കുടുംബങ്ങളുടെ രൂപീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം: സീറോ മലബാര്‍ സിനഡ്

കൊച്ചി: കുടുംബങ്ങളുടെ രൂപീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് സീറോ മലബാര്‍ സിനഡ്. വര്‍ത്തമാനകാലഘട്ടത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ വൈദികരും സമര്‍പ്പിതരും ജനങ്ങളെ പ്രാപ്തരാക്കണമെന്നും ഇതിനായി ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും സിനഡംഗങ്ങള്‍ ആവശ്യപ്പെട്ടു.

കുടുംബബന്ധങ്ങളില്‍ സംഭവിക്കുന്ന തകര്‍ച്ചയുടെയും പ്രശ്‌നങ്ങളുടെയും കാരണം വിശകലനം ചെയ്യണം. അവയ്ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും വേണം. റോമില്‍ നടന്ന ആഗോള മെത്രാന്‍ സിനഡില്‍ കുടുംബങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചും കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഏറെ താത്പര്യത്തോടെയുള്ള ചര്‍ച്ചകള്‍ നടന്നതായും മെത്രാന്‍മാര്‍ പറഞ്ഞു.

വിവാഹത്തിനു മുന്‍പും ശേഷവും സഭ നല്‍കുന്ന പരിശീലന പരിപാടികള്‍ കുടുംബാംഗങ്ങളുടെ ആത്മീയവും ധാര്‍മ്മികവുമായ വളര്‍ച്ചക്ക് ഏറെ സഹായകരമാകുന്നുണ്ട്. റോമില്‍ വെച്ചു നടന്ന മെത്രാന്‍ സിനഡിലെ നിര്‍ദ്ദേശങ്ങളെയും ഉള്‍ക്കാഴ്ചകളെയും കുറിച്ച് മെത്രാന്‍മാര്‍ ചര്‍ച്ചകള്‍ നടത്തി. ഇടവകാ സമൂഹങ്ങള്‍ കുടുംബങ്ങളെ പരസ്പരം സഹായിക്കേണ്ടത് ആവശ്യമാണെന്നും ഇവര്‍ വിലയിരുത്തി. പ്രായമായവരെ ആദരിക്കണമെന്നും കുടുംബങ്ങളുടെ കെട്ടുറപ്പിന് ഇവര്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും മെത്രാന്‍മാര്‍ പറഞ്ഞു.

12 നാണ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വെച്ചു നടക്കുന്ന കുടുംബസിനഡ് സമാപിക്കുക. ഇന്ന് അങ്കമാലി സെന്റ് ഹോര്‍മീസ് കിഴക്കേ പള്ളിയുടെ നവീകരണാനന്തരമുള്ള കൂദാശാകര്‍മ്മത്തിലും മെത്രാന്‍മാര്‍ സംബന്ധിക്കും.

You must be logged in to post a comment Login