കുടുംബവും ക്രൈസ്തവപരിശീലനവും

കുടുംബവും ക്രൈസ്തവപരിശീലനവും

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയുടെ പ്രസക്തഭാഗങ്ങള്‍ 8

വിവാഹ ഒരുക്കക്കോഴ്‌സ് രൂപതകള്‍ നവീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവാഹരീതിയിലും കുടുംബജീവിതത്തിലുമുള്ള പ്രാദേശികവും ആഗോളപരവുമായ പ്രശ്‌നങ്ങളും പ്രവണതകളും പരിഗണിച്ചുവേണം അതു ചെയ്യാന്‍. പുതിയ ദമ്പതികളെ ഒരുക്കുന്നതിലും അവര്‍ക്ക് തുടര്‍പരിശീലനം നല്‍കുന്നതിലും ചുരുങ്ങിയ പക്ഷം ഇടവകയില്‍നിന്ന് ഒരു സ്‌പോണ്‍സര്‍