കുടുംബത്തിന്റെ സുവിശേഷം

കുടുംബത്തിന്റെ സുവിശേഷം

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയുടെ പ്രസക്തഭാഗങ്ങള്‍ 5

കുടുംബത്തെക്കുറിച്ചുള്ള ദൈവികപദ്ധതി

മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുകൊണ്ടും (ഉത്പ 1:27) വര്‍ദ്ധിച്ചു പെരുകാന്‍ ആശിര്‍വദിച്ചുകൊണ്ടു (ഉത്പ 1:28) ദൈവം കുടുംബത്തിനു രൂപം നല്‍കി. ഒരാള്‍ തന്നെത്തന്നെ നല്‍കിയും മറ്റെ വ്യക്തിയെ സ്വീകരിച്ചും സ്ത്രീയും പുരുഷനും ഒരു ശരീരമായിതീരുന്നു (ഉത്പ 2,24). ദൈവത്തിന്റെ സഹായത്താല്‍ അവര്‍ കുട്ടികളെ ജനിപ്പിക്കുന്നു. ഇവിടെ നമ്മുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമതായി, ദൈവം ദമ്പതികളെ തന്റെ ഛായയും സാദൃശ്യവും കൊണ്ട് (ഉത്പ 1,27) മുദ്രിതമാക്കുന്നു. ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു. പുരുഷന്‍ ഒറ്റയ്ക്ക് ദൈവത്തിന്റെ ഛായയല്ല. സ്ത്രീയും ഒറ്റയ്ക്ക് ദൈവത്തിന്റെ ഛായയല്ല. മറിച്ച, സ്ത്രീയും പുരുഷനും ദമ്പതികള്‍ എന്ന നിലയിലാണ് ദൈവത്തിന്റെ ഛായയായിരിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം പരസ്പരം വിരുദ്ധമായിരിക്കാനോ കീഴടക്കാനോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല. മറിച്ച് ആ വ്യത്യാസം സംസര്‍ഗത്തിനും പ്രജനനത്തിനും വേണ്ടിയുള്ളതാണ്. അവര്‍ എപ്പോഴും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്. കുടുംബത്തില്‍ വ്യക്തിയുടെ മഹത്വവും വിളിയും മനസ്സിലാക്കേണ്ടത്, സ്ത്രീയുടെയും പുരുഷന്റെയും പ്രത്യേകവൈവിധ്യത്തിന്റെയും വൈയക്തിക തനിമയുടെയും ബന്ധത്തിലാണ്. കൂടാതെ, സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ സംഗ്രഹത്തില്‍ നാം കാണുന്നതു പോലെ സ്ത്രീയും പുരുഷനും തുല്യമഹത്വമുള്ള രണ്ടു വ്യത്യസ്ത വ്യക്തികളാണ്. എന്നാല്‍, അത് ഒരു നിശ്ചിത തുല്യതയല്ല. എന്തെന്നാല്‍, സ്ത്രീയുട പ്രത്യേകത പുരുഷന്റെ പ്രത്യേകതയില്‍ നിന്നും വ്യത്യസ്തമാണ്. തുല്യതയിലുള്ള വ്യത്യസ്തത ജീവിതത്തിന്റെ താളാത്മകതയെ സമ്പന്നമാക്കുന്നതും അതിന് ഒഴിച്ചുകൂടാനാവാത്തതുമാണ്. സ്ത്രീ പുരുഷന്റെ പൂരകമാണ്. സ്ത്രീയും പുരുഷനും പരസ്പരം പൂര്‍ണമാക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞതുപോലെ തീര്‍ച്ചയായും സ്ത്രീ പുരുഷനു സഹായിയാണ്. പുരുഷന്‍ സ്ത്രീക്ക് സഹായി ആയിരിക്കുന്നതുപോലെ തന്നെ.

