കാവല്മാലാഖമാരേ കണ്ണടയ്ക്കരുതേ..

കാവല്മാലാഖമാരേ കണ്ണടയ്ക്കരുതേ..

Guardian_Angel_1900 കത്തോലിക്കാവിശ്വാസത്തിലെ വലിയൊരു സത്യമാണ് അരൂപികളും അശരീരികളുമായ സൃഷ്ടികള് ഉണ്ട് എന്നത്. മാലാഖമാര് എന്നാണ് വിശുദ്ധ ഗ്രന്ഥം അവരെ വിളിക്കുന്നത്. മാലാഖ എന്നത് അവരുടെ പ്രകൃതിയെ അല്ല ധര്മ്മത്തെയാണ് ധ്വനിപ്പിക്കുന്നത് എന്ന് വിശുദ്ധ ആഗസ്തിനോസ് പറയുന്നു. പ്രകൃതിയുടെ നാമധേയം അരൂപിയും ധര്മ്മം മാലാഖമാരും ആണത്രെ. മാലാഖമാര് ഉണ്മയില് പൂര്ണ്ണമായും ദൈവത്തിന്റെ സേവകരും സന്ദേശവാഹകരുമാണ്.

മാലാഖമാര് ദൈവത്തിന്റെ സൃഷ്ടികളാണെന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നത്. അവര്ക്ക് ധാരണാശക്തിയും ഇച്ഛാശക്തിയുമുണ്ട്.. അവര്ക്ക് ശരീരമില്ലാത്തതുകൊണ്ട് മരിക്കാനാവുകയില്ല. സാധാരണഗതിയില് ദൃശ്യരുമല്ല.. സ്ഥിരം ദൈവസാന്നിധ്യത്തില് ജീവിക്കുന്നവരുമാണ് മാലാഖമാര്. ദൈവം എന്നിലേക്ക് തിരിയുന്ന വ്യക്തിപരമായ ചിന്തയാണ് മാലാഖ എന്നാണ് പോപ്പ് ബെനഡിക്ട് പതിനാറാമന് പറഞ്ഞത്. ശൈശവം മുതല് മരണം വരെ മനുഷ്യര്ക്ക് മാലാഖമാരുടെ ജാഗ്രതാപൂര്വ്വമായ പരിരക്ഷണവും മാധ്യസ്ഥ്യവും ലഭിക്കുന്നുണ്ട്. ഓരോ വിശ്വാസിയുടെയും അരികില് അവന്റെ സംരക്ഷകനും അവനെ ജീവനിലേക്ക് നയിക്കുന്ന ഇടയനുമായി ഒരു മാലാഖ നിലകൊളളുന്നുണ്ട് എന്ന് സഭാ പിതാവായ മഹാനായ വിശുദ്ധ ബേസില് പറയുന്നു. ഓരോ വ്യക്തിയും ദൈവത്തില് നിന്ന് ഒരു കാവല്മാലാഖയെ സ്വീകരിക്കുന്നുണ്ട്. നമുക്കു വേണ്ടിയും മറ്റുള്ളവര്ക്കു വേണ്ടിയും കാവല്മാലാഖയോട് പ്രാര്ത്ഥിക്കുന്നത് നല്ലതും അര്ത്ഥപൂര്ണ്ണവുമാണ്. മിഖായേല്, ഗബ്രിയേല്, റഫായേല്, കാവല്മാലാഖമാരുടെ ഓര്മ്മദിനം സഭ പ്രത്യേകമായി അനുസ്മരിക്കുന്നുണ്ട്.

ഇന്ന് കാവല്മാലാഖമാരുടെ തിരുനാള് ദിനമാണ്. നമ്മെ കാക്കാനും കാത്തുപരിപാലിക്കാനുമായി ഒരു മാലാഖ ഉണ്ട് എന്നത് എത്രയോ സന്തോഷകരമായ കാര്യമാണ്. നിന്റെ എല്ലാവഴികളിലും നിന്നെ കാത്തുപാലിക്കാന് അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലില് തട്ടാതിരിക്കാന് അവര് നിന്നെ കൈകളില് വഹിച്ചുകൊള്ളും എന്നാണ് സങ്കീര്ത്തനങ്ങള്91; 11-12 പറയുന്നത്. കാവല്മാലാഖമാരോട് ഇതുവരെയും പ്രാര്ത്ഥിക്കാത്തവരാണ് നാമെങ്കില് ഇന്നുമുതല് നമുക്ക് കാവല്മാലാഖമാരോട് പ്രാര്ത്ഥിച്ചുതുടങ്ങാം.. എല്ലാവിധ തിന്മകളില്നിന്ന്, ആപത്തുകളിലും അപകടങ്ങളിലും നിന്ന് കാത്തുകൊള്ളണമേയെന്ന്..

You must be logged in to post a comment Login