കാരുണ്യ വര്‍ഷ ധ്യാനം: സംവിധാനം ഫാ. കാപ്പിസ്റ്റന്‍ ലോപ്പസ്

കാരുണ്യ വര്‍ഷ ധ്യാനം: സംവിധാനം ഫാ. കാപ്പിസ്റ്റന്‍ ലോപ്പസ്

എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ പ്രശസ്ത തിരുഹൃദയ തീര്‍ത്ഥാടന കേന്ദ്രമായ മാനാട്ടുപറമ്പിലെ പള്ളിയങ്കണത്തിലേക്ക് നോമ്പുകാലധ്യാനം കൂടാനെത്തിയവര്‍ വിസ്മയഭരിതരായി. ഒരു സൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെന്ന വണ്ണം മനോഹരമായി പ്രകാശത്തെയും ശബ്ദത്തെയും ക്രമീകരിച്ച വേദിയില്‍ വെളിച്ചം പുതിയ ലോകങ്ങള്‍ സൃഷ്ടിക്കുന്നു! നടുവില്‍ ആത്മാവിനെ കൊളുത്തി വലിക്കുന്ന ചലച്ചിത്ര ക്ലിപ്പിംഗുകള്‍ സ്വന്തം ജീവിതചിത്രങ്ങള്‍ വരച്ചു കാട്ടുന്നു. മദുസൂദനന്‍ നായരുടെയും വയലാറിന്റെയും മുരുകന്‍ കാട്ടാക്കടയുടെയും ഹൃദയാവര്‍ജകങ്ങളായ കവിതകള്‍ ജീവിതത്തിന്റെ സാരാംശം പാടുന്നു…ആധുനിക മനുഷ്യന്‍ സഞ്ചരിക്കുന്ന വഴികളില്‍, നമ്മുടെ ഡിജിറ്റല്‍ യുഗത്തിന്റെ ഭാഷയില്‍ സുവിശേഷപ്രഘോഷണത്തിന്റെ വേറിട്ട മുഖം അനുഭവിച്ച് ചിലര്‍ വിസ്മയിച്ചു. ഒരു തീയറ്ററില്‍ ഇരിക്കുന്ന പ്രതീതിയാണെങ്കിലും കൊള്ളേണ്ടത് അതിശക്തമായി ഓരോരുത്തരുടെയും ആത്മാവില്‍ കൊള്ളുന്നുണ്ട്. ചിലര്‍ സ്വന്തം ജീവിതമോര്‍ത്ത് വിതുമ്പുന്നുണ്ട്. വചനം വാക്കായി മാത്രമല്ല, ദൃശ്യമായും, കവിതയായും സംഗീതമായും പ്രകാശമായുമൊക്കെ വിരിയുന്ന അത്യപൂര്‍വ കാഴ്ചയ്ക്കാണ് മാനാട്ടു പറമ്പിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്….

മനുഷ്യമനസ്സിനെ തൊടാന്‍ വിഷ്വലുകള്‍ക്കുള്ള ശക്തി വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ളയാളാണ് പെരുമാള്‍പ്പടി സെന്റ് സെബാസ്റ്റിന്‍സ് പള്ളി വികാരിയും വരാപ്പുഴ അതിരൂപതയുടെ കലാകേന്ദ്രമായ സിഎസിയുടെ മുന്‍ ഡയറക്ടറുമായ ഫാ. കാപ്പിസ്റ്റന്‍ ലോപ്പസ്. ഈ വിഷ്വലുകളില്‍ സിനിമകളും ഷോര്‍ട്ട്ഫിലിമുകളും നാടകങ്ങളുമെല്ലാം പെടും. ഒന്നോര്‍ത്തു നോക്കൂ, സിനിമകള്‍ കണ്ട് കരഞ്ഞിട്ടുള്ളത്രയും നാം ഏത്ര പ്രസംഗങ്ങള്‍ കേട്ട് കരഞ്ഞിട്ടുണ്ട്. പാട്ടുകള്‍ കേട്ട് വികാരതരളിതരായിട്ടുള്ളത്രയും നാം എത്ര പ്രഭാഷണങ്ങള്‍ കേട്ട് വികാരം കൊണ്ടിട്ടുണ്ട്? പുരാതനകാലത്ത് കലയുടെ കളിത്തൊട്ടിലായിരുന്ന ഗ്രീസിലെ ജനങ്ങള്‍ ഇക്കാര്യം നന്നായി മനസ്സിലാക്കിയിരുന്നു. കഥാര്‍സിസ് എന്ന പ്രക്രിയയിലൂടെ ആത്മശുദ്ധീകരണം സാധ്യമാണെന്ന് ചിന്തകനായ അരിസ്റ്റോട്ടില്‍ സമര്‍ത്ഥിച്ചത് അനിഷ്യേധ്യമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.

