്.. സങ്കേതമാം വന്‍പാറയില്‍, സന്തോഷം നീ ,സര്‍വ്വവും നീ , ഇല്ല മറ്റാരിലും ആശ്രയം, കണ്ണുനീര്‍തൂകും വേളകളില്‍, എന്നില്‍ കനിയൂ വല്ലഭനേ, എന്നെ നിന്‍ കൈകകളില്‍ നിന്‍ഹിതം പോലെ പണിയണേ...

ജീവിതം കൊണ്ട് എഴുതിയ വരികള്‍ക്ക് ഏതു കാലത്തെയും അതിജീവിക്കാന്‍ കഴിയും..ഏത് ഹൃദയത്തെയും സ്പര്‍ശിക്കാന്‍ കഴിയും. അതാണ് 2014 നവംബര്‍ എട്ടിന് മരണത്തിലൂടെ വേര്‍പിരിഞ്ഞുപോയിട്ടും ഇന്നും ചിക്കുവിന്റെ അനുഭവസാക്ഷ്യവും ഗാനങ്ങളും യൂട്യൂബിലൂടെയും മറ്റും കേള്‍ക്കുമ്പോഴും നമ്മുടെ ഉള്ളം കലങ്ങുന്നത്.. മിഴി നനയുന്നത്..

വെറും വരികളായിരുന്നില്ല അത്..അത് ജീവിതമായിരുന്നു..അതിന്റെ വശങ്ങളില്‍ രക്തം പുരണ്ടിട്ടുണ്ടായിരുന്നു..അല്ലെങ്കില്‍ കാന്‍സര്‍ രോഗത്തിന്റെ തീവ്രതയില്‍ കഴിയുന്ന ഒരാള്‍ക്കെങ്ങനെയാണ് ദൈവം തേനിനെക്കാള്‍ മാധുര്യമുള്ളതായി തിരിച്ചറിയാന്‍ കഴിയുന്നത്?

ക്രിസ്തു ആരിലും വലിയവനാണെന്നും അവന്‍ ആര്‍ക്കും കടക്കാരനല്ല എന്നും തിരിച്ചറിഞ്ഞതായിരുന്നു ചിക്കുവിന്റെ ജീവിതം. ചിക്കു കടന്നുപോയിട്ടും ചിക്കുവിന്റെ ഗാനങ്ങള്‍ ഇന്നും അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു. കടുത്ത സഹനങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകാവുന്ന വിശ്വാസത്തിന്റെ തീര്‍ത്ഥകണങ്ങളെ ചോര്‍ന്നുപോകാതെ വീണ്ടെടു്ക്കാന്‍ അത് പ്രേരണയാകുന്നു.

തേനിനെക്കാള്‍ മാധുര്യമുണ്ട് ദൈവസ്‌നേഹത്തിന് എന്ന് കാന്‍സര്‍ കിടക്കയില്‍ തിരിച്ചറിഞ്ഞ ഒരാളുടെ ജീവിതസാക്ഷ്യത്തിന് ലോകത്തെ പ്രകാശിപ്പിക്കാന്‍ തീര്‍ച്ചയായും കഴിവുണ്ട്.. ചിക്കു കുര്യാക്കോസ് അമരത്വം നേടിയിരിക്കുന്നത് അങ്ങനെയാണ്.

ബിജു

 

You must be logged in to post a comment Login