രണ്ടാമതായി, വിവാഹത്തിന്റെ ഐക്യപരവും പ്രജനനപരവുമായ വശങ്ങളുടെ പരസ്പരപൂരകത്വസ്വഭാവം മനുഷ്യസൃഷ്ടിയില്‍ പ്രകാശിതമായ ദൈവത്തിന്റെ പദ്ധതിയാണ്. വിവാഹം ഒരേ സമയം ശാരീരികവും ആത്മീയവുമായ ഐക്യമാണ്. പുരുഷന്റെയും സ്ത്രീയുടെയും അതിന്റെ പൂര്‍ണ്ണ അര്‍ത്ഥം നിലനിര്‍ത്തുന്നത്, അത് വികസനത്തിന്റെ തത്വവും ജീവന്റെ ഉറവിടവുമായിരിക്കുമ്പോഴും ദാമ്പത്യപ്രവൃത്തിയുടെ ആന്തരികഘടന നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോഴാണ്. ദാമ്പത്യപ്രവൃത്തിയുടെ മഹത്വം അതിന്റെ നാല് അടിസ്ഥാന വശങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. 1) ദാമ്പത്യപ്രവൃത്തി ഒരേസമയം ദമ്പതികള്‍ക്കു പരസ്പരവും ദൈവത്തോടും ഉള്ള സഹകരണമാണ്. 2) ദാമ്പത്യപ്രവൃത്തിക്ക് പല ലക്ഷ്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് ജീവനോടുള്ള തുറവിയാണ്. അതായത്, അതിന്റെ പ്രജനനപരമായ മാനം ആ പ്രവൃത്തിയുടെ ആന്തരികഘടന ദൈവം പ്ലാന്‍ ചെയ്തിരിക്കുന്നതുപോലെ നിലനിര്‍ത്തുന്നു.അതിനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശേഷിപ്പിച്ചത്, വിവാഹത്തിന്റെ അതിശ്രേഷ്ഠമായ മഹത്വമെന്നാണ്. 3) ദാമ്പത്യപ്രവൃത്തി അടിസ്ഥാമപരമായി പരസ്പരമുള്ളതും പരസ്പരപൂരകവുമായ ഒരു ദാനത്തിന്റെ നിമിഷമാണ്. അഥവാ, ആത്മാവ്, ശരീരം, ആര്‍ദ്രത, സ്‌നേഹം എന്നിവയുടെ ഗാഢമായ ഒന്നാകലാണ്. 4) ദാമ്പത്യപ്രവൃത്തിക്കു സ്വര്‍ഗീയമായ സൗന്ദര്യവും പരിശുദ്ധിയും അതിന്റെ സത്തയില്‍ നിന്ന്, അതായത് ജനനേന്ദ്രിയ സംയോഗത്തില്‍നിന്ന് ഉരുത്തിരിയുന്നു; ഉത്തരവാദിത്വപൂര്‍ണവും ആത്മീയവുമായ ഒരു പ്രവൃത്തിയെന്ന നിലയില്‍ നിര്‍വഹിക്കുന്ന രീതിയില്‍ നിന്ന് അത് ഉണ്ടാകുന്നു.

ദാമ്പത്യപ്രവൃത്തി പരിശുദ്ധമായ കര്‍മ്മം: വിശുദ്ധ ഗ്രന്ഥവും സഭയുടെ ഔദ്യോഗിക പ്രബോധനവും ദാമ്പത്യപ്രവൃത്തിയെ പരിശുദ്ധ കര്‍മ്മമായി കാണുന്നു. അത് അവരുടെ സ്‌നേഹപൂര്‍ണവും അഭേദ്യവുമായ ബന്ധത്തിന്റെ പ്രകാശനമാണ്. ദാമ്പത്യബന്ധത്തെ അതു ശക്തിപ്പെടുത്തുന്നു. ഒന്നാകുന്നതിനുള്ള ആഗ്രഹം ദമ്പതികളുടെ ഹൃദയത്തില്‍ മുദ്രിതമാക്കിയിരിക്കുന്നത് ദൈവം തന്നെയാണ്. പരസ്പരദാനത്തോടെയുള്ള ഒന്നാകല്‍ പ്രവൃത്തി ദൈവേഷ്ടം നിറവേറ്റലാണ്. ആ പ്രവൃത്തിയുടെ ഫലദായകത്വം, അത് ഗര്‍ഭധാരണമോ ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഗാഢമായ അടുപ്പമോ ആകാം, ദൈവത്തിന്റെ ദാനമാണ്.