നൂറു പ്രഭാഷണങ്ങളേക്കാള്‍ ശക്തമാണ് ചില സിനിമയിലെയോ ഹ്രസ്വചിത്രത്തിലെയോ രംഗങ്ങള്‍. ചിലപ്പോള്‍ ഒരു ദശാസന്ധിയില്‍ നില്‍ക്കുന്ന നമ്മുടെ ജീവിതം തന്നെ അതു മാറ്റിമറിക്കുന്നു. ജീവിതത്തില്‍ പ്രകാശം നിറയ്ക്കുന്നു. താന്‍ കടന്നു പോകുന്ന അനുഭവങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ നടക്കുന്ന ഒരു താദാത്മ്യം സ്വന്തം ജീവിതത്തിലേക്ക് നോക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നു. പുതിയ ഊര്‍ജത്തോടെ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

മനുഷ്യജീവിതത്തിന്റെ മികച്ച പുനരാവ്ഷ്‌കാരങ്ങളായ കഥാചിത്രങ്ങള്‍ക്ക് മനുഷ്യനെ ആഴത്തില്‍ സ്പര്‍ശിക്കാനും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാനും കഴിയും എന്നുള്ള വിശ്വാസത്തില്‍ നിന്ന് ഫാ. കാപ്പിസ്റ്റനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം കൊടുത്ത തികച്ചും പുതുമയാര്‍ന്ന നോമ്പുകാല ധ്യാനം പങ്കെടുക്കുന്നവരുടെ ജീവിതങ്ങളില്‍ ഉത്തേജനവും പ്രസാദാത്മകമായി ജീവിക്കാനുള്ള പ്രചോദനവും ആകുന്നു.

ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും സുപരിചിതമായ വാക്കുകളില്‍ നിന്നാണ് കാപ്പിസ്റ്റന്‍ അച്ചന്‍ തന്റെ ധ്യാനവിഷയങ്ങള്‍ രൂപം കൊടുത്തിരിക്കുന്നത്. സെല്‍ഫീ (selfie) , അസീ (usie) , യൂ സീ (you see), വൈ ഫൈ (wi fi). അതു കൊണ്ടു തന്നെ പുതിയ തലമുറയോട് നേരിട്ട് സംവദിക്കുന്നുണ്ട് വിഷ്വലുകളും ഹ്രസ്വചിത്രങ്ങളും, കവിതകളും, ചലച്ചിത്ര ക്ലിപ്പിംഗുകളും ലൈവ് ഡെമോണ്‍സ്‌ട്രേഷനുകളും അതിവിദഗ്ദമായി കോര്‍ത്തിണക്കിയ ഈ ധ്യാനരീതി.

