കുഞ്ഞിനു വേണ്ടി കീമോ ഉപേക്ഷിച്ചു, പ്രസവശേഷം മരണം

രണ്ടു ചോദ്യങ്ങളുണ്ടായിരുന്നു ച്യു യുവാന്യുവിന്റെ മുന്നില്‍. അപ്രതീക്ഷിതമായി ജീവിതത്തിലെ സന്തോഷം കെടുത്താനെത്തിയ ക്യാന്‍സറിനെ പ്രതിരോധിക്കണോ, അതോ തന്റെ കുഞ്ഞിനു ജന്‍മം നല്‍കണോ..? അധികം ആലോചിക്കാതെ അവള്‍ തീരുമാനിച്ചു, ഈ ലോകത്തിലേക്കുള്ള വരവും കാത്തിരിക്കുന്ന തന്റെ കുഞ്ഞിന് ജന്‍മം നല്‍കാമെന്ന്.. അത്രയേറെ പ്രിയപ്പെട്ടതായിരുന്ന തന്റെ കുഞ്ഞിനെ നശിപ്പിച്ചു കളയാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ അവന്‍ ജനിച്ചു- നിയാനിയാന്‍. തന്റെ ഓനമപ്പുത്രന്‍ ജനിച്ച് നൂറാം ദിവസം യുവാന്യു മരണത്തിന് കീഴടങ്ങി.

ടെലിവിഷന്‍ അവതാരികയായിരുന്നു ചൈനയിലെ ഷങ്‌സു സ്വദേശിയായ ച്യു യുവാന്യു. ഷെങ്‌സു ടെലിവിഷനില്‍ ചെസ് ഗെയിം ഷോയുടെ അവതാരികയായിരുന്നു അവള്‍. ഗര്‍ഭിണിയാണെന്നു തിരിച്ചറിഞ്ഞതിന്റെ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. അപ്പോഴാണ് താന്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് ച്യു അറിയുന്നത്. പകരം നല്‍കേണ്ടത് ജീവന്‍ തന്നെയാണെന്നറിഞ്ഞിട്ടും കീമോ തെറാപ്പിക്കു വിധേയയാകാന്‍ അവള്‍ തയ്യാറായില്ല.

വേദന കടിച്ചമര്‍ത്തി യുവാന്യു ഉദരത്തിലുള്ള തന്റെ കുഞ്ഞിനായി താരാട്ടുപാട്ടുകള്‍ പാടി. ഭര്‍ത്താവ് ഷാങ് പലതവണ നിര്‍ബന്ധിച്ചു, ചികിത്സക്കായി. യുവാന്‍ കുഞ്ഞിനെ വേണം എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. ഒടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ യുവാന്യുവിന്റെ നില അത്യന്തം വഷളായി. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് യുവാന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ശത്രക്രിയയിലൂടെ പുറത്തെടുത്ത് ശരീരത്തിലെ ട്യൂമര്‍ നീക്കം ചെയ്തു. പക്ഷേ, അപ്പോഴേക്കും വൈകിയിരുന്നു. പ്രസവശേഷമുള്ള മൂന്നാഴ്ച തുടര്‍ച്ചയായി കീമോ ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. കുഞ്ഞ് ജനിച്ച് നൂറു ദിവസം തികഞ്ഞതിന്റെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ യുവാന്യു മരണത്തിന് കീഴടങ്ങി, തന്റെ കുഞ്ഞിനെ നിഷ്‌കളങ്കമായി ചിരിക്കുന്ന മുഖം കണ്ടുകൊണ്ട്.

‘യുവാന്യു മരിച്ചു, എനിക്കിനി ചെയ്യാന്‍ പറ്റുന്ന കാര്യം ഞങ്ങളുടെ കുഞ്ഞിനെയും കുടുംബാംഗങ്ങളെയും ഏറ്റവും നന്നായി നോക്കുക എന്നതാണ്. താന്‍ എടുത്ത തീരുമാനം തന്നെയാണ് ശരി എന്ന് മരണം വരെ അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. അവള്‍ ചെയ്തിരുന്നതുപോലെ ജീവിതത്തെ നോക്കി പുഞ്ചിരിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്’, ഉള്ളില്‍ അടക്കിവെച്ച വിങ്ങലോടെ ഭര്‍ത്താവ് ഷാങ് പറയുന്നു.

You must be logged in to post a comment Login