ജീവിതപങ്കാളികള്‍ തമ്മിലുള്ള ശരിയായ, ഉത്തരവാദിത്വപൂര്‍ണമായ, സ്‌നേഹാര്‍ദ്രമായ ദാമ്പത്യപ്രവൃത്തി ദൈവത്തിന്റെ പദ്ധതിയില്‍ സ്‌നേഹത്തിന്റെ വെറും പ്രകാശനം മാത്രമല്ല, മറിച്ച് സ്‌നേഹത്തിന്റെ അനുഭവവും സമ്പന്നമാക്കലുമാണ്. അങ്ങനെ അതൊരു പരിശുദ്ധ കര്‍മ്മമാകുന്നു. അതിനാല്‍ ദാമ്പത്യജീവിതത്തിലെ വിശുദ്ധി ഒരുതരത്തിലും ലൈംഗികപ്രവൃത്തി ഒഴിവാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

ഐക്യപരവും പ്രജനനപരവുമായ മാനങ്ങല്‍: സൃഷ്ടിക്കുന്ന ദൈവം പരിപാലിക്കുന്നവനുമാണ്. അതിനാല്‍, വിവാഹത്തിന്റെ പ്രജനനവശം ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വത്തിന്റെ കടമകളുടെ വസ്തുനിഷ്ഠമായ ബന്ധത്തില്‍ മനസിലാക്കണം. എന്നാല്‍, വിവാഹത്തിന്റെയും കുടുംബത്തിന്റെയും ചരിത്രപരമായ യാഥാര്‍ത്ഥ്യം പാപം കാരണം, ദൈവികപദ്ധതിയില്‍ നിന്ന് അകന്നുപോയി. വിവാഹത്തിന്റെയും കുടുംബത്തിന്റെയും മുഴുവന്‍ ദൈവജനത്തിന്റെയും ആദിമദൈവശാസ്ത്രസമഗ്രത കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി രക്ഷയുടെ ചരിത്രത്തില്‍ കല്പനകളും (നിയ 5:121) ഇളവുകളും (നിയ 24:14) നല്‍കപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിവാഹത്തിന്റെ ആദിമരൂപത്തിലുണ്ടായിരുന്ന അവസ്ഥയിലേക്ക് സുനിശ്ചിതമായ പുനരുദ്ധാരണം നടത്തിയത് ഈശോമിശിഹായാണ് (മര്‍ക്കോ 10:112). അവനിലൂടെ കൃപയും സത്യവും എല്ലാവരിലും എത്തി (യോഹ 1:17).

വിവാഹത്തിന്റെ അവിഭാജ്യത: വിവാഹമെന്ന കൂദാശയില്‍ സാക്ഷാത്കരിക്കപ്പെട്ട ദാമ്പത്യബന്ധം മിശിഹായും സഭയും തമ്മിലുള്ള ഉടമ്പടിയില്‍ നിന്ന് അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം സ്വീകരിക്കുന്നു (എഫേ 5:32). വിവാഹത്തില്‍ ഒന്നിച്ചുവരുന്ന ദമ്പതികളെയും എല്ലാ കുടുംബാംഘങ്ങളെയും പരിശുദ്ധാത്മാവില്‍ ഐക്യപ്പെടുത്തിക്കൊണ്ട് മിശിഹാ ഓരോ കുടുംബത്തെയും മിശിഹാ ഓരോ കുടുംബത്തെയും ഭൂമിയില്‍ ദൈവത്തിന്റെ സ്‌നേഹത്തിനും ജീവനും സാക്ഷ്യമേകാന്‍ പ്രാപ്തിയുള്ളതാക്കുന്നു. അങ്ങനെ മിശിഹാ പരിശുദ്ധ ത്രീത്വത്തിന്റെ സാദൃശ്യത്തില്‍ കുടുംബത്തെ പുനരുദ്ധരിക്കുന്നു. മനുഷ്യാവതാരം ചെയ്ത വചനത്തിന്റെ രഹസ്യത്തില്‍ മാത്രം വ്യക്തിയുടെ രഹസ്യം പ്രകാശിതമാകയാല്‍ ഒരുവന്‍ വൈയയക്തികജീവിതം, വിവാഹരഹസ്യത്തിന്റെ ആഴം, കുടുംബബന്ധങ്ങളുടെ ശരിയായ സൗന്ദര്യം എന്നിവ മനസിലാക്കാന്‍ മിശിഹാ കേന്ദ്രീകൃതമായ താക്കോല്‍ ഉപയോഗിക്കണം.

