കുടുംബജീവിതം ഒരു തീര്‍ത്ഥാടന പരമ്പരയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: കുടുംബജീവിതം ഒരു തീര്‍ത്ഥാടനപരമ്പരയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തിരുക്കുടുംബത്തിന്റെ തിരുനാള്‍ ദിനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. ഏല്‍ക്കാനയും ഹന്നായും തങ്ങളുടെ മകന്‍ സാമുവലിനെ ദൈവത്തിന് കാഴ്ചവച്ചതും യൗസേപ്പും മേരിയും ഉണ്ണീശോയുമായി ജറുസലേം ദൈവാലയത്തിലേക്ക് തീര്‍ത്ഥാടനം പോയതുമായ തിരുവചനഭാഗങ്ങളെ ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചനസന്ദേശം.

ഈ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ കത്തീഡ്രലുകള്‍ കരുണയുടെ വാതില്‍ തുറന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. അവിടങ്ങളിലേക്ക് കുടുംബം ഒന്നിച്ച് തീര്‍ത്ഥാടനം നടത്തുക. പിതാക്കന്മാരും മാതാക്കന്മാരും കുട്ടികളും ഒരുമിച്ച് കര്‍ത്താവിന്റെ ഭവനത്തിലേക്ക് പ്രവേശിച്ച് വിശുദ്ധമായ ദിവസം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കട്ടെ. പ്രാര്‍ത്ഥന ഒരു പ്രധാനപ്പെട്ട പ്രബോധനമാണ്. ജോസഫും മേരിയും ഈശോയെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത് തന്നെ ഒരുതരം തീര്‍ത്ഥാടനമാണ്.

ഒരുമിച്ച് നടന്നുനീങ്ങാന്‍ നമുക്ക് വഴികളുണ്ട്. അങ്ങനെ പോകുമ്പോള്‍ നമ്മള്‍ ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കുന്നു. എന്നാല്‍ അതുമാത്രമാകരുത് സന്തോഷത്തിന്റെ നിമിഷങ്ങളും അനുഭവിക്കാന്‍ കഴിയണം. ജീവിതത്തിന്റെ ഈ തീര്‍ത്ഥാടനങ്ങളില്‍ നമുക്ക് പ്രാര്‍ത്ഥനയുടെ നിമിഷങ്ങളും പങ്കുവയ്ക്കാന്‍കഴിയണം. ഓരോ ദിവസത്തിന്റെ ആരംഭത്തിലും അന്ത്യത്തിലും മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ തലയില്‍ കൈകള്‍ വച്ച് അനുഗ്രഹിക്കുന്നതിലും മനോഹരമായി മറ്റെന്താണുള്ളത്? ഓരോ ദിവസവും മക്കളെ അനുഗ്രഹിക്കുക, ദൈവത്തിന് അവരെ സമര്‍പ്പിക്കുക. ഏല്‍ക്കാനയും അന്നായും ചെയ്തതുപോലെ..ജോസഫും മേരിയും ചെയ്തതുപോലെ.

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കുടുംബാംഗങ്ങള്‍ ഭക്ഷണത്തിന് മുമ്പ് ഒരുമിച്ച് ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത്..ഇതൊക്കെ ചെറിയ കാര്യങ്ങളായിരിക്കാം. എന്നാല്‍കുടുംബജീവിതത്തെ ഓരോ ദിനവും ഒരു തീര്‍ത്ഥാടനമാക്കുന്നതില്‍ ഇവയ്‌ക്കൊക്കെ വലിയപങ്കുവഹിക്കാനുണ്ട്. തീര്‍ത്ഥാടനം ലക്ഷ്യസ്ഥാനത്ത് അവസാനിപ്പിച്ചതില്‍ മാത്രം ഒതുക്കിനിര്‍ത്തരുത്. നാം തിരികെ വീട്ടിലെത്തി ആധ്യാത്മികസാധനകള്‍ തുടരണം. യേശു എന്താണ് ചെയ്തത് എന്ന് നമുക്കറിയാം. നസ്രത്തില്‍ തിരികെയെത്തി മാതാപിതാക്കള്‍ക്ക് അനുസരണയുള്ള മകനായി ജീവിച്ചു. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login