കിടപ്പാടം പാവങ്ങള്‍ക്ക് അന്ത്യവിശ്രമം കൊള്ളാന്‍ നല്‍കുന്ന ജലാലുദ്ദീനെക്കുറിച്ച്…

കിടപ്പാടം പാവങ്ങള്‍ക്ക് അന്ത്യവിശ്രമം കൊള്ളാന്‍ നല്‍കുന്ന ജലാലുദ്ദീനെക്കുറിച്ച്…

25 വര്‍ഷം മുന്‍പുള്ള ഒരു രാത്രിയിലാണ്. ചുട്ടുപൊള്ളുന്ന പനിപിടിച്ച് മരിച്ച പിഞ്ചുകുഞ്ഞിനെ മടിയില്‍ വെച്ച് അച്ഛനമ്മമാര്‍ നിലവിളിച്ചു. ആ നിലവിളി പതിച്ചത് ജലാലുദ്ദീന്റെ കാതുകളിലാണ്. സ്വന്തം കുഞ്ഞിന്റെ ശരീരം അടക്കം ചെയ്യാന്‍ ഒരുതുണ്ടു ഭൂമി പോലുമില്ലാതെ നിസ്സഹായരായ ആ പാവങ്ങളോടൊപ്പം കരയുക മാത്രമല്ല ജലാലുദ്ദീന്‍ ചെയ്തത്. തനിക്കു സ്വന്തമായുള്ള ഭൂമിയില്‍ ആ കുഞ്ഞിനെ അടക്കാനുള്ള അനുവാദം നല്‍കി.

ജലാലുദ്ദീന്‍ എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ പാലോട് ഇലവുപാലത്തുള്ള ജനങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും നന്‍മയുടെയും പര്യായമാണ്.വീടിനോടു ചേര്‍ന്നുള്ള ജലാലുദ്ദീന്റെ പറമ്പില്‍ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നത് നിരാലംബരായ 19 പേര്‍.. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന ഭീതിയില്‍ ജീവിക്കുന്ന, തങ്ങള്‍ക്ക് അവകാശമില്ലാത്തതു പോലും വെട്ടിപ്പിടിക്കാന്‍ പരക്കം പായുന്ന, ലാഭക്കൊതിയന്‍മാരായ മനുഷ്യരുടെ കാലത്ത് തികച്ചും വ്യത്യസ്തമായ ഒരു മാതൃക.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദ്ദേഹം മറവു ചെയ്യാന്‍ ഒരുതുണ്ടു ഭൂമിയില്ലാത്തവര്‍തക്ക് ജലാലുദ്ദീനാണ് ഏക ആശ്രയം. കാരുണ്യത്തിന്റെ മണമുള്ള ഈ മണ്ണിന്റെ ഉടമസ്ഥനെ നാട്ടുകാര്‍ വിളിക്കുന്നത് തട്ടുപാലം എന്നാണ്.

ജലാലുദ്ദീന്റെ വീടിനടുത്തുള്ള പാങ്ങോട്, പെരിങ്ങമല, ചിതറ പഞ്ചായതത്തുകളില്‍ പൊതുശ്മശാനമില്ല. ഇവിടങ്ങളില്‍ താമസിക്കുന്ന, സ്വന്തമായി ഭൂമിയില്ലാത്ത ജനങ്ങള്‍ക്ക് 72 കാരനായ ജലാലുദ്ദീനാണ് ഏക ആശ്രയം. എന്നാല്‍ ഇതൊരു വലിയ ത്യാഗപ്രവൃത്തിയായൊന്നും അദ്ദേഹം കാണുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗള്‍ഫിലെ മണലാരണ്യത്തില്‍ അലഞ്ഞുനടന്നപ്പോള്‍ തന്നെ സഹായിച്ചവരുടെ പേരോ നാടോ ഒന്നും തനിക്കറിയില്ലെന്ന് ജലാലുദ്ദീന്‍ പറയുന്നു.

മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്തമാതൃക കൂടിയാണ് ജലാലുദ്ദീന്‍. അദ്ദേഹം നല്‍കിയ മണ്ണിലാണ് സമീപത്തുള്ള ആയിരവില്ലി ഭദ്രാഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഉത്സവം തുടങ്ങുന്നത് ജലാലുദ്ദീന്‍ നല്‍കുന്ന കൈനീട്ടവുമായാണ്.

നിനച്ചിരിക്കാത്ത സമയങ്ങളില്‍ ദൈവം ആരുടേയും രൂപത്തില്‍ വരാമെന്നത് ജലാലുദ്ദീന്റെ അനുഭവസാക്ഷ്യം. 38 വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്തേമാരിയില്‍ ഗള്‍ഫിലെത്തിയപ്പോഴും ചെയ്യാത്ത തെറ്റിന് ഗള്‍ഫിലെ തടങ്കലില്‍ കഴിഞ്ഞപ്പോഴും ജലാലുദ്ദീന്റെ രക്ഷകരായി അവതരിച്ചത് യാതൊരു മുന്‍പരിചയവുമില്ലാത്ത സുമനസ്സുകളായിരുന്നു. അതുകൊണ്ടു തന്നെ കിടപ്പാടം പോലുമില്ലാത്ത പാവപ്പെട്ടവര്‍ക്ക് അന്ത്യവിശ്രമം കൊള്ളാന്‍ സ്ഥലം നല്‍കുമ്പോള്‍ അത് മാനുഷികമായ ഒരു കടമ മാത്രമാണെന്നാണ് ജലാലുദ്ദീന്‍ വിശ്വസിക്കുന്നത്.

 

അനൂപ

You must be logged in to post a comment Login