ആദിമ ദൈവികപദ്ധതി ഊന്നിപ്പറഞ്ഞുകൊണ്ട് ഈശോ വിവാഹത്തിന്റെ അവിഭാജ്യത വീണ്ടും ഉറപ്പിച്ചു (മത്താ 19:6). തങ്ങളുടെ ക്രൈസ്തവവിവാഹ പൂര്‍ണ്ണതയോടും സന്തോഷത്തോടുംകൂടെ ജീവിക്കുന്ന ദമ്പതികള്‍ അവിഭാജ്യതയുടെയും ദാമ്പത്യവിശ്വസ്തതയുടെയും മൂല്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഓരോ പങ്കാളിക്കും മറ്റേ ആളോടുള്ള നീണ്ടുനില്‍ക്കുന്ന സ്‌നേഹത്തിലും തങ്ങളെ ഒന്നിപ്പിച്ച ദൈവത്തോടും ദൈവം തങ്ങളെ ഭരമേല്‍പിക്കുന്ന എല്ലാവരോടും പ്രത്യേകിച്ച് തങ്ങളുടെ മക്കളോടുമുള്ള പൊതുസമര്‍പ്പണത്തിലും അതു പ്രായോഗികമായി പ്രകാശിപ്പിക്കപ്പെടുന്നു.

വിവാഹം പൂര്‍ണജീവിതത്തിന്റെ സംസര്‍ഗം: വിവാഹമെന്ന കൂദാശ ദമ്പതികളെ മുഴുവന്‍ ജീവിതത്തിന്റെയും സംസര്‍ഗം ജീവിക്കാന്‍ ക്ഷണിക്കുന്നു. അത് താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു: പങ്കാളിയുടെ സുസ്ഥിതിയ്ക്കും സന്തോഷത്തിനും വേണ്ടതു നല്‍കുന്ന അര്‍പ്പണസ്‌നേഹം, ദാമ്പത്യധാര്‍മ്മികതയോടുള്ള ആദരം, ദാമ്പത്യസൗഹൃദം സ്ഥാപിക്കുന്നതില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പരസ്പരമുള്ള ഉത്തരവാദിത്വം, കുടുംബത്തിന്റെ ഭൗതികസുസ്ഥിതിക്കു വേണ്ടതു നല്‍കല്‍- അതിന് ജോലിയില്‍ സ്ഥിരത, ബഡ്ജറ്റിലുള്ള ദീര്‍ഘവീക്ഷണം, ദാമ്പത്യജീവിതവും താളാത്മകതയും അപകടത്തിലാക്കുന്ന വിവേകമില്ലാത്ത വികാരങ്ങള്‍, ചേദനകള്‍ എന്നിവയുടെ മേലുള്ള വിജയം എന്നിവ വേണം.

