കാലത്തെ അതിജീവിക്കുന്ന ദൗത്യം: ദ് മിഷന്‍ – ചലച്ചിത്ര നിരൂപണം

കാലത്തെ അതിജീവിക്കുന്ന ദൗത്യം: ദ് മിഷന്‍ – ചലച്ചിത്ര നിരൂപണം

miison 2റോളണ്ട് ജോഫെ സംവിധാനം ചെയ്ത ദ മിഷന്‍ എ ബ്രിട്ടിഷ് ചലച്ചിത്രം പുരാതന ലാറ്റിന്‍ അമേരിക്കന്‍ ആദിവാസികള്‍ക്കിടയിലെ ഈശോ സഭാ മിഷണറിമാരുടെ ഉജ്ജ്വലമായ പ്രേഷിത ദൗത്യത്തിന്റെ കഥ പറയുന്നു. 1986 ല്‍ വെള്ളിത്തിരയിലെത്തിയ ദ മിഷനില്‍ വിഖ്യാത നടന്‍മാരയ റോബര്‍ട്ട് ഡി നീറോ, ജെറെമി അയേണ്‍സ് തുടങ്ങിയവര്‍ വേഷമിടുന്നു. ചര്‍ച്ച് ടൈംസിന്റെ 2007 ലെ കണക്കെടുപ്പില്‍ ഈ ചിത്രം ഏറ്റവും മികച്ച 50 മതപരമായ സിനിമകളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. ഈ ചിത്രം പാം ഡി ഓര്‍ പുരസ്‌കാരവും ഛായാഗ്രണത്തിന് ഓസ്‌കര്‍ അവാര്‍ഡും നേടി.

ഒരു ഉത്തുംഗമായ വെളളച്ചാട്ടത്തിനു മുകളില്‍ ജീവിക്കുന്ന തെക്കന്‍ അമേരിക്കാന്‍ ആദിവാസി വംശജരായ ഗ്വരാനികള്‍ ഒരു വൈദികനെ കുരിശില്‍ ബന്ധിച്ച് താഴേക്ക് ഒഴുക്കി വിടുന്ന ഉദ്വേഗജനകമായ രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കുരിശോടു കൂടി അച്ചന്‍ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്കു പതിക്കുന്നു. ആ മിഷണറി വൈദികന്റെ ആത്മബലി വീണ വെള്ളച്ചാട്ടത്തിന്റെ ഭീകരമായ ഉയരങ്ങള്‍ കാലങ്ങള്‍ക്കു ശേഷം മറ്റൊരു വൈദികന്‍, ഈശോ സഭക്കാരനായ ഫാദര്‍ ഗബ്രിയേല്‍ താണ്ടുകയാണ്. കിഴുക്കാം തൂക്കായ പാറക്കെട്ടുകളില്‍ സാഹസികമായ പിടിച്ചു കയറി അദ്ദേഹം മുകളില്‍ ഗ്വരാനികളുടെ വനസങ്കേതത്തിലെത്തുന്നു. ആദ്യം സംശയത്തിനു പാത്രമായെങ്കിലും സ്‌നേഹവും വിശ്വാസവും കൊണ്ട് ദൃഢചിത്തനായ അച്ചന്‍ ആദിവാസികളുടെ ഹൃദയം കവരുന്നു. വൈകാതെ അവര്‍ വിശ്വാസത്തിലേക്കും പ്രകാശത്തിലേക്കും നയിക്കപ്പെടുന്നു. അച്ചന്റെ പിന്നാലെ വരുന്നവരെല്ലാം ചേര്‍ന്ന് അവിടെ ഒരു മിഷന്‍ തുടങ്ങുന്നു. മൃഗതുല്യമായ ജീവിതം നിയിച്ചിരുന്ന ആദിവാസികള്‍ക്കു വിദ്യാഭ്യാസവും സംസ്‌കാരത്തിന്റെ മറ്റ് അടയാളങ്ങളും ലഭിക്കുന്നു.

ആദിവാസികളെ പിടിച്ചു വിറ്റു പണമുണ്ടാക്കു ക്യാപ്റ്റന്‍ റോഡ്രിഗോ മെന്‍ഡോസ എാെരു കച്ചവടക്കാരന്‍ ക്രോധത്തിന്റെ ഒരു നിമിഷത്തില്‍ തന്റെ സഹോദരനെ കുത്തിക്കൊല്ലുന്നു. ഭ്രാതൃഹത്യയുടെ കുറ്റബോധം നീറ്റിയ മെന്‍ഡോസ ഈശോ സഭാ വൈദികരുടെ സങ്കേതത്തില്‍ പ്രായശ്ചിത്തം തേടി എത്തുന്നു. ആയുധങ്ങളും ലോഹപാത്രങ്ങളുമൊക്കെ നിറച്ച ഒരു കൂറ്റന്‍ ഭാണ്ഡക്കെട്ടും തോളില്‍ താങ്ങി ഡി നീറോ അവതരിപ്പിക്കു മെന്‍ഡോസ വെള്ളച്ചാട്ടത്തിന്റെ ഉയരങ്ങള്‍ മുഴുവന്‍ വലിഞ്ഞു കയറുന്ന രംഗം മനസ്സില്‍ തീ കോരിയിടുന്നതാണ്. അവസാനം ഒരിക്കല്‍ താന്‍ പിടിച്ചു വധിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്ന ആദിവാസികളുടെ മുമ്പിലിരുന്ന് തീവ്രാനുതാപത്താല്‍ പൊട്ടിക്കരയു ക്യാപ്റ്റനെ ആദിവാസികള്‍ തങ്ങള്‍ക്കിടയിലേക്കു സ്വീകരിക്കുന്നു. ദൈവികമായ പ്രകാശവും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ മധുരവും അയാളുടെ ഹൃദയത്തില്‍ നിറയുന്നു. വൈകാതെ മെന്‍ഡോസ ഈശോ സഭാ വൈദികനായി മിഷനില്‍ ചേരുന്നു.

