കാല്‍വരി; ബോബിയച്ചനും പിതാവും ചേര്‍ന്നൊരുക്കിയ കുരിശിന്റെ വഴി

കാല്‍വരി; ബോബിയച്ചനും പിതാവും ചേര്‍ന്നൊരുക്കിയ കുരിശിന്റെ വഴി

കുരിശിന്റെ വഴി എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് ആബേലച്ചന്റെ പ്രസിദ്ധമായ കുരിശിന്റെ വഴിയാണ്. അതിന്റെ ശ്രേണിയിലേക്ക് പുതുതായി ചേര്‍ക്കപ്പെടുന്ന കുരിശിന്റെ വഴിയാണ് കാല്‍വരി.

പുതിയ ഭാവതലങ്ങളും അര്‍ത്ഥവും ധ്യാനവും ചേര്‍ന്ന വ്യത്യസ്തമായ കുരിശിന്റെ വഴി പ്രാര്‍ത്ഥനയാണ് ഇത്. ബോബിയച്ചന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ധ്യാനത്തിന്റെയും സ്‌നേഹത്തിന്റെയും സൂര്യവെളിച്ചത്തിലേക്ക് കൈകള്‍ വിരിച്ചുപിടിച്ചുനില്ക്കാനുള്ള ക്ഷണമാണ് ഈ കാസറ്റ്. തപസുകാലത്തിന്റെ പുണ്യദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ വേളയില്‍ നമ്മുടെ ദിനരാത്രങ്ങളെ ഭക്തിയുടെയും വിശ്വാസത്തിന്റെയും ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ ഇതിന് കഴിയുന്നുണ്ട്.

ബോബി ജോസ് കപ്പൂച്ചിന്‍ രചനയും സാക്ഷാത്ക്കാരവും നിര്‍വഹിച്ചിരിക്കുന്ന കാല്‍വരിയുടെ മറ്റൊരു പ്രത്യേകത ഇതിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ബോബിയച്ചന്റെ പിതാവ് ജോസ് പി കട്ടിക്കാട് എന്നതാണ്. ആലപ്പൂഴ പൂങ്കുന്നം പള്ളിയില്‍ ഓരോ വര്‍ഷവും പുതുതായി കുരിശിന്റെ വഴി എഴുതുന്ന പ്രതിഭാധനന്‍ കൂടിയാണ് ജോസ് പി കട്ടിക്കാട്. അന്തമില്ലാത്ത ദുരിതരാശിയെന്നും കുരിശിലെ സ്‌നേഹം മിഴിയടച്ചു എന്നെല്ലാമുള്ള കവിത്വമുള്ള വരികള്‍ ഇതിലെ ഗാനങ്ങളെ ഭാവസുന്ദരമാക്കുന്നു. ജോണ്‍സണ്‍ മങ്ങഴയുടേതാണ് ഈണം. കെസ്റ്ററിന്റെ സ്വര്‍ഗ്ഗീയാലാപനം ഗാനങ്ങളെ ഉദാത്തഭാവതലങ്ങളിലേക്ക് ശ്രോതാക്കളെ കൊണ്ടുപോകുകയും ചെയ്യുന്നു. ഷെബാനിയ ക്രിയേഷന്‍സിന് വേണ്ടി ജയിംസ് അഗസ്റ്റിയനാണ് കാല്‍വരി പുറത്തിറക്കിയിരിക്കുന്നത്. വില 60 . ത്രീസ്റ്റാര്‍ ഓഡിയോസാണ് വിതരണക്കാര്‍. കോപ്പികള്‍ക്ക് 9388101400.

ബോബിയച്ചന്റെ എഴുത്തുകളും ധ്യാനപ്രസംഗങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും പൂര്‍ണ്ണമനസ്സോടെ മുഴുകാന്‍കഴിയുന്ന കുരിശിന്റെ വഴിതന്നെയാണ് കാല്‍വരി. സ്വന്തം സങ്കടങ്ങളെ അവന്റെ സങ്കടങ്ങളോട് ചേര്‍ത്ത് നടക്കാന്‍ നമുക്ക് ബലം തരുന്ന, സാധാരണയായി കണ്ടുവരുന്ന കുരിശിന്റെ വഴികളിലെ അതിവൈകാരികതകളില്‍ നിന്ന് അകന്നുമാറി നടക്കുന്ന സവിശേഷമായ കുരിശിന്റെ വഴി തന്നെയാണ് കാല്‍വരി.

You must be logged in to post a comment Login