കുടുംബം ഗാര്‍ഹികസഭയെന്ന നിലയില്‍

വിവാഹത്തിലേക്കു പ്രവേശിക്കാനുള്ള വിളിയും അതിനെ അനുഗമിക്കുന്ന കൃപയും ദൈവത്താല്‍ നല്‍കപ്പെടുന്നു. വിവാഹം കുടുംബജീവിതത്തിലേക്കു നയിക്കുന്നു (മത്താ 19:11). വിവാഹമെന്ന കൂദാശയിലൂടെ ഐക്യപ്പെടുന്ന ദമ്പതികള്‍ മിശിഹായും സഭയും തമ്മിലുള്ള ഐക്യത്തിലും ഫലദായകസ്‌നേഹത്തിലും പങ്കുചേരുകയും അതിനെ പ്രതീകവത്കരിക്കുകയും ചെയ്യുന്നു (എഫേ 5:32).വിവാഹജീവിത്തില്‍നിന്ന് കുടുംബം ഉണ്ടാകുന്നു. അവിടെ മനുഷ്യസമൂഹത്തിന്റെ പുതിയ പൗരന്മാര്‍ ജനിക്കുന്നു. കുടുംബജീവിതത്തിലേക്കുള്ള വിളി, വിശുദ്ധിയിലേക്കുള്ള ദൈവികക്ഷണമാണ്. കുടുംബം ഗാര്‍ഹികസഭയാണ്. അവിടെ മാതാപിതാക്കന്മാര്‍ വിശ്വാസം പ്രസംഗിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് ഓരോ അംഗത്തിന്റെയും വിളി എന്തെന്ന് വിവേചിക്കുകയും അതു പ്രോത്സാഹിപ്പിക്കുകയും കൂടി ചെയ്യുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞതുപോലെ, തീര്‍ച്ചയായും കുടുംബം സഭയുടെ പാതയാണ്. കുടുംബത്തിന്റെ സുവിശേഷം അതിന്റെ ഉറവിടമായ ത്രിതൈ്വകസ്‌നേഹത്തോടും ജീവനോടും അതിന്റെ തുടര്‍ച്ചയും ആത്മപ്രതിഫലനവുമായ സഭയോടും മനുഷ്യവര്‍ഗത്തോടും പ്രകൃതിയോടുമുള്ള അതിന്റെ സുസ്ഥിരമായ ഐക്യദാര്‍ഢ്യത്തോടും പ്രത്യേകിച്ച് ദരിദ്രരോടും പലതരത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടരോടും ബന്ധപ്പെട്ടതാണ്. കുടുംബത്തിന്റെ സുവിശേഷം വ്യത്യസ്ത പ്രാദേശിക സഭാത്മക പശ്ചാത്തലത്തില്‍ എപ്പോഴും അനേകം പുതിയ രീതികളില്‍ ജീവിക്കുന്നുവെങ്കിലും എല്ലാ കുടുംബങ്ങളും അതിനുള്ള ആന്തരിക ലക്ഷ്യബോധം അനുദിനകുടുംബപ്രാര്‍ത്ഥനയില്‍ നിന്നാണ് സ്വീകരിക്കുന്നത്. കുടുംബപ്രാര്‍ത്ഥനയില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ ദൈവികവായനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. കുടുംബപ്രാര്‍ത്ഥനയാല്‍ പുഷ്പിക്കുന്ന ആന്തരിക ആത്മീയ ജീവിതം കുടുംബങ്ങളെ തങ്ങളുടെ പ്രാദേശിക സഭാത്മകസമൂഹത്തോടുകൂടെ പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ കുടുംബ ആദ്ധ്യാത്മികത ദിവ്യകാരുണ്യ ആദ്ധ്യാത്മികതയിലേക്കു നയിക്കുന്നു. അത് തിരിച്ച്, കുടുംബ ആദ്ധ്യാത്മികതയെ പരിപോഷിപ്പിക്കുന്നു

പരിശുദ്ധ സഭാമാതാവിന്റെ ഓരോ സന്താനവും അതിശ്രേഷ്ഠമായ ഒരു വിളിയെക്കുറിച്ച് അവബോധമുള്ളവനാകുന്നത് കുടുംബമെന്ന ആദ്യസഭാത്മകവേദിയിലാണ്. സ്‌നേഹിക്കാനുള്ള വിളിയാണത്. സഭയില്‍ പുതുതായി ജനിക്കുന്ന ഓരോ സന്താനത്തിനും കുടുംബത്തില്‍ മാതാപിതാക്കന്മാരും മുതിര്‍ന്നവരും വിശ്വാസം, പ്രതീക്ഷ, ഉപവി എന്നിവയുടെ ഒരു ജീവിതം നയിക്കാന്‍ വേണ്ട പ്രാഥമികവും നിരന്തരവുമായ മതപരിശീലനം നല്‍കുന്നു. ഓരോ പ്രദാശികസഭാസമൂഹവും കുടുംബങ്ങളില്‍ ജീവിക്കുകയും അവയിലൂടെ രൂപപ്പെടുകയും ചെയ്യുന്നതുപോലെ ഓരോ കുടുംബവും അതിന്റെ ക്രൈസ്തവ ഉത്ഭവവും സമൂഹാത്മക അനന്യതയും സഭയില്‍ കണ്ടെത്തുന്ന. സഭാസമൂഹം അതു ഇചവകാതലത്തിലോ രൂപതാ തലത്തിലോ സാര്‍വത്രികതലത്തിലോ ഉള്ളതാകട്ടെ, അത് കുടുംബങ്ങള്‍ക്ക് ആത്മീയ സാമൂഹിക സേവനങ്ങള്‍ നല്‍കപ്പെടുന്ന കേവലം ഒരു സെന്ററല്ല. മറിച്ച് കുടുംബങ്ങള്‍ ജനിക്കുന്ന ഒരു സ്ഥലമാണ്. അവിടെ കൗദാശിക കൃപ, അജപാലനശുശ്രൂഷ, സാമൂഹികമായ പങ്കുചേരല്‍ എന്നിവയിലൂടെ കുടുംബങ്ങള്‍ പരിപോഷിക്കപ്പെടുന്നു. ഇന്ത്യയിലേയും വിദേശത്തെയും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ കത്തേലിക്കാ കുടുംബങ്ങള്‍ അവരുടെ സീറോ മലബാര്‍ സഭാത്മക പാരമ്പര്യത്തിന്റെ അനന്യമായ ആചാരനുഷ്ഠാനങ്ങളും സാംസ്‌കാരിക സവിശേഷതകളും വ്യത്യസ്ത ഗാര്‍ഹിക പ്രാര്‍ത്ഥനാരീതികളിലൂടെ നടത്തിപ്പോരുന്നു. സഭ സ്വഭാവത്താലേ പ്രേഷിതയായിരിക്കുന്നതുപോലെ കുടുംബങ്ങള്‍ക്കും സുവിശേഷവല്‍കരണപരവും പ്രേഷിതത്വപരവുമായ ദൗത്യമുണ്ട്.

