കാരുണ്യം ഒരു ഓര്‍മ്മപ്പെടുത്തലാണ്…

കാരുണ്യം ഒരു ഓര്‍മ്മപ്പെടുത്തലാണ്…

കരുണയെ വിസ്മരിക്കരുത് എന്നൊരു ഓര്‍മ്മപ്പെടുത്തലുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേതാണത്. അതിനെ ഇങ്ങനെയും വ്യാഖ്യാനിക്കാമെന്ന് തോന്നുന്നു.

ലഭിച്ച നന്മകള്‍, വാഴ്ത്തിക്കിട്ടിയ അനുഗ്രഹങ്ങള്‍ എല്ലാം നമ്മുടെ കണ്‍മുമ്പിലുണ്ട്. ഒന്ന് ധ്യാനപൂര്‍വ്വം കണ്ണടച്ചാല്‍ ഒന്നൊന്നായി അവ നമ്മുടെ ഓര്‍മ്മയിലേക്ക് കടന്നുവരും. അത്രമാത്രം അരികിലുള്ളവയാണവ.

ഒരു ദിവസത്തില്‍ പോലും നാം ഏതൊക്കെ വിധത്തിലാണ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന വിധത്തിലോ നാം എത്താന്‍ കൊതിക്കുന്ന വിധത്തിലോ ആയിരിക്കണമെന്നില്ല അത്.

പക്ഷേ അനുഗ്രഹിക്കപ്പെടുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഇതിനെ നാം എത്രമാത്രം അയവിറക്കുന്നുണ്ട്.. ഒരു ദിവസം കിടക്കാന്‍ പോകുന്നതിന് മുമ്പ്.. വേണ്ട ആഴ്ചയില്‍ ഒരിക്കെലെങ്കിലും.. അതും വേണ്ട ഒരു മാസം തീരുമ്പോഴോ അതുമല്ലെങ്കില്‍ വര്‍ഷാന്ത്യത്തിലോ..

ഇല്ല അത്തരം കണക്കെടുപ്പുകള്‍…. ഒന്നും ഭൂരിപക്ഷവും നടത്താറില്ല.

ദൈവകാരുണ്യത്തെ വിസ്മരിച്ചുപോകുന്നതാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും ഒരു പാപം. ദൈവത്തിന്റെ കാരുണ്യം ഈ ഭൂമിയെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. വായുവിന്റെ സാന്നിധ്യം തിരിച്ചറിയാതെ പോകുന്നതുപോലെ നാം ആഞ്ഞുവലിച്ചിട്ടും അത് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകാവുന്ന ഒരു വെപ്രാളമുണ്ടല്ലോ അതുപോലെ യാണ് ദൈവകാരുണ്യംപിന്‍വലിക്കപ്പെടുമ്പോള്‍ മാത്രം നാം അതേക്കുറിച്ച് ബോധവാന്മാരാകുന്നുവെന്നേയുള്ളൂ.

ബൈബിളിലെ പത്തുകുഷ്ഠരോഗികളുടെ സംഭവം തന്നെ നോക്കൂ. സൗഖ്യപ്പെട്ടത് പത്തുപേരായിരുന്നു.പക്ഷേ തിരികെ വരാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളോടാണ് ക്രിസ്തു ചോദിക്കുന്നത് ബാക്കി ഒമ്പതുപേരെവിടെ എന്ന്.

ദൈവകരുണയെ വിസ്മരിച്ചുനടന്നുപോയ ഒമ്പതുപേര്‍. ഇന്നലെ വരെ എന്തായിരുന്നുവോ അതില്‍ നിന്ന് ഭേദപ്പെട്ട ഒരവസ്ഥയിലേക്കുള്ള തെളിച്ചം കിട്ടിയിട്ടും പെട്ടെന്നൊരു നിമിഷംകൊണ്ട് അവര്‍ നടന്നുവന്ന വഴികള്‍ മറന്നുപോയി. ഇതാണ് ഭൂരിപക്ഷവും.

തിരികെ വന്ന് നന്ദിപറയാന്‍മാത്രം മനസ്സിന് വെളിച്ചം കിട്ടിയവര്‍ കുറഞ്ഞുവരുന്നുണ്ട് എക്കാലവും. നമ്മുടെ സ്ഥാനം പലപ്പോഴും ആ ഒമ്പതുപേരുടെ കൂട്ടത്തിലാണ്. എത്രയേറെ നന്മകള്‍ കിട്ടിയിട്ടുളളവരാണ് നമ്മള്‍.എന്നിട്ടും..

കൃതഘ്‌നതയാണ് ഈ കാലത്തിന്റെ ഒരു പാപം. പത്തുപേരടങ്ങുന്ന സംഘത്തിലെ ഒമ്പതുപേരാകാനല്ല അതിലെ ഒരാളാകാനുള്ള യോഗ്യതയും അതിനുള്ള മനസ്സുമാണ് നാം നേടിയെടുക്കേണ്ടത്. കൃതജ്ഞതയെക്കാള്‍ കൃതഘ്‌നത വര്‍ദ്ധിച്ചുവരുന്നകാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാണ നമുക്കുചുറ്റും ഒരുപാട് കാരുണ്യകേന്ദ്രങ്ങള്‍ പെരുകുന്നതും. പാപം വര്‍ദ്ധിച്ചിടത്ത് അതിലേറെ കൃപ വര്‍ഷിക്കപ്പെടുന്നു എന്ന് പറഞ്ഞതുപോലെയാണത്. വൃദ്ധസദനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് മക്കള്‍ നന്ദികെട്ടവരായി മാറുന്നതുകൊണ്ടുകൂടിയാണ്.

വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ കാട്ടിയ കാരുണ്യത്തെ, പറക്കാ ന്‍ തുടങ്ങിക്കഴിയുമ്പോള്‍ നാം വിസ്മരിച്ചുപോകുന്നു. രാവന്തിയോളം വീടിനുള്ളില്‍ പണിതുനടക്കുന്ന ഭാര്യയെ ഭര്‍ത്താവ് കരുണയോടെ വേണം കാണാന്‍. കുടുംബത്തിന്റെ ഭാരങ്ങള്‍ സ്വയം വഹിച്ചും പ്രയാസങ്ങളെ സ്വയംഒതുക്കിയും ജീവിക്കുന്ന ഭര്‍ത്താക്കന്മാരെ കരുണയോടെ വേണം ഭാര്യമാര്‍ വീക്ഷിക്കാന്‍. പരസ്പരം കൃതജ്ഞത സൂക്ഷിക്കേണ്ടവര്‍ തന്നെ ഇവര്‍.

ദൈവത്തോടുള്ള നന്ദി വിസ്മരിക്കുന്നതുകൊണ്ടാണ് മനുഷ്യരോടും നാം നന്ദികെട്ടവരായി മാറുന്നത്. അല്ലെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ.. മനസ്സില്‍ തട്ടി നാം ഒരാളോട് നന്ദി എന്ന് പറഞ്ഞിട്ട് എത്രകാലമായി. വെറുതെ ഔ പചാരികമായിനാം താങ്ക്‌സ് പറയുന്നുണ്ടാവാം. പക്ഷേ അത്‌ കേള്‍ക്കുന്നവര്‍ക്കോ പറയുന്നവര്‍ക്കോ അനുഭവമായി മാറാറില്ല പലപ്പോഴും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും, ഒരാളെങ്കിലും നിനക്ക് നല്കിയ കാരുണ്യത്തെ, അവര്‍ നീട്ടിയ കരുണയുടെ കൈകളെ നീ മറന്നുപോകരുത്.. കാരുണ്യത്തിന്റെ വഴികളും മാനങ്ങളും വൈവിധ്യമാര്‍ന്നതാണ്. ജീവകാരുണ്യമെന്നോ പരസ്‌നേഹപ്രവൃത്തിയെന്നോ ചാരിറ്റിയെന്നോ മാത്രമായി അതിനെ പരിമിതപ്പെടുത്തരുത്.

സൗഹൃദം ഒരു കരുണയാണ്.ഏതുവഴിയിലും വിളക്കുവച്ച് വായിക്കേണ്ട സുകൃത നിമിഷങ്ങളാണത്. നീ അവയെ തൂത്തുമിനുക്കിയെടുക്കുക… ജീവിതത്തില്‍ അര്‍ഹിക്കാതെ നിനക്ക് കിട്ടിയിട്ടുള്ള മറ്റുള്ളവരുടെ സ്‌നേഹം കരുണയാണ്. നീയതിനെ പീഠത്തില്‍ പ്രതിഷ്ഠിക്കുക. കൈനീട്ടുമ്പോഴൊക്കെ പിറുപിറുക്കാതെ ഒരാള്‍ നിനക്ക്മുമ്പില്‍ വച്ചുവിളമ്പുന്നുണ്ടെങ്കില്‍ അത് അയാളുടെ സന്മനസ്സാണ്. അത് ജീവിതകാലം മുഴുവന്‍ നിന്നെ വിനീതനാക്കാനുളള മാര്‍ഗ്ഗമാണ്.

ദൈവത്തിന്റെ കരുണയെ വിസ്മരിച്ചുപോയവര്‍ക്ക് തിരികെ വരാനുള്ള അവസരം കൂടിയാണ് കരുണയുടെവര്‍ഷം. ദൈവത്തിനും മനുഷ്യനും നേരെ തിരികെ നടക്കാനുള്ള അവസരം. പിഞ്ഞിപ്പോയ ബന്ധങ്ങളെ ഇഴകൂട്ടി നെയ്‌തെടുക്കാനുള്ള അവസരം കൂടിയാണിത്.
പിണങ്ങിപ്പോയിട്ടുണ്ടാവാം..നന്ദികേടുകാട്ടിയിട്ടുണ്ടാവാം.. ഉപകാരങ്ങള്‍ വിസ്മരിച്ചുപോയിട്ടുണ്ടാവാം.. പക്ഷേ ഇനി നമുക്കത് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാം.

ദൈവമേ നീയെനിക്ക് വാഴ്ത്തിതന്ന നന്മകളെ ഞാന്‍ പലപ്പോഴും  വിസ്മരിച്ചുപോയിട്ടുണ്ട്..അയവിറക്കാതെപോയിട്ടുണ്ട്.. ഇപ്പോള്‍ നിന്റെ കാരുണത്തെ ഞാന്‍ ഓര്‍മ്മിക്കുന്നു. അതെന്റെ മിഴികളെ നനയ്ക്കുന്നു. ഹൃദയത്തെ തരളിതമാക്കുന്നു. നീ എന്റെമേല്‍ ഒഴുക്കിയ കാരുണ്യത്തിന്റെ പേമാരിയെ മറന്നുപോയ നിമിഷങ്ങളെയോര്‍ത്ത് നീയെന്നോട് ക്ഷമിക്കുക.. നിന്റെ കാരുണ്യത്തിന്റെ മഴയിലേക്ക് ഇനിയും എന്നെ നീക്കിനിര്‍ത്തുക.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login