കാന്‍സറിനെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ വത്തിക്കാനിലെത്തി; പാപ്പയെ കാണാന്‍!

കാന്‍സറിനെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ വത്തിക്കാനിലെത്തി; പാപ്പയെ കാണാന്‍!

ഹൃദയമലിയിക്കുന്നതായിരുന്നു, ആ കാഴ്ച. അര്‍ബുദത്തിന്റെ നാലാം ഘട്ടത്തിലൂടെ കടന്നു പോകുന്ന ഒരുവള്‍. ചെറില്‍ ടോബിന്‍. കീമോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്ന, ഇരു തുടകളിലെയും പേശികള്‍ നല്ലൊരു ഭാഗം മുറിച്ചു മാറ്റപ്പെട്ടവള്‍. അവള്‍ രോഗത്തെ മറന്ന് ആവശത്തോടെ റോമിലേക്ക് യാത്ര ചെയ്തു, തന്റെ നാടായ അമേരിക്കയിലെ ടെന്നിസിയില്‍ നിന്ന്. മാര്‍പാപ്പയെ കണ്ട് അനുഗ്രഹം വാങ്ങണം. കത്തോലിക്കാ വിശ്വാസം ഒന്നു മാത്രമാണ് അവള്‍ക്കതിന് ശക്തി പകര്‍ന്നത്.

200 മാര്‍ബിള്‍ സ്‌റ്റെയര്‍ കേസുകള്‍ പ്രയാസപ്പെട്ടു കയറി, പ്ലാസ്റ്റിക്ക് കസേരയില്‍ കയറി നിന്ന് ചെറി കൈവീശി. അജയ്യമായ വിശ്വാസത്തിന്റെ പ്രകടനം പോലെ! അവളുടെ കൈ പാപ്പയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു, ലക്ഷ്യം. ‘ഞങ്ങള്‍ ജനക്കൂട്ടത്തില്‍ വളരെ പിന്നിലായിരുന്നു’ ചെറിയുടെ ഭര്‍ത്താവ് ജിം ടോബിന്‍ പറഞ്ഞു. ജിം തന്നെയാണ് ചെറിയോട് പറഞ്ഞത് കസേരയില്‍ എഴുന്നേറ്റ് നിന്ന് കൈ വീശാന്‍. അത് കണ്ട് എല്ലാവരും അവരെ ശ്രദ്ധിച്ചു. ഗാര്‍ഡുകളും അത് ശ്രദ്ധിച്ചു. ബാരിക്കേഡിന് പിന്നിലൂടെ വന്നാല്‍ പാപ്പായെ കാണാം എന്നവര്‍ സൂചന നല്‍കി.

പൊടുന്നനെ ജനക്കൂട്ടത്തില്‍ നിന്ന് ആരവം ഉയര്‍ന്നു. പാപ്പാ തന്റെ കരം പിടിച്ച് തന്നെ അനുഗ്രഹിച്ചുവെന്ന് ചെറില്‍ പറഞ്ഞു. പാപ്പാ തന്റെ രൂപം അതിന്റെ ശരിക്കുള്ള അവസ്ഥയില്‍ കാണട്ടെ എന്നു കരുതി ചെറില്‍ തന്റെ വിഗ് എടുത്തു മാറ്റിയിട്ടാണ് പോയത്.

പാപ്പാ കരുണനിറഞ്ഞ സ്‌നേഹത്തോടെ അവളെ ആശ്ലേഷിച്ചു. അന്നേരം താന്‍ പൊട്ടിക്കരഞ്ഞു പോയെന്ന് ചെറില്‍.

കീമോ തെറാപ്പിയുടെ ക്ഷീണം മൂലം യാത്രയിലുട നീളം ചെറിലിന് വീല്‍ ചെയര്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ബസിലിക്കിയുടെ താഴികക്കുടത്തിലേക്കുള്ള വഴിയില്‍ നടന്നു കയറുകയല്ലാതെ വേറെ മാര്‍മില്ലായിരുന്നു. ചെറില്‍ നടന്നു കയറി, 200 മാര്‍ബിള്‍ പടവുകള്‍!

കൂടെ കയറി കൊണ്ടിരുന്നവര്‍ കയറ്റത്തെ കുറിച്ച് പരാതി പറഞ്ഞു കൊണ്ട് നടക്കുമ്പോളാണ് ചെറിലിനെ കണ്ണില്‍ പെട്ടത്. അതോടെ അവരുടെ പരാതികള്‍ നിലച്ചു.

ടെന്നിസിയിലെ ക്ലാര്‍ക്ക്‌സ്വില്ലെ കാരിയായ ചെറില്‍ 2010 ലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. അന്ന് മുതലുള്ള സ്വപ്‌നമായിരുന്നു, റോമിലെത്തി സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സന്ദര്‍ശിക്കുക എന്നത്. 2013 ല്‍ ചെറിലിന് കാന്‍സര്‍ ഉള്ളതായി സ്ഥിരീകരിച്ചു. അന്ന് അവള്‍ക്ക് പ്രായം 45.

ഇനി ഏറെ നാള്‍ ഈ ഭൂമിയിലില്ല എന്നറിയാവുന്ന ചെറില്‍ പറയുന്നു: ‘എനിക്ക് ആശ്വാസമായി. എന്തു സംഭവിച്ചാലും എനിക്കിനി പരാതിയില്ല. ഒരു പേടിയുമില്ല. ഒരര്‍ത്ഥത്തില്‍ ഇതാണ് എന്റെ വഴിയുടെ അന്ത്യം.’

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login