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന കോശമെന്ന നിലയില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതുപോലെ കുടുംബം സമൂഹത്തിന്റെ അടിസ്ഥാനമായി നില്‍ക്കുന്നു. ചെറുപ്പക്കാരും വൃദ്ധരും, സ്ത്രീകളും പുരുഷന്മാരും എല്ലാവരും സന്തോത്തോടെ കുടുംബത്തില്‍ ഒന്നിച്ചു ജീവിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍, കുടുംബം കൂടുതല്‍ സമ്പന്നമായ മാനുഷികതയുടെ വിദ്യാലയമാണ്. കുടുംബത്തില്‍ വ്യക്തികള്‍ തങ്ങളെത്തന്നെ പരസ്പരം ബന്ധപ്പെട്ടവരായി കണ്ടെത്തുന്നു. ബന്ധത്തെ ഒരു ദാനമായി വിലമതിക്കാന്‍ അത് അവരെ പഠിപ്പിക്കുന്നു. കുടുംബത്തില്‍ വ്യക്തികള്‍ സ്വീകരിക്കപ്പെട്ടവരായും ശ്രദ്ധിക്കപ്പെട്ടവരായും അനുഭവിക്കുന്നു. പ്രത്യേകിച്ച് ഒരംഗം കഴിവുകുറവ്, രോഗം, വാര്‍ദ്ധക്യം എന്നിവയാല്‍ വ്രണിതനാകുമ്പോള്‍. ഒരു പ്രദേശത്തെ ആളുകളുടെ സാംസ്‌കാരിക ശ്രേഷ്ഠത വന്‍തോതില്‍ അവിടുത്തെ കുടുംബങ്ങളുടെ ഗുണത്താലാണ് നിശ്ചയിക്കുന്നത്. എല്ലാ വ്യക്തികളുടെയും മഹത്വം സമൂര്‍ത്തമായി ഉറപ്പിക്കുന്നതില്‍ അതു പ്രകാശിതമാകുന്നു. അതിനാല്‍, സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ സമിതികളും വിവാഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവവും കുടുംബത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ദൗത്യങ്ങളും അംഗീകരിക്കുകയും സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു. കുടുംബങ്ങളുടെ ഗുണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ക്ഷേമസംവിധാനങ്ങള്‍ സ്ഥാപിച്ചുകൊണ്ടും എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഉറപ്പാക്കിക്കൊണ്ടും സാമൂഹിക സാമ്പത്തിക ലിംഗപരമായ അസമത്വങ്ങളെ ഏറ്റവും കുറച്ചുകൊണ്ടും യുവജനങ്ങള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും മതസ്വാതന്ത്രം ഉറപ്പാക്കിക്കൊണ്ടും ഉചിതമായ പൊതുനയങ്ങള്‍ രൂപീകരിക്കുന്ന ഒരു രാഷ്ട്രം യഥാര്‍ത്ഥത്തില്‍ അതിന്റെതന്നെ ശോഭനമായ ഭാവിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

You must be logged in to post a comment Login