കിട്ടുമെന്നാണോ? സാറേ… കിട്ടുകയില്ലെന്നാണോ?

കിട്ടുമെന്നാണോ? സാറേ…   കിട്ടുകയില്ലെന്നാണോ?

downloadചെറിയ വേദോപദേശത്തില്‍ കാരുണ്യ പ്രവര്‍ത്തികളുടെ ലിസ്റ്റില്‍ ഒന്നാമതായി കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്. അറിവുള്ളവര്‍ക്കാണല്ലോ അറിവില്ലാത്തവരെ പഠിപ്പിക്കാന്‍ സാധിക്കുന്നത്. പൗലോസ് ശ്ലീഹായുടെ ഒരു വാക്യം ഓര്‍മ്മവരുന്നു. അറിവുണ്ടെന്ന് കരുതുന്നവര്‍ അറിയേണ്ടത് അറിയുന്നില്ല (1 കൊറി. 8.29) പൗലോസ് ശ്ലീഹായും എല്ലാം അറിയാം എന്നു കരുതിയ ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സാവൂളില്‍ നിന്ന് പൗലോസായപ്പോഴുണ്ടായ പ്രവര്‍ത്തനവും തമ്മില്‍ രാവും പകലും പോലെ വ്യത്യാസമുണ്ട്.

എന്റെ ചെറുപ്പത്തില്‍ അയല്‍പ്പക്കത്ത് ഒരു അച്ചായനുണ്ടായിരുന്നു. സ്‌കൂളില്‍ പോയിട്ടില്ല. വിദ്യാഭ്യാസമില്ല. ഞങ്ങളുടെ റേഷന്‍ കാര്‍ഡ് വിതരണ സമയത്ത് ഞങ്ങള്‍ റേഷന്‍ കാര്‍ഡ് വാങ്ങാന്‍ പോയി. കാര്‍ഡ് വാങ്ങാനായി ചില നടപടി ക്രമങ്ങളൊക്കൊ ഉണ്ടായിരുന്നു. അതൊക്കെ ശരിക്കും പറഞ്ഞ് മനസ്സിലാക്കാത്തതിനാല്‍ അച്ചായന്‍ ഓഫീസറുടെ അടുത്ത് കയറിച്ചെന്നപ്പോള്‍ ഓഫീസര്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ കുറച്ച് കാര്യങ്ങള്‍ പെട്ടെന്ന് പറഞ്ഞിട്ട് ജോലിയില്‍ വ്യാപൃതനായി. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ചായന്‍ പഴയതു പോലെ തന്നെ കയറിച്ചെന്നു. അദ്ദേഹത്തിന് പറഞ്ഞു കൊടുക്കാന്‍ പുറത്തു നിന്നവരും തയ്യാറായില്ല. രണ്ടാമതും കയറിച്ചെന്നപ്പോള്‍ ഓഫീസര്‍ അപേക്ഷ വാങ്ങിയിട്ട് കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റ് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഐ സേ യൂ ഗെറ്റ് ഔട്ട്. നമ്മുടെ അച്ചായന്‍ കൈ കൂപ്പിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. സാറേ എനിക്ക് ഇംഗ്ലീഷ് അറിയത്തില്ല. റേഷന്‍ കാര്‍ഡ് കിട്ടുമെന്നാണോ കിട്ടുകയില്ലെന്നാണോ സാറ് പറഞ്ഞത്. ഇവിടെ അറിവില്ലാത്ത ഒരു മനുഷ്യനെയും അറിവുള്ള ഓഫീസറെയും സാമാന്യ അറിവുള്ള സമൂഹത്തെയും നമുക്ക് കാണാം. ഇവിടെ അറിവില്ലാത്ത അച്ചായന് വേണ്ടുന്ന സഹായം ചെയ്യുമ്പോള്‍ ദൈവിക പുണ്യമല്ലേ നാം ചെയ്യുന്നത്. യാക്കോബ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍മ്മയിലെത്തുന്നു. ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നത് പാപമാണ്. (യാക്കോബ്. 4.17)

