“കുടുംബങ്ങളുടെ സന്തോഷം തന്നെയാണ് സഭയുടെ സന്തോഷം!”

“കുടുംബങ്ങളുടെ സന്തോഷം തന്നെയാണ് സഭയുടെ സന്തോഷം!”

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ നടന്ന കുടുംബ സിനഡിനു ശേഷം പ്രസിദ്ധീകരിച്ച അപ്പസ്‌തോലിക പ്രബോധനത്തിന് പേരിട്ടിരിക്കുന്നത് സ്‌നേഹത്തിന്റെ സന്തോഷം എന്നാണ്.

കുടുംബങ്ങളുടെ സന്തോഷം തന്നെയാണ് സഭയുടെ സന്തോഷം എന്ന വരിയോടു കൂടിയാണ് ഈ പ്രബോധനത്തിന്റെ ആമുഖം ആരംഭിക്കുന്നത്. സ്‌നേഹത്തിനും കുടുംബത്തിനും ഒരു വാഴ്ത്തു പാട്ടാവുകയാണ് ഈ അമൂല്യ പ്രബോധനം.

ആധുനിക ലോകത്തില്‍ കുടുംബം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയിലും യുവാക്കള്‍ വിവാഹം ചെയ്യാനും കുടുംബജീവിതം നയിക്കാനും ആഗ്രഹിക്കുന്നു എന്നത് സഭയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു എന്നും ആമുഖത്തില്‍ പറയുന്നു.

കരുണയുടെ വര്‍ഷത്തില്‍ ഈ പ്രബോധനത്തിന്റെ പ്രസക്തിയേറുകയാണെന്നും പാപ്പാ പറയുന്നു. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, വിവാഹത്തിന്റെയും കുടുംബത്തിന്റെയും ദാനങ്ങളെ വിലമതിക്കുന്നകതിന് ഈ പ്രബോധനം ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം, ഉദാരതയും സമര്‍പ്പണവും വിശ്വസ്തതയും ക്ഷമയുമല്ലാം ചേര്‍ന്ന് കരുത്തേറിയ സ്‌നേഹം സൂക്ഷിക്കാന്‍ അത് പ്രേരിപ്പിക്കുന്നു. രണ്ടാമത്, സമാധാനവും സന്തോഷവും ഇല്ലാത്ത കുടുംബങ്ങളോട് കരുണ കാണിക്കാന്‍ ഈ പ്രബോധനം ഉത്തേജിപ്പിക്കുന്നു.

‘കുടുംബം ഒരു പ്രശ്‌നമല്ല, മറിച്ച് ഒരു അവസരമാണ്’ എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ ആമുഖം അവസാനിക്കുന്നത്. ആധുനിക കാലത്തില്‍ കുടുംബങ്ങള്‍ കടന്നു പോകുന്ന പ്രതിസന്ധികളെയും കുടുംബം നല്‍കുന്ന പ്രതീക്ഷകളെയും കൊളുത്തുന്ന വിളക്കുകളെയും ആഴത്തില്‍ അവതരിപ്പിക്കുന്ന ഈ പ്രബോധനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വരും ദിവസങ്ങളില്‍ ഹൃദയവയല്‍ അവതരിപ്പിച്ചു കൊണ്ടിരിക്കും. പ്രിയ വായനക്കാര്‍ക്ക്, കുടുംബങ്ങളുടെ സന്തോഷത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം.

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login