ധ്യാന വേദി തന്നെ വ്യത്യസ്ഥമാണ്. ഒരു വിശാലമായ സ്റ്റേജിന്റെ മാതൃകയിലാണത്. മധ്യത്തില്‍ വലിയൊരു സ്‌ക്രീന്‍. ഇരുവശങ്ങളിലുമായി രണ്ടു പീഠങ്ങള്‍. ഒരു പീഠത്തില്‍ ധ്യാനവിചിന്തനങ്ങളുമായി ഫാ. കാപ്പിസ്റ്റന്‍. മറു പീഠത്തില്‍ സന്ദര്‍ഭോചിതമായ കവിതകളും ഗാനങ്ങളും പാടി കാപ്പിസ്റ്റനച്ചന്റെ സന്തത സഹചാരി ഫാ. ബിനു പണ്ടാരപ്പറമ്പില്‍. കൃത്യതയാര്‍ന്ന ലൈറ്റിംഗ് അനുഭവത്തെ സാന്ദ്രമാക്കുന്നു. ഒരാള്‍ സംസാരിക്കുമ്പോള്‍ ആ സ്ഥലം മാത്രം ലൈറ്റ് അപ്പ് ചെയ്യപ്പെടുമ്പോള്‍ വേദി ധ്യാനമോഹനമാകുന്നു.

fr binuഫ്രാന്‍സിസ് പാപ്പാ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ച നേരത്ത് നല്‍കിയ പാഠമാണ് ഈ ധ്യാനം വിഭാവനം ചെയ്യാന്‍ അച്ചന് പ്രചോദനം. മൂന്നു പേരോട് നാം കരുണ കാണിക്കണം. നമ്മോടു തന്നെ, അപരനോട്, പിന്നെ പ്രകൃതിയോടും.

ആദ്യദിനം സെല്‍ഫി എന്ന പേരിട്ടിരിക്കുന്ന വിഷയത്തോടെ ആരംഭം. സെല്‍ഫി എന്ന ചിന്തയെ അച്ചന്‍ വ്യാഖ്യാനിക്കുന്നത് ഇങ്ങനെ: ഏറെ യാത്രകള്‍ നടത്തുന്നവരാണ് നാം. പലപ്പോഴും ഈ യാത്രകളില്‍ മറ്റുള്ളവരെ കുറിച്ചാണ് നാം സംസാരിക്കുക. മറ്റുള്ളവരെയാണ് നാം കാണുക. ഇല്ലാക്കഥകളും ഗൊസ്സിപ്പുകളുമാവും സംസാരവിഷയം. എന്നാല്‍ സെല്‍ഫി എന്ന ഈ യാത്രകളില്‍ നാം ഉള്ളിലേക്ക് സഞ്ചരിക്കുകയാണ്, നാം സ്വയം കാണുകയാണ്. ഇല്ലാക്കഥകളല്ല, നമ്മുടെ ഇല്ലായ്മകളും കുറവുകളും നാം തിരിച്ചറിയുകയാണ്.

ആരാണ് ഞാന്‍ എന്ന ചോദ്യത്തോടെയാണ് സെല്‍ഫിയുടെ തുടക്കം. സെല്‍ഫി സ്വയം എടുക്കുന്ന ഒരു മൊബൈല്‍ ചിത്രമാണ്. ഇവിടെ സെല്‍ഫി ഒരു ആത്മാന്വേഷണമാണ്. ഉള്ളിലേക്ക് നോക്കി ഒരു ഫോട്ടോ എടുക്കല്‍. നമ്മെത്തന്നെയും മറ്റുള്ളവരെയും മറന്നുള്ള ജീവിതത്തിന്റെ ചില നേരങ്ങളില്‍ ഞാന്‍ ആരാണ് എന്നു നാം സ്വയം ചോദിക്കണം. ക്രിസ്തു പോലും ഈ ചോദ്യം ചോദിച്ചിരുന്നു എന്നത് അച്ചന്‍ പറയുന്നു. രണ്ടു തവണ പിതാവ് പുത്രന്റെ ഉള്ളിലെ സന്ദേഹങ്ങള്‍ക്ക് ഉത്തരം നല്‍കി അവന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒന്നാമത്തേത് ജ്ഞാനസ്‌നാന സമയത്തും രണ്ടാമത് രൂപാന്തരീക നേരത്തും. ഇതാ എന്റെ പ്രിയപുത്രന്‍! എന്ന പിതാവിന്റെ ഉറപ്പില്‍ യേശു ഊര്‍ജ്വസ്വലനും കര്‍മധീരനും ആകുന്നു. വേണം, നമുക്കും ഒരുറപ്പ്. ആരാണ് ഞാന്‍!