എഴുത്തിന്റെ മേഖലയിലേക്കും വചന പ്രഘോഷണത്തിലേക്കും കടന്നതില്‍ പിന്നെ വലിയ വിദ്യാഭ്യാസമുള്ളവരും അല്ലാത്തവരുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട. പലപ്പോഴും വിദ്യാഭ്യാസം കൂടുതലുള്ളവരുമായി സംസാരിക്കുമ്പോള്‍ പലകാര്യങ്ങളും ശരിയായി ഗ്രഹിക്കാന്‍ സാധിക്കാറില്ല. ഇത് സൂചിപ്പിക്കുമ്പോള്‍ പലരും സോറി പറഞ്ഞുകൊണ്ട് മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കാറുണ്ട്. എന്നാല്‍ അറിവില്ല എന്ന അവസ്ഥ തുറന്നു സമ്മതിക്കാന്‍ പലരും തയ്യാറല്ലയെന്നത് മറ്റൊരു വാസ്തവമാണ്. ഇതെന്റെ അനുഭവത്തില്‍ കൂടി തന്നെ പറയാം. ആറാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഞാന്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയി. ഒരിക്കല്‍ ആശാന്‍ എന്നോട് ഇപ്രകാരം പറഞ്ഞു. നീ പോയി മുറിയില്‍ നിന്ന് എന്റെ കര്‍ചീഫ് എടുത്തുകൊണ്ട് വരിക. എനിക്ക് കര്‍ച്ചീഫെന്ന പറഞ്ഞാല്‍ എന്താണെന്ന് അറിയില്ല. ഇത് തുറന്നു പറയാന്‍ മടിയായതുകൊണ്ട് ഞാന്‍ ഇപ്രകാരം ചോദിച്ചു. ആശാനെ കര്‍ചീഫ് എവിടെയാണിരിക്കുന്നത്. ആശാന്‍ പറഞ്ഞു. മേശപ്പുറത്തിരിപ്പുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ അവിടെ മൂന്ന് സാധനങ്ങള്‍ ഇരിപ്പുണ്ട്. ഒന്ന് ഓരു താക്കോല്‍, രണ്ട് തൂവാല, മൂന്ന് ഒരു ചീപ്പ്. ഞാന്‍ ചിന്തിച്ചു. മിക്കവാറും ഈ ചീപ്പായിരിക്കും, ആശാന് വണ്ടിയിലിരുന്ന് തല ചീകാനായിരിക്കും. ബാക്കി കാര്യം ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

ഇവിടെയാണ് നാം ഈശോയെ മാതൃകയാക്കേണ്ടത്. ഈശോ വചനം പറയുന്ന രീതി എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധമായിരുന്നു. മുക്കുവന്മാരോട് മീനിന്റെ ഉപമ. കൃഷിക്കാരോട് വിത്തിന്റെ ഉപമ. കാണാതായ ആടിന്റെ ഉപമ. നാണയം നഷ്ടപ്പെട്ടത്, മുറി അടിച്ചു വാരി നോക്കുന്നത്, പുളിമാവിന്റെ ഉപമ, പാപം ചെയ്ത് ദൈവത്തെ ഉപേക്ഷിച്ചവര്‍ക്ക് ധൂര്‍ത്ത പുത്രന്റെ ഉപമ. സമ്പന്നര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്, ദാരിദ്ര്യത്തിന്റെ മാഹാത്മ്യം, ഫരിസേയര്‍ക്കും നിയമജ്ഞര്‍ക്കും നല്‍കുന്ന മുന്നറിയിപ്പ, ഇങ്ങനെ സുവിശേഷത്തിലുടനീളം ഇപ്രകാരമുള്ള ലളിത സുന്ദരമായ സന്ദേശങ്ങള്‍ കാണാം. സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ പോലും നമുക്ക് മനസ്സിലാകും. ധ്യാനങ്ങളുടെ ക്രമീകരണം പോലും പ്രാരംഭ ധ്യാനം, വളര്‍ച്ചാ ധ്യാനം എന്നിങ്ങനെ സമൂഹത്തിന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ടാണല്ലോ.

