കാമുകനൊപ്പം ഒളിച്ചോടി, കഴുത്തില്‍ കയര്‍ കെട്ടി പള്ളിയിലെത്തി- ഇത് മാര്‍ഗററ്റിന്റെ ജീവിതം

കാമുകനൊപ്പം ഒളിച്ചോടി, കഴുത്തില്‍ കയര്‍ കെട്ടി പള്ളിയിലെത്തി- ഇത് മാര്‍ഗററ്റിന്റെ ജീവിതം

ഇറ്റലിയിലെ ട്യൂസ്‌കനിയില്‍ 1247 ലാണ് മാര്‍ഗരറ്റ് ജനിച്ചത്. ചെറുകിട കര്‍ഷകനായിരുന്നു പിതാവ്. ഏഴാം വയസില്‍ അവള്‍ക്ക് അമ്മയെ നഷ്ടമായി. പിതാവ് രണ്ടാമത് വിവാഹം കഴിച്ചു. അതോടെ മാര്‍ഗരറ്റിന്റെ ജീവിതം ദുസ്സഹമായി.

വീടിന് ആവശ്യമില്ലാത്തവളായ അവള്‍ ഒരു യുവാവിനൊപ്പം നാട്ടില്‍ നിന്ന് ഒളിച്ചോടി. അവള്‍ക്കൊരു മകനും ജനിച്ചു. ഒമ്പതുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് മരണമടഞ്ഞു. അനാഥയായ മാര്‍ഗരറ്റും മകനും സ്വഭവനത്തിലേക്ക് മടങ്ങി. പശ്ചാത്തപവും കുറ്റബോധവും അവളെ മഥിച്ചു. എന്നാല്‍ പിതൃഭവനം അവളെ സ്വീകരിച്ചില്ല.

വീണ്ടും വീടിന് വെളിയിലേക്ക്.. കോര്‍ടോണയിലെ ഒരാശ്രമം മാര്‍ഗരറ്റിനും കുഞ്ഞിനും അഭയം നല്കി. ശരീരത്തിന്റെ ആസക്തികള്‍ അവളെ അപ്പോഴും മഥിച്ചുകൊണ്ടിരുന്നു. അതില്‍ നിന്ന് മുക്തയാകാന്‍ മാര്‍ഗരറ്റ് ആവതും ശ്രമിച്ചു.

പ്രാര്‍ത്ഥനയില്‍ അവള്‍ ആശ്രയം കണ്ടെത്തി. ഒരു ഞായറാഴ്ച കഴുത്തില്‍ ഒരു കയര്‍ കെട്ടി മാര്‍ഗരറ്റ പള്ളിയിലെത്തി. കുര്‍ബാനയ്ക്കിടയില്‍ ചെയ്തുപോയ എല്ലാ തെറ്റുകള്‍ക്കും അവള്‍ ദൈവത്തോട് മാപ്പ് ചോദിച്ചു. തന്റെ മുഖം വികലമാക്കാന്‍ മാര്‍ഗരറ്റ് ശ്രമിച്ചു. എന്നാല്‍ ആശ്രമാധികാരി ഗ്വിന്റായുടെ ഇടപെടല്‍ അത് വിഫലമാക്കി.

രോഗികളെയും ദരിദ്രരെയും പ്രതിഫലമൊന്നുംകൂടാതെ മാര്‍ഗരറ്റ് പരിചരിക്കാന്‍ ആരംഭിച്ചു. ഭിക്ഷയാചിച്ചാണ് അവള്‍ ജീവിച്ചിരുന്നത്. വൈകാതെ വിശുദ്ധ ഫ്രാന്‍സീസിന്റെ മൂന്നാം സഭയില്‍ മാര്‍ഗരറ്റ് അംഗമായി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മകനും ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ അംഗമായി.

മാര്‍ഗരറ്റ് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. തുടര്‍ച്ചയായ ആത്മീയാനുഭൂതികളില്‍ മുഴുകുന്നവളായിരുന്നു മാര്‍ഗരറ്റ്. മറ്റുള്ളവരെ സഹായിക്കുകയും സേവിക്കുകയും ചെയ്യുന്ന പുതിയൊരു ശുശ്രൂഷയ്ക്ക് മാര്‍ഗരറ്റ് തുടക്കമിട്ടു. പലരും അവളെ സഹായിക്കുവാനായി മുമ്പോട്ടുവന്നു. പൂവര്‍ വണ്‍സ്’ എന്ന പേരിലുള്ള ഒരു സഭയായി അത് അറിയപ്പെട്ടു. ദിവ്യകാരുണ്യത്തോടും ഈശോയുടെ പീഡാസഹനങ്ങളോടും മാര്‍ഗരറ്റിന് അസാധാരണമായ ഭക്തിയായിരുന്നു.

തന്റെ മരണദിനം, സമയം എന്നിവയെക്കുറിച്ച് ദൈവം അവള്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തിരുന്നു. 1297 ഫെബ്രുവരി 22 നായിരുന്നു മരണം. 29 വര്‍ഷത്തെ നീണ്ടുനിന്ന ധ്യാനത്തിന്റെയും പരിത്യാഗപ്രവൃത്തികളുടെയും അന്ത്യമായിരുന്നു അത്.

1728 ല്‍ സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫെബ്രുവരി 22 ന് തിരുനാള്‍. കോര്‍ട്ടോണയിലെ വിശുദ്ധ മാര്‍ഗററ്റ് എന്നാണ് ഈ വിശുദ്ധ അറിയപ്പെടുന്നത്.
ബി

You must be logged in to post a comment Login