ഞാന്‍ ആരാകേണ്ടവനാണ് എന്നറിയണമെങ്കില്‍ ഇപ്പോള്‍ ഞാന്‍ എവിടെ നില്‍ക്കുന്നു എന്നു കൂടി അറിയണം. നമ്മെ കുടുക്കിയിടുന്ന തിന്മകള്‍. ഈ അടമത്തങ്ങള്‍ നമ്മെ ഏതാനും ഹ്രസ്വ ചിത്രങ്ങളിലൂടെ ഒരു കണ്ണാടിയിലെന്ന വണ്ണം കാണിച്ചു തരുന്നു, അച്ചന്‍. ഡിജിറ്റല്‍ ലോകത്തിന്റെ അടിമത്തം. അതുവഴി നാം ചെന്നു പെടുന്ന ചതിക്കുഴികള്‍ എല്ലാം ശക്തമായ കാട്ടിത്തരുന്ന ചിത്രങ്ങള്‍ യുവതലമുറയെ ഒരു ആത്മശോധനയ്ക്ക് പ്രേരിപ്പിക്കുന്നു. പണം, മദ്യം, ലൈംഗികതിന്മകള്‍ തുടങ്ങി നമ്മുടെ കാലത്തിലെ തിന്മകളുടെ ചലച്ചിത്രാവിഷ്‌കരണങ്ങള്‍ അച്ചന്റെ കൃത്യതയാര്‍ന്ന വിചിന്തനങ്ങള്‍ക്കൊപ്പം കണ്ട് അനുഭവിക്കുമ്പോള്‍ ധ്യാനം കൂടുന്നവര്‍ ഒരു ഞെട്ടലോടെ സ്വയം കാണുന്നു!

ഞാന്‍ ആയിരിക്കുന്നിടത്തു നിന്നും ആയിരിക്കേണ്ടിടത്തേക്കുള്ള ദൂരത്തെ കുറിച്ചുള്ള ചിന്തമയാണ് അച്ചന്റെ ഭാഷയില്‍ ധ്യാനം. എന്റെ സെല്‍ഫി എടുത്തു കഴിയുമ്പോള്‍ ഞാനറിയുന്നു. ഇതല്ല ഞാന്‍ ശരിക്കും. ദൈവത്തിന്റെ ഛായയില്‍ ആയിരിക്കേണ്ട ഞാന്‍ ഇപ്പോള്‍…

ഈ ഘട്ടത്തില്‍ ആത്മശോധനയുടെ ചൂടില്‍ കുമ്പസാരം വരുന്നു. I am here എന്ന തിരിച്ചറിവില്‍ നിന്ന് Here I am എന്ന ഏറ്റു പറച്ചിലിലേക്ക് വളരുന്ന ഈ ഘട്ടത്തില്‍ ധ്യാനത്തില്‍ കുമ്പസാരിക്കാനുള്ള അവസരം വാതില്‍ തുറക്കുന്നു. Be brave to go to confession എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളാണ് പ്രചോദനവാക്യമായി കാപ്പസ്റ്റന്‍ അച്ചന്‍ ഉദ്ധരിക്കുന്നത്. കുമ്പസാരിക്കാന്‍ ധൈര്യം കാണിക്കുക. അവിടെ യേശുവുണ്ട്!

