കിനാതണലുകൾ

കിനാതണലുകൾ

oak_treesദൂരെ ദൂരെ ഒരു നാട്ടിൽ ഒരു മാമരം ഉണ്ടായിരുന്നു.

വഴിയാത്രികർക്ക് താങ്ങും തണലുമായി വിശാലമായ ചില്ലകള്‍ വിരിച്ചു നിന്നിരുന്ന ആ വൻമരത്തിന്‍റെ തണലിലൊരു കുഞ്ഞുമരം വളരുന്നുണ്ടായിരുന്നു.

വെയിലും വേദനയും എന്തെന്നറിയാതെ കുഞ്ഞുമരം മാമരത്തിന്‍റെ സ്നേഹവും ലാളനയും ആവോളം ആസ്വദിച്ചു, വളരെ സന്തോഷത്തോടെ ജീവിച്ചുപോയികൊണ്ടിരുന്നു.

പകലോന്‍റെ ഉഗ്രരശ്മികൾ ഉറക്കത്തിൽ നിന്നുണർത്തിയ ഒരു കറുത്തപുലരിയിൽ മാമരം കടപുഴകി വീണെന്ന സത്യം കുഞ്ഞുമരം ഒരു ഞടുക്കത്തോടെ തിരിച്ചറിഞ്ഞു.

ആ തണൽ ഇനി ഇല്ല.

സൂര്യൻ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ കുഞ്ഞുമരത്തിനു വലിയ ദാഹവും ക്ഷീണവും തോന്നി. ഇതുവരെ മാമരത്തിനു കീഴിൽ ‍ അല്ലല്‍ അറിയാതെ ജീവിച്ച കുഞ്ഞുമരത്തിനു ചൂട് അസഹനീയം ആയി തോന്നി.

ഒറ്റപെടലിന്‍റെ തീവ്രവേദനയിൽ, തന്നില്‍ നിന്ന് എടുക്കപെട്ട ആ വലിയ തണലിന്‍റെ വില എത്രവലുതായിരുന്നു എന്ന് കുഞ്ഞുമരം തിരിച്ചറിഞ്ഞു.

വിലപിച്ചും പ്രലപിച്ചും ദിനരാത്രങ്ങൾ കടന്നു പോയി.

കരഞ്ഞു കണ്ണുകലങ്ങി ഉറങ്ങിയ രാത്രികളിലൊന്നിൽ കുഞ്ഞുമരം, മാമരത്തെ സ്വപ്നം കണ്ടു.

വിതുംബികൊണ്ട് കുഞ്ഞുമരം ചോദിച്ചു:

“മാമരമേ, എന്തിനെന്നെ തനിച്ചാക്കി കടന്നുപോയി?

എനിക്കു തണലാകാനായി കുറച്ചുനാള്‍കൂടി ആയുസ് നീട്ടി തരണമെന്ന് ആയുസ്സിന്‍റെ കാവൽക്കാരനോടു ചോദിച്ചു കൂടായിരുന്നില്ലെ?

ഞാന്‍ നിന്‍റെ കുഞ്ഞുമരം അല്ലെ, എനിക്ക് തനിയെ ഒന്നിന്നും ആകില്ല എന്നു നിനക്ക് അറിഞ്ഞു കൂടെ?

നിന്‍റെ നിഴലിലും സംരക്ഷണയിലും മാത്രമേ എനിക്ക് വളരാന്‍ സാധിക്കൂ എന്നു നിനക്ക് അറിഞ്ഞുകൂടെ?

എനിക്കു നിന്നെ എപ്പോഴും ഓര്‍മ്മ വരും. നിന്നെ കൂടാതെ എത്രകാലം എനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ സാധിക്കും എന്നുപോലും അറിയില്ല, എന്‍റെ ഹൃദയം തകരുന്നപോലെ. ഒന്ന് തിരിച്ചു വന്നുകൂടെ?”

മാമരം പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു,

“ഞാന്‍ ഇപ്പോള്‍ എല്ലാസൃഷ്ടികളുടെയും നാഥനായ തമ്പുരാന്‍റെ അടുത്താണ്, തിരിച്ചു വരുവാന്‍ എനിക്ക് സാധിക്കില്ല. നിന്നെകരുതി, നിനക്ക്‌ തണലാകാൻ, ഒഴിവുകൾ പലതും ഞാൻ ചോദിച്ചിരുന്നു, പക്ഷെ ഇത്തവണ എന്‍റെ സമയം പൂർത്തിയായിരുന്നു.

