കുഞ്ഞനുജത്തിക്കായി പാടിയ സ്‌നേഹഗീതം

ചിലപ്പോള്‍ ശാസ്ത്രത്തിനുത്തരം നല്‍കാന്‍ സാധിക്കാത്ത, നമ്മുടെ യുക്തിയുടെ പരിധിയില്‍ നില്‍ക്കാത്ത പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. എത്രയൊക്കെ ചിന്തിച്ചാലും ഉത്തരം ലഭിക്കാത്ത ചില സമസ്യകളെ അങ്ങനെ തന്നെ അംഗീകരിക്കേണ്ടതായും വരും. അത്തരത്തില്‍ വൈദ്യശാസ്ത്രത്തെപ്പോലും തോല്‍പ്പിച്ച, മൂന്നു വയസ്സുകാരനായ ബാലന്റെ നിഷ്‌കളങ്കസ്‌നേഹത്തിന്റെ കഥയാണിത്. 

കരീന്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ മാതാപിതാക്കളേക്കാളുമേറെ സന്തോഷിച്ചത് മൂന്നു വയസ്സുകാരന്‍ മൈക്കിള്‍ ആയിരുന്നു. പെണ്‍കുട്ടിയാണെന്ന് അവര്‍ നേരത്തേ തന്നെ അറിഞ്ഞിരുന്നു. അമ്മയുടെ വയറ്റില്‍ ഭൂമിയിലേക്കുള്ള വരവും കാത്തു കിടക്കുന്ന കുഞ്ഞനജുത്തിയെക്കുറിച്ച് രാവും പകലും അവന്‍ ഒരായിരം സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. അവള്‍ക്കായി താരാട്ടുപാട്ടുകള്‍ പാടാന്‍ തുടങ്ങി. അങ്ങനെ പരസ്പരം കാണുന്നതിനു മുന്‍പു തന്നെ അവര്‍ തമ്മില്‍ അഭേദ്യമായൊരു ബന്ധം ഉടലെടുത്തിരുന്നു.

മാസങ്ങള്‍ കഴിഞ്ഞു. കരീന് പ്രസവവേദന കൂടിവന്നു. മണിക്കൂറുകളാണ് കരീന്‍ ലേബര്‍ റൂമില്‍ കിടന്നത്. സങ്കീര്‍ണ്ണമായ ഓപ്പറേഷനു ശേഷം കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് തെല്ലും പ്രതീക്ഷയില്ലായിരുന്നു. ഇനി യാതൊരു പ്രതീക്ഷയുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ കുട്ടിയെ അടക്കാന്‍ ഒരു കുഞ്ഞു ശവക്കല്ലറ വരെ അവര്‍ ബുക്ക് ചെയ്തു.

ദിവസം ചെല്ലുംതോറും കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായിവന്നു, ഒപ്പം കുഞ്ഞനുജത്തിയെ കാണണമെന്ന മൈക്കിളിന്റെ ആഗ്രഹത്തിനും ശക്തി കൂടി. ‘അവള്‍ക്കുവേണ്ടി എനിക്കൊരു പാട്ടു പാടണം’, മൈക്കിള്‍ പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ അമ്മക്കല്ലാതെ മറ്റാര്‍ക്കും കുഞ്ഞിനെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ മൈക്കിളിന്റെ ആഗ്രഹം നടത്തിക്കൊടുക്കുവാന്‍ തന്നെ കരീന്‍ തീരുമാനിച്ചു. നേഴ്‌സുമാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചും മൈക്കിളിനെ കരീന്‍ അവന്റെ കുഞ്ഞിപ്പെങ്ങളുടെ അടുത്തെത്തിച്ചു.

അവളുടെ മുഖത്തേക്ക് മൈക്കിള്‍ സൂക്ഷിച്ചുനോക്കി. അവന്‍ നനുത്ത ശബ്ദത്തില്‍ പാടാന്‍ തുടങ്ങി: ‘നീയാണ് എന്റെ പ്രകാശം, ആകാശം ഇരുണ്ടു നില്‍ക്കുമ്പോഴും എന്നെ സന്തോഷിപ്പിക്കുന്നത് നീയാണ്’. അത്ഭുതം! മൈക്കിളിന്റെ കുഞ്ഞുസഹോദരി ആ ശബ്ദത്തോടു പ്രതികരിക്കാന്‍ തുടങ്ങി. നാഡീസ്പന്ദനം സാധാരണനിലയിലായി. മൈക്കിള്‍ പാട്ടു തുടര്‍ന്നു: ‘നിനക്കറിയില്ല, എത്രമാത്രം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്. ഈ പ്രകാശം നീ ഇല്ലാതാക്കരുത്’. കരീന്‍ മൈക്കിളിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അവന്‍ വീണ്ടും പാടി: ‘നീയാണ് എന്റെ പ്രകാശം, നീയാണ് എന്റെ പ്രകാശം’. കുട്ടിയെ ശുശ്രൂഷിച്ചു പോന്നിരുന്ന നേഴ്‌സിന്റെ കണ്ണുകളും ഈറനണിഞ്ഞു.
തൊട്ടടുത്ത ദിവസം തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് മൈക്കിളിന്റെ കുഞ്ഞിപ്പെങ്ങള്‍ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം സ്വന്തം വീട്ടില്‍ കഴിയുന്നു, പൂര്‍ണ്ണ ആരോഗ്യവതിയായി. നിഷ്‌കളങ്കസ്‌നേഹം പകര്‍ന്നു കൊണ്ട് മൈക്കിള്‍ വീണ്ടും പാടുന്നു:’നീയാണ് എന്റെ പ്രകാശം, നീയാണ് എന്റെ പ്രകാശം’…

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login