സെല്‍ഫി ഒന്നും രണ്ടും ഘട്ടങ്ങള്‍ കടന്നെത്തുന്നത് അസി (usie) അഥവാ ഗ്രൂപ്പ് സെല്‍ഫിയിലാണ്. കൂട്ടമായെടുക്കുന്ന സെല്‍ഫിയുടെ പേരാണ് അസി. US – ie. എന്നില്‍ നിന്നും പുറത്തേക്കുള്ള യാത്രയാണിത്. ആദ്യമായി എത്തേണ്ടിടം കുടുംബമാണ്. കുടുംബ ബന്ധങ്ങള്‍ ശരിയായി ക്രമപ്പെടുമ്പോള്‍ എല്ലാ ബന്ധങ്ങളും ശരിയാകും എന്ന സന്ദേശമാണിവിടെ. മലയാളചിത്രമായ പത്തേമാരിയുടെ ക്ലൈമാക്‌സ് ഉള്‍പ്പെടെ ഹൃദയസ്പര്‍ശിയായ വിവിധ ഷോര്‍ട്ട് ഫിലിമുകള്‍ ഇവിടെ സന്നിവേശിപ്പിച്ചിരിക്കുന്നു.

നാലാമത്തെ ഘട്ടത്തിന് അച്ചന്‍ പേരിട്ടിരിക്കുന്നത് യൂ സീ (you see) എന്നാണ്. നമ്മള്‍ കാണണം! തന്റെ മേശയ്ക്കു കീഴെ കിടന്നിരുന്ന ലാസറിനെ കാണാതെ പോയതാണ് യേശുവിന്റെ ഉപമയിലെ ധനവാന്റെ തെറ്റ്. നമുക്ക് ചുറ്റുമുള്ള സഹിക്കുന്നവരെയും ദരിദ്രരെയും കാണാതെ പോകുന്നത് തന്നെയാണ് നമ്മുടെ വീഴ്ച. കാണുന്നതാണ് കരുണ. കാണാന്‍ ഉള്ളിലെ കനിവിന്റെ മിഴികള്‍ തുറക്കണം. അപ്പോള്‍ ദൈവം നമ്മുടെ മിഴികളിലൂടെ നോക്കും!

അഞ്ചാമത്തെയും അവസാനത്തെതുമായ ഘട്ടത്തിന്റെ പേരും മറ്റെല്ലാ പേരുകളും പോലെ ആധുനിക സാങ്കേതിക ജീവിതത്തിന്റെ പരിഛേദമാണ് – വൈ ഫൈ (wi fi). പ്രകൃതിയെ ധ്യാനിക്കുന്ന ഘട്ടമാണിത്. ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തോ സീ ആണ് ഈ ചിന്തയുടെ അടിസ്ഥാന പ്രചോദനം. പ്രകൃതിക്ക് സ്വഭാവികമായ ഒരു വേഗതയുണ്ട്. പുലിയുടെ വേഗതയല്ല ഒരു ഒച്ചിന്റെ വേഗത. ആനയുടെ വലുപ്പമല്ല ഉറുമ്പിന്റേത്. നാലുമണിപ്പൂവ് പൂക്കും പോലയല്ല 12 വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. ഈ വ്യത്യസ്ഥതകളില്‍ ആര്‍ക്കും പരാതിയില്ല, മറിച്ച് ഈ വ്യത്യസ്ഥതകളാണ് പ്രകൃതിയുടെ സൗന്ദര്യം. വേഗത്തിലും കാഴ്ചയിലും വലുപ്പത്തിലും നിറത്തിലും വ്യത്യസ്ഥതയാര്‍ന്ന ജീവജാലവൈവിധ്യങ്ങള്‍ ചേരുമ്പോള്‍ പ്രകൃതി മനോഹരിയാകുന്നു.