മനസ്സോടെയാണോ മനസ്സില്ലാമനസ്സോടെയാണോ എന്ന് ഇനിയും നിർവചിക്കാനാകാത്ത ഒരു അനുഭൂതിയായിരുന്നു എന്‍റെ യാത്ര!

ഞാന്‍ ഈ ലോകത്ത് ആയിരുന്നപ്പോള്‍ എന്‍റെ കടമകള്‍ കൃത്യമായി ഞാന്‍ ചെയ്തു. തണല്‍ ആവശ്യമുള്ളവര്ക്ക് തണലായും, വിറക് ആവശ്യമുള്ളവര്ക്ക് വിറകായും , കിളികൾക്ക് പാർപ്പിടമായും വിശക്കുന്നവർക്കു കായ്കനികളായും, ഇങ്ങോട്ട് കല്ലെറിഞ്ഞവരോട് പോലും പരിഭവമില്ലാതെ ഞാൻ നിലകൊണ്ടു!

ഞാന്‍ കാരുണ്യവാനും, ക്ഷമാശീലനും ആയിരുന്നു!

നീ എന്‍റെ ഏറ്റവും പ്രിയപെട്ട കുഞ്ഞുമരം ആല്ലെ?

ഇനി നീയാണ് ഞാന്‍ ഇതുവരെ ചെയ്ത നന്മകള്‍ തുടർന്നു ചെയ്യേണ്ടത്.

എന്‍റെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹങ്ങളും എന്നും എന്‍റെ കുഞ്ഞുമരത്തോടൊത്തു ഉണ്ടായിരിക്കും.”

കുഞ്ഞു മരം ഞെട്ടി,

ഗദ്ഗദങ്ങൾ വാക്കുകളായി ഒഴുകി: “ഞാന്‍, മാമരം ഇല്ലാതെ, എങ്ങിനെ, എത്രകാലം നിലനില്ക്കുമെന്നു എനിക്കുതന്നെ ഉറപ്പില്ല, അനിശ്ചിതമായ ഈ അവസ്ഥയിലിരിക്കവെ ആണോ വലിയൊരുഭാരം കൂടി എന്നെ ഭരമേൽപ്പിക്കുന്നത്?”

മാമരം ചിരിച്ചുകൊണ്ട് പറഞ്ഞു:

“നിന്നെ പോലെ ഒരു കുഞ്ഞുമരമായിരുന്നപ്പോള്‍ ഞാനും ഇതുപോലെ, പൊടുന്നനെ തണൽ നഷ്ടമായ ഒരവസ്ഥ നേരിടേണ്ടി വന്നിരുന്നു, അന്ന് ഞാനും ഒരുപാട് വേവലാതിപ്പെട്ടിരുന്നു. പക്ഷെ കാലം കടന്നു പോകും, കഷ്ടതകൾ അകന്നു പോകും!

നീയും എന്നെപോലെ ദിനംപ്രതി വളര്ന്നു, സാവധാനം ഒരു വലിയ മരമാകും!

എപ്പോഴല്ലാം നീ ഒറ്റപെട്ടുപോയി എന്നു തോന്നുന്നുവോ, അപ്പോഴെല്ലാം താഴെ ഭൂമിയിലേയ്ക്കു നോക്കുക, അവിടെ നിന്‍റെ തണലില്‍ വളര്ന്നു വരുന്ന കുഞ്ഞുമരങ്ങളെ നിനക്ക് കാണുവാന്‍ സാധിക്കും,

അവർക്ക് വേണ്ടി നീയും വളരുക.

ആരുടെയെങ്കിലും നിഴലില്‍ ഒളിക്കാതെ, നിന്‍റെ ചില്ലകള്‍ വിരിയ്ക്കുക, ഒരുപാട് പേര്ക്ക് തണലായി ആശ്വാസമായി മാറുക.

എന്‍റെ അസാന്നിദ്ധ്യവും, അത് നല്കുന്ന ഇപ്പോഴത്തെ കഷ്ടപാടുകളും നിന്നെ ശക്തിപെടുത്തട്ടെ.