ആദ്യകാല വിശുദ്ധര്‍ മുതല്‍ ഈ കാലഘട്ടത്തിലുള്ള വിശുദ്ധരുടെ വരെ വാക്കുകള്‍ നമുക്കെല്ലാം മനസ്സിലാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഒന്നോര്‍ത്താല്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയല്ലേ അവര്‍ ഉപയോഗിച്ചത്. സ്‌നേഹത്തിന്റെ ഭാഷ. അല്ലെങ്കില്‍ ഈശോയുടെ ഭാഷ നാം ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ ഭാഷ ഈശോയുടേതാണെങ്കിലും ഈശോയും ഞാനുമായിട്ട് ബന്ധമില്ലെങ്കില്‍ അത് ഫലം പുറപ്പെടുവിക്കണമെന്നില്ല. വി. ജോണ്‍ മരിയ വിയാനി തനിക്ക് ആദ്യം വചനം പ്രസംഗിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇപ്രകാരം തുടര്‍ച്ചയായി പറഞ്ഞു. മക്കളെ ദൈവം സ്‌നേഹമാകുന്നു. ഇതു പറഞ്ഞ വിശുദ്ധനും കേട്ട ജനങ്ങളും പൊട്ടിക്കരഞ്ഞെങ്കില്‍ സ്‌നേഹത്തിന്റെ പൂര്‍ണ്ണതയില്‍ നിന്നുകൊണ്ട് വിശുദ്ധന്‍ പറഞ്ഞതു കൊണ്ടാണ് എന്നതില്‍ സംശയമില്ല.

വി. പൗലോസ് യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ ഒഴിപ്പിക്കുന്നത് കണ്ട് സ്‌കോവായുടെ പുത്രന്‍മാര്‍ ഇത് പ്രയോഗിക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് മറിച്ചാണ്. അശുദ്ധാത്മാവ് അവരോട് പറഞ്ഞു. യേശുവിനെ എനിക്കറിയാം. പൗലോസിനെയും എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ ആരാണ് (അപ്പ. 19.15) പിശാചുക്കള്‍ അവരെ ആക്രമിച്ച് കീഴടക്കി. ഇവിടെ ഭാഷ യേശുവിന്റെയും പൗലോസിന്റെയുമാകാം. ജീവിതം നേരെ മറിച്ചും.

പന്തക്കുസ്ത് ദിനത്തില്‍ ശിഷ്യന്‍മാര്‍ പ്രസംഗിച്ചപ്പോള്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് മാതൃഭാഷയില്‍ ശ്രവിക്കാനുള്ള കൃപ പരിശുദ്ധാത്മാവ് നല്‍കി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷയും ജീവിത ശൈലിയും പരിശുദ്ധാത്മാവ് നമുക്കു നല്കും. നമ്മുടെ അഹന്തയുടെയും സ്വാര്‍ത്ഥതയുടെയും വിദ്വേഷത്തിന്റെ ഭാഷകള്‍ പരിശുദ്ധാത്മാവ് എടുത്തു മാറ്റാന്‍ ആഗ്രഹിക്കാം. പരിശുദ്ധാത്മാവ് നല്‍കുന്ന പുതിയ ഭാഷ സ്‌നേഹത്തിന്റെ ഭാഷയാണ്. ത്രീത്വം സംസാരിക്കുന്ന സ്വര്‍ഗ്ഗീയ ഭാഷ. എല്ലാ അതിര്‍ വരമ്പുകളെയും ഭേദിച്ച് വ്യക്തികളെയും രാജ്യങ്ങളെയും സമൂഹങ്ങളെയും സഭയേയും ഒന്നിപ്പിക്കുന്ന ഭാഷയാണിത്. സാര്‍വ്വത്രിക സഭയിലെ ഓരോ വ്യക്തികളെയും പരിശുദ്ധ പിതാവിന്റെ കീഴില്‍ ഒരുമിപ്പിച്ച് നിര്‍ത്തുന്നത് ഈ സ്‌നേഹത്തിന്റെ അഭിഷേകമാണ്. സ്‌നേഹമാണ് സര്‍വ്വോതകൃഷ്ടമെന്ന് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ. പരിശുദ്ധാത്മാവ് നല്‍കുന്ന ഫലങ്ങളില്‍ ഏറ്റവും കൂടുതല്‍ നാം ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കേണ്ടത് ‘സ്‌നേഹ’ത്തിനു വേണ്ടിയാണ്.

 
ബ്രദര്‍ തങ്കച്ചന്‍ തുണ്ടിയില്‍

You must be logged in to post a comment Login