കാലം മായ്ക്കാത്ത അനശ്വരഗാനം

‘കുട്ടിക്കാലത്ത് വല്യപ്പച്ചന്റെ കൂടെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമ്പോഴാണ് ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ… എന്ന ഗാനം ആദ്യം കേട്ടത്. പിന്നീടെപ്പോഴോ ആ പാട്ട് മനപ്പാഠമായി’

ഇത് ഒരു മലയാളിയുടെ മാത്രം അനുഭവമല്ല. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ ഇന്നും നെഞ്ചിലേറ്റുന്ന ഗാനമാണിത്. ഈശോ ശിഷ്യന്‍മാരെ പഠിപ്പിച്ച സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവെ… എന്നുതുടങ്ങുന്ന പ്രാര്‍ത്ഥനയുടെ ദൈവീകാംശം ഒട്ടും ചോര്‍ന്നുപോകാതെ ഈ പാട്ടിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
1967 ല്‍ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത നാടന്‍ പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് ഈ പാട്ട് മലയാളികള്‍ കേട്ടുതുടങ്ങിയത്. മനോഹരമായ ഒരു ദൈവസ്തുതി ഗീതം ചിത്രത്തിന് ആവശ്യമാണെന്നറിഞ്ഞ സംവിധായകന്‍ ആഗ്രഹവുമായി വയലാറിനെ സമീപിച്ചു. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന യേശു പഠിപ്പിച്ച വിശിഷ്ടമായ പ്രാര്‍ത്ഥന മനോഹരമായ വരികളാക്കി മാറ്റാന്‍ വയലാര്‍ എടുത്ത സമയം വെറും അഞ്ച് മിനിറ്റ്. ദേവരാജന്‍ മാസ്റ്ററുടെ സംഗീതവും പാട്ടില്‍ ഉപയോഗിച്ചിരിക്കുന്ന പള്ളിമണികളുടെ താളവും ഗാനത്തിന്റെ മാധുര്യം ഇരട്ടിപ്പിക്കുന്നു.

ഇന്നും കുടുംബങ്ങളില്‍ ഈ പ്രാര്‍ത്ഥനാഗാനം ആലപിക്കുന്നവര്‍ നിരവധിയാണ്. ഒരു ചലച്ചിത്രത്തിനുവേണ്ടി പിറവി കൊണ്ടതാണെങ്കിലും സ്വര്‍ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ത്ഥനാംശമാണ് ഈ ഗാനത്തെ ഒളിമങ്ങാതെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഇന്നും മലയാളികളെ പ്രാപ്തരാക്കുന്നത്.

ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമെ
അവിടുത്തെ രാജ്യം വരേണമേ
ആ… ആ…
സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും നിന്റെ
സ്വപ്‌നങ്ങള്‍ വിടരേണമേ
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍
അപ്പം നല്‌കേണമേ
ആമേന്‍.. ആമേന്‍… ആമേന്‍…
ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ
അങ്ങു ഞങ്ങളെ നയിക്കേണമേ
അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ…
ആമേന്‍… ആമേന്‍… ആമേന്‍…

You must be logged in to post a comment Login