കാന്‍സര്‍ രോഗബാധിതര്‍ക്ക് ഒരു ആശ്വാസകേന്ദ്രം

കാന്‍സര്‍ രോഗബാധിതര്‍ക്ക് ഒരു ആശ്വാസകേന്ദ്രം

ജക്കാര്‍ത്ത: പതിവു പോലെ കൂട്ടുകാര്‍ക്കൊപ്പം പന്തു കളിക്കുകയായിരുന്നു കാന്‍ട്രാ അജി. അതിനിടയില്‍ കാല്‍ ഗോള്‍ പോസ്റ്റില്‍ കൊണ്ട് എങ്ങനെയോ മുറിഞ്ഞു. നല്ല വേദനയുടെ ആരംഭം അതായിരുന്നു. പക്ഷേ അത് ജീവിതകാലം മുഴുവന്‍ നിലനില്ക്കുന്ന വേദനയുടെ ആരംഭമാണെന്ന് അജിക്കറിയില്ലായിരുന്നു.

മൂന്ന് മാസം കഴിഞ്ഞിട്ടും വേദന മാറാതിരുന്നപ്പോള്‍ ഫത്മാവതി ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്തി. അവിടെ നിന്ന് മറ്റൊരു ഹോസ്പിറ്റലിലേക്ക്.. അവിടെവച്ചാണ് അജിയെ ഞടുക്കിക്കൊണ്ട് രോഗവിവരം പുറത്തറിഞ്ഞത്. അജിക്ക് ബോണ്‍ കാന്‍സറാണ്.

2012 ല്‍ ആയിരുന്നു അജിയുടെ രോഗയാത്ര ആരംഭിച്ചത്. ഇന്ന് അജിക്ക് പതിനാറ് വയസുണ്ട് . കീമോതെറാപ്പി പലതവണ കഴിഞ്ഞു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം കാല്‍ മുറിച്ചുനീക്കേണ്ടതായി വന്നു. അതോടെ അജിക്ക് ലോകത്തോട് മുഴുവന്‍ പകയായി.. മനസ്സ് തകര്‍ന്നു. അജിയെ ഒടുവില്‍ നോര്‍മ്മല്‍ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ലവ് യുവര്‍ നെയിബര്‍ ചാരിറ്റി സര്‍വീസ് ഫൗണ്ടേഷനിലെ സന്നദ്ധപ്രവര്‍ത്തകരാണ്.

ദരിദ്രകുടുംബങ്ങളിലെ കാന്‍സര്‍ രോഗികളെ സഹായിക്കുന്നത് സ്വന്തം കര്‍ത്തവ്യമായി തിരിച്ചറിഞ്ഞിരിക്കുന്നവരാണ് ഇവര്‍. പതുക്കെ പതുക്കെ അജി യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെവന്നു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി അവന് ലഭിച്ചു.

ലവ് യുവര്‍ നെയിംബര്‍ എന്ന ഫൗണ്ടേഷന്‍ 2004 ലാണ് ആരംഭിച്ചത്. ലിവര്‍ കാന്‍സര്‍ ബാധിതനായ ജെയിംസ് ബെഞ്ചമിന്‍ എന്ന കത്തോലിക്കനായിരുന്നു ഇത് സ്ഥാപിച്ചത്. 1997 ല്‍ ആയിരുന്നു അദ്ദേഹം രോഗബാധിതനായത്. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍..ഈ സുവിശേഷവാക്യമാണ് ജെയിംസിനെ ഇത്തരമൊരു ഫൗണ്ടേഷന്റെ സ്ഥാപനത്തിന് പ്രേരിപ്പിച്ചത്.

രണ്ട് ക്ലീനിക്കുകള്‍ ഫൗണ്ടേഷന്റെ കീഴില്‍ അദ്ദേഹം സ്ഥാപിച്ചു. രണ്ടും കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്കുന്നതിനായി… ദിവസവും നൂറുകണക്കിന് കാന്‍സര്‍ രോഗികള്‍ ഇവിടെയെത്തുന്നു,. അധികവും മുസ്ലീങ്ങളാണ്. മൂന്നു ഡോക്ടേഴ്‌സ് സേവനം ചെയ്യുന്നു.

കാന്‍സറാണെന്ന് തിരിച്ചറിയുമ്പോള്‍ പലരും മാനസികമായി തളര്‍ന്നുപോകുന്നു. അവര്‍ക്ക് ധൈര്യം കൊടുക്കുകയാണ് പ്രധാനമായും ഇവിടെ ചെയ്യുന്നത്. 2004 ല്‍ രോഗബാധിതയായ സിറ്റി ഒരു ദശാബ്ദത്തിന് ശേഷവും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെങ്കില്‍ അതിന് കാരണം ഈ ഫൗണ്ടേഷനാണ്..അജിയെ പോലെ, സിറ്റിയെപോലെ കാന്‍സറിനെ അതിജീവിച്ച പലരും ഇന്ന് ഇവിടെയുണ്ട്.

കാന്‍സറിനെ പ്രതിരോധിച്ച ഒരാള്‍ മറ്റൊരു കാന്‍സര്‍ രോഗബാധിതനെ സഹായിക്കണം..സേവിക്കണം..ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. ഇതാണ് ഇവിടുത്തെ നയം.

കളിക്കാന്‍ കാലുകളില്ലെങ്കിലും ചെറിയ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ കളിയില്‍ പരിശീലനം നല്കിവരുകയാണ് അജി.

“ഞാന്‍ കാന്‍സറിനെതിരെ പോരാടും..ഞാന്‍ അതിനെ ഭയക്കുകയില്ല.”.ഇതാണ് അജിയുടെ പ്രഖ്യാപനം..

You must be logged in to post a comment Login