എന്നാല്‍ മനുഷ്യന്‍ മാത്രം ഈ ക്രമം തെറ്റിക്കുന്നു, താളം തെറ്റിക്കുന്നു. നമ്മുടെ അതിവേഗം, ഫാസ്റ്റ് ഫുഡ് കള്‍ച്ചര്‍, ഒറ്റയടിക്ക് ആരെ കൊന്നിട്ടും പണക്കാരനാകാനുള്ള വെമ്പല്‍, ഉയരവും സൗന്ദര്യവും കൂട്ടാനുള്ള പരക്കം പാച്ചിലുകള്‍… ഉയരവും നിറവും പണവും വച്ചു മനുഷ്യരെ താരതമ്യം ചെയ്യല്‍, പരിഹസിക്കല്‍… എല്ലാം പ്രകൃതിയുടെ താളം തെറ്റിക്കലാണ്.

പ്രകൃതി അതിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന പോലെ മനുഷ്യനിലെ വ്യത്യസ്ഥമായ കഴിവുകളെയും അവസ്ഥകളെയും അംഗീകരിക്കുക എന്നതാണ് ‘വൈ ഫൈ’ നല്‍കുന്ന പാഠം. ദൈവത്തിന്റെ ദാനമായി ഈ വ്യത്യസ്ഥതകളെ അംഗീകരിക്കുമ്പോള്‍ അസൂയയും മാത്സര്യവും ഇല്ലാതാകും. ശാന്തി കൈവരും. ആത്മവിശ്വാസം കൈവരും. ദൈവത്തോടും മറ്റുള്ളവരോടും തന്നോടു തന്നെയും നന്ദി കൈവരും. സ്വയം അറിവിന്റെ, ആത്മീയ നിറവിന്റെ അനുഭവത്തില്‍ ജീവിതത്തെ പ്രസാദാത്മകമായി നേരിടാന്‍ നാം പാകപ്പെടുമ്പോള്‍ ധ്യാനം പൂര്‍ണമാകുന്നു.

മലയാളികളുടെ ആസ്വാദനതലത്തെ വാനോളമുയര്‍ത്തി, കൊച്ചിയില്‍ ഒരു വിസ്മയമായി മാറിയ അമ്മമരം, ഐ ബിലീവ് എന്നീ പ്രശസ്തമായ സൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളുടെ സ്രഷ്ടാവാണ് ഫാ. കാപ്പിസ്റ്റന്‍ ലോപ്പസ്. വിശ്വാസത്തെയും വിശ്വാസ ചരിത്രത്തെയും ഒരിക്കലും മറക്കാനാവാത്ത കാഴ്ചയുടെ ഉത്സവമായി മാനവഹൃദയങ്ങളില്‍ കുടിയിരുത്താന്‍ സിഎസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ, ഒരു ലക്ഷത്തോളം പേര്‍ കണ്ടനുഭവിച്ച ഈ കലാസൃഷ്ടികള്‍ക്ക് കഴിഞ്ഞു. ഐ ആം ദ ചേഞ്ച്, സലാം കലാം എന്നീ സൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളും അഭിന്ദനങ്ങള്‍ വാരിക്കൂട്ടി. വിഷ്വല്‍ മീഡിയയില്‍ ഉന്നത ബിരുദം നേടിയിട്ടുള്ള ഫാ. കാപ്പിസ്റ്റന്‍ ലോപ്പസിന് കല എന്നത് കേവലം കഴിവ് കാട്ടാനുള്ള ഉപാധി മാത്രമല്ല, തന്റെ ആഴമായ സമര്‍പ്പണത്തിന്റെ ആവിഷ്‌കാരത്തിനുള്ള ആയുധം കൂടിയാണ്. നോമ്പും ഉപവാസവുമെടുത്താണ് അച്ചനും കൂട്ടരും വലിയ ദൗത്യങ്ങള്‍ക്കായി ഒരുങ്ങുന്നത്. പുതിയ കാലത്തോട് പുതിയ കാലത്തിന്റെ ഭാഷയില്‍ സംവദിക്കാനും ക്രിസ്തുവിനെ പകര്‍ന്നു കൊടുക്കാനും അച്ചന് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ഹൃദയവയല്‍ ടീം ആശംസിക്കുന്നു.

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login