ഈ സമയത്ത് ആദിവാസികളെ അടിമകളാക്കാന്‍ ആഗ്രഹിക്കുന്ന പോര്‍ച്ചുഗീസ് കൊളോണിയലിസ്റ്റുകള്‍ മിഷന്റെ ചുമതലയുള്ള കര്‍ദിനാളിന്റെ മുമ്പില്‍ ഇക്കാര്യം വയ്ക്കുന്നു. ഒന്നുകില്‍ മിഷന്റെ കീഴിലുള്ള ആദിവാസികളെ അടമികളായി തരിക. അല്ലാത്ത പക്ഷം, ഈശോ സഭ പോര്‍ച്ചുഗലില്‍ നിന്നും പുറത്താക്കപ്പെടും. നിജസ്ഥിതി അറിയാന്‍ മിഷന്‍ പ്രദേശത്തെത്തുന്ന കര്‍ദിനാള്‍ മിഷന്റെ മനോഹാരിതയും വ്യാപ്തിയും കണ്ട് അമ്പരക്കുന്നു. ആദിവാസികള്‍ക്കിടയില്‍ ഈശോ സഭക്കാര്‍ സംസ്‌കാരത്തിന്റെ ഒരു ലോകം തന്നെ പണിതുയര്‍ത്തിയിരിക്കുന്നു! എങ്കിലും മിഷന്‍ നിര്‍ത്തലാക്കാന്‍ തന്നെയാണ് ഉത്തരവ് വരുന്നത്.

മിഷന്‍ നിര്‍ത്തുന്നതിന്റെ പിന്നാലെ കൊളോണിയലിസ്റ്റുകളുടെ ആക്രമണമുണ്ടാകുമെ്ന്നറിയുതിനാല്‍ ക്യാപ്റ്റന്‍ മെന്‍ഡോസയും ഫാദര്‍ ഗബ്രിയേലും അവരെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നു. ഗബ്രിയേല്‍ സമാധാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും പാത തെരഞ്ഞെടുകുമ്പോള്‍ മെന്‍ഡോസ ആയുധമെടുക്കുന്നു. അതിശക്തരായ പോര്‍ച്ചുഗീസ് – സ്പാനിഷ് ശക്തികളോടു പൊരുതി നില്‍ക്കാനാവാതെ മെന്‍ഡോസയുടെ ചെറിയ സൈന്യം വീഴുന്നു. ദിവ്യകാരുണ്യ ആരാധനയുമായി വലിയൊരു സംഘം ഗ്വരാനി ആദിവാസികളൊടൊപ്പം പ്രദക്ഷിണമായി നീങ്ങുന്ന ഗബ്രിയേലച്ചന്റെ മുന്നില്‍ ആയുധധാരികളായ സൈന്യം ആദ്യം പകച്ചു നിന്നു. എന്നാല്‍ ക്രൂരനായ സ്പാനിഷ് കമാണ്ടര്‍ വെടിയുതിര്‍ക്കാന്‍ ആജ്ഞാപിക്കുന്നു. അരുളിക്കയുമായ ഫാദര്‍ ഗബ്രിയേല്‍ വെടിയേറ്റു വീഴുന്ന. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആദിവാസികള്‍ക്കിടയിലൂടെ എത്തു്ന്ന ഒരു ആദിവാസി ബാലന്‍ അച്ചന്റെ നിശ്ചലമായ കൈകളില്‍ നിന്നും അരുളിക്കയുമെടുത്ത് മുന്നോട്ടു നീങ്ങുന്നു…

വിശ്വാസം പടര്‍ന്ന വഴികള്‍ കാണിച്ചു തരുന്ന ചിത്രം വിശ്വാസത്തെ നശിപ്പിക്കുന്നതും ക്രൈസ്തവര്‍ തന്നെയാണെ സത്യവും വ്യക്തമാക്കുന്നു. ക്രിസ്തുവിനെ ഹൃദയത്തില്‍ വഹിക്കുന്നവര്‍ക്കു മാത്രമേ മിഷന്‍ പണിയാന്‍ കഴിയുകയുള്ളൂവെന്നും ക്രൈസ്തവ നാമധേയം വഹിക്കുവരുടെ ലക്ഷ്യങ്ങള്‍ സ്വാര്‍ത്ഥമാണെങ്കില്‍ അത് മിഷനുകളെ നശിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും സുവ്യക്തമായി വരച്ചിടുന്നു ഈ ചലച്ചിത്രം.

ചിത്രത്തിന്റെ അവസാനരംഗം ആദിവാസികളുടെ പുതിയ തലമുറ മിഷന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ബാക്കി വന്നവ തിരയുന്നതാണ്. സുന്ദരമായൊരു മിഷന്റെ ഓര്‍മകളും തകര്‍ന്ന സ്വപ്നങ്ങളുടെ നൊമ്പരങ്ങളുമായി അവര്‍ തിരികെ വനത്തിലേക്കു മടങ്ങുന്നു. ‘പ്രകാശം ഇരുളിനു മധ്യേ പ്രശോഭിക്കുന്നു. അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.’ എന്ന സുവിശേഷ വചനം തിരശ്ശീലയില്‍ തെളിയുമ്പോള്‍ ചിത്രം അവസാനിക്കുന്നു.

 

ഇസാന്‍ ഫ്രാങ്ക്‌.

You must be logged in to post a comment Login