കാന്‍സറിനെതിരെ സിസ്റ്റൈന്‍ ചാപ്പല്‍ ‘റോക്ക്’ ചെയ്തു!

കാന്‍സറിനെതിരെ സിസ്റ്റൈന്‍ ചാപ്പല്‍ ‘റോക്ക്’ ചെയ്തു!

മൈക്കലാഞ്ചലോയുടെ ലോകോത്തര പെയിന്റിംഗുകളാല്‍ അലംകൃതമായ സിസ്‌റ്റൈന്‍ ചാപ്പല്‍ ഇതിനു മുമ്പിങ്ങനെ ‘റോക്ക്’ ചെയ്തിട്ടില്ല. ചരിത്രത്തിലാദ്യമായി ഈ ലോകപ്രശ്ത ചാപ്പല്‍ റോക്ക് സംഗീതത്തിന് വേദിയായി. ശ്രോതാക്കളോ, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കുള്ള മരുന്ന് സംബന്ധിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ 200 ഓളം ഡോക്ടര്‍മാരും.

അയര്‍ലണ്ടിലെ പ്രമുഖ റോക്ക് ബാന്‍ഡായ യു2 ആണ് സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയത്. ബാന്‍ഡിന്റെ ലീഡ് ഗിത്താറിസ്റ്റ് എഡ്ജ് എന്നറിയപ്പെടുന്ന ഡേവിഡ് ഇവാന്‍സ് തന്റെ ട്രേഡ്മാര്‍ക്കായി കറുത്ത തൊപ്പിയണിഞ്ഞാണ് വേദിയിലെത്തിയത്. ഇഫ് ഇറ്റ് ബി യുവര്‍ വില്‍…, യാഹ്വേ…വാക്ക് ഓണ്‍…തുടങ്ങിയ ഗാനങ്ങള്‍ ചാപ്പലിനെ ത്രസിപ്പിച്ചു.

ജീവിതത്തില്‍ കാന്‍സറിന്റെ കയ്പു അനുഭവിക്കേണ്ടി വന്നയാളാണ് എഡ്ജ്. അദ്ദേഹത്തിന്റെ പിതാവ് മരിച്ചത് കാന്‍സര്‍ മൂലമാണ്. മകളാകട്ടെ ചെറുപ്രായത്തില്‍ കാന്‍സറിനോട് പൊരുതിവന്നവളും!

എഡ്ജിനോടൊപ്പം പാടാന്‍ കൗമാരക്കാരായ ഏഴ് ഐറിഷുകാരും എത്തിയിരുന്നു. ‘ലോകത്തിലെ ഏറ്റവും മനോഹരമായ ഈ പാരിഷ് ഹാളില്‍ പാടാന്‍ തന്ന അവസരത്തിന് എഡ്ജ് ഫ്രാന്‍സിസ് പാപ്പായ്ക്കും വത്തിക്കാന്‍ അധികാരികള്‍ക്കും നന്ദി പറഞ്ഞു.

‘വാക്ക് ഓണ്‍’ എന്ന ഗാനം അദ്ദേഹം സമര്‍പ്പിച്ചത് ജനങ്ങളുടെ പാപ്പായായ ഫ്രാന്‍സിസ് പാപ്പായ്ക്കാണ്. ‘വിസ്മയകരമായ കാര്യങ്ങളാണ് പാപ്പാ ചെയ്യുന്നത്. അതു ദീര്‍ഘകാലം തുടരട്ടെ!’ എഡ്ജ് ആശംസിച്ചു.

 

ഫ്രേസര്‍

You must be logged in to post a comment Login