അന്നന്നത്തെ ദിവസത്തിന്നായി നീ ജീവിക്കുവാന്‍ തയാറായാല്‍, തമ്പുരാന്‍റെ ശക്തമായ കരങ്ങള്‍ നിനക്ക് താങ്ങായിരിക്കും.

ഇന്നലകളെ മറക്കുക, അതിന്‍റെ സുരക്ഷിതത്വത്തിൽ നിന്നും സുഖകരമായ ആലസ്യത്തില്‍ നിന്നും ഉണര്ന്നു ഇന്നിന്‍റെ യാഥാർത്ഥ്യങ്ങളെ നേരിടാനായി നിന്‍റെ ചില്ലകളെ വിടര്ത്തുക.

അപ്പോള്‍ നീ, നിന്‍റെ തണലില്‍ വിശ്രമിക്കുന്ന, ആശ്വാസം കണ്ടെത്തുന്ന, നിന്നെ സ്നേഹിക്കുന്ന ഒരുപാട്പേരില്‍ നിന്‍റെ സ്വസ്ഥതകണ്ടെത്തും, സമാധാനമുള്ള നല്ല നാളെകൾ കണ്ടെത്തും.”

സ്വപ്നം മായുവോളം കുഞ്ഞുമരം മാമാരത്തെ കണ്‍കുളിര്ക്കെ കണ്ടുകൊണ്ടേയിരുന്നു.

കുഞ്ഞുമരം ഒരു വലിയ തീരുമാനവും ആയാണ് അന്നുരാവിലെ ഉണര്ന്നത്.

ഒരു വലിയ തണൽമരമാകുവാനുള്ള ഉറച്ചതീരുമാനം.

നെടുവീർപ്പുകൾക്കും വിലാപങ്ങൾക്കും അവധി നല്കി. അവന്‍ തന്‍റെ കണ്ണുകൾ ആകാശത്തിലേയ്ക്ക് ഉയർത്തി, ചില്ലകള്‍ സ്വർഗ്ഗം ലക്ഷ്യമാക്കി വിടർത്തി.

അപ്പോള്‍ അനുഗ്രഹവർഷമെന്നപോലെ മഴതുള്ളികള്‍ ആകാശത്തില്‍ നിന്നും പെയ്തിറങ്ങി.

കുഞ്ഞുമരം പുഞ്ചിരിച്ചു.

മഴ ആസ്വദിച്ചിരിക്കവെയാണ് അവനതു ശ്രദ്ധിച്ചത്; ഒരു കുഞ്ഞുകുരുവി മഴയില്‍ നിന്ന് രക്ഷപെടാന്‍ തന്‍റെ ഇലകൾക്കി‍ടയില്‍ അഭയം തേടിയിരിക്കുന്നു.

കുഞ്ഞുമരം വളരെ കരുതലോടെ തന്‍റെ ഇലകള്‍ അല്പം കൂടെ വിരിച്ചുപിടിച്ചു കുരുവിയെ കുടുതല്‍ സുരക്ഷിതനാക്കി.

അന്നുരാത്രി, തന്‍റെ ജീവിതത്തിന്‍റെ അര്ത്ഥം തിരിച്ചറിഞ്ഞ സന്തോഷത്തില്‍ ആ കുഞ്ഞുമരം സമാധാനമായി ഉറങ്ങി.

Glory To God!
അത്യുന്നതന്‍റെ മറവിൽ വസിക്കയും സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്‍റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയുന്നു. (സങ്കീർത്തനങ്ങള്‍ 91:1-2)

സമർപ്പണം: അകാലത്തിൽ പൊലിഞ്ഞ എന്‍റെ ഏറ്റവും പ്രിയ തണൽമരത്തിന്… സ്വപ്നമായി വന്നു നല്കിയ ആശ്വാസത്തിന്…!

സമർപ്പണം:

പൊടുന്നനെ തണൽ നഷ്‌ടമായ എല്ലാ കുരുന്നുബാല്യങ്ങൾക്കും…!

എല്ലാ കൊച്ചുവിധവകൾക്കും…!

പൊന്നുതമ്പുരാൻ എല്ലാവർക്കും ആശ്വാസം പ്രദാനം ചെയ്യട്ടെ…!

തളരാതെ മുന്നേറാൻ കരുത്തു നല്കട്ടെ…!

 

എ എസ് റീഡ്‌

You must be logged in to post a comment Login