കിളിക്കൂട്

കിളിക്കൂട്

nestഇന്നും നന്മനിറഞ്ഞവരിലാണ് വചനം പിറവിയെടുക്കുക.വചനം മുഴുവനും ചെറുതാകലിന്റെ വിശേഷങ്ങളാണ്.
ഒട്ടും വലുതാല്ലഞ്ഞിട്ടും അത്ര ചെറുതായതാണ് ക്രിസ്തുവിനെ വേറിട്ടുനിര്‍ത്തുന്നത്.ഒരു തുണ്ട് അപ്പത്തോളം ചെറുതായി, ആ സ്നേഹം ഇന്നും നമ്മെ പുല്‍കുന്നു – വി. കുര്‍ബാനയില്‍. ആര്‍ദ്രസ്നേഹത്തിന്റെ അള്‍ത്താര ഒരുക്കി അവനിന്നും കരുതലോടെ കാത്തിരിക്കുന്നു. ആ സ്നേഹത്തിന്‍റെ യാനത്തിലേക്ക് എനിക്കും ക്ഷണം ഉണ്ട്. സത്യത്തില്‍ ഓരോ അള്‍ത്താര അനുഭവവും അതുതന്നെ. ഒരു കടല്‍ യാത്രപോലെ ധന്യം.
ശാന്തമായി ആ ഹൃദയ കടലില്‍ ഒഴുകിനടക്കുന്ന ധ്യാനം.
ക്രിസ്തുവാകുന്ന കടലിന്‍റെ ആഴങ്ങളിലേക്കുള്ള യാത്രയാണ് കുര്‍ബാന അനുഭവങ്ങള്‍.ജീവിതത്തിന്‍റെ വ്യസനങ്ങളില്‍ ദുഖിതരാകുമ്പോള്‍, ഇന്നും തീരത്ത് ഒരു യാനപാത്രം.
തീര്‍ച്ചയായും നമുക്കിതൊക്കെ ഒരു യാത്രയാണ്‌.
എവിടെനിന്നോ തുടങ്ങി മറ്റെവിടെയോ അവസാനിക്കുന്ന യാത്ര.
ആത്മനോമ്പരങ്ങളെ ഗുരുവിന്‍റെ ചില്ലകളിലേക്ക് ചേര്‍ത്തുനിര്‍ത്തി, ജീവിതത്തിന്‍റെ ഇമ്പങ്ങളെ, നൊമ്പരങ്ങളെ സമര്‍പ്പിച്ചുള്ള യാത്ര.
ഈ യാത്രയില്‍ ഗുരു നമ്മെ ഓര്‍മ്മിപ്പിക്കുന്നു-
വിരിച്ചു നീട്ടിയ മുറിപാടുള്ള കൈകള്‍ ഒരു ആഹ്വാനം പോലെ ….
അവന്‍റെ ചില്ലകളിലേക്ക് ചേക്കേറി അവിടെ ഒരു കൂടൊരുക്കാനുള്ള ആഹ്വാനം. അതിനാലാവണം ഈ യാത്രയെ ചിലര്‍ കുരിശിന്‍റെ യാത്രയെന്നൊക്കെ വിളിക്കുന്നത്‌!
ആ ഹൃദയത്തിന്‍റെ ആഴങ്ങളില്‍, ചങ്കിലെ മുറിപ്പാടുകളില്‍ ചേര്‍ന്ന് യാത്രചെയ്യാം.
ഈ കുരിശുയാത്ര ഇനി പ്രത്യാശനിറഞ്ഞതാക്കാം.
കാരണം –
ഈ കുരിശില്‍ ഒരു കൂടുണ്ട്‌.
വിരിച്ചുപിടിച്ച ആ മരചില്ലയില്‍ ഒരു കിളിയുണ്ട് …
എന്റെ വരവും കാത്തൊരു കിളി.
ഒരു അമ്മ കിളി .
കിളിക്കൂട്‌ നിന്നെ കാത്തിരിപ്പുണ്ട്‌-
ഈ യാത്രയില്‍.

 .

You must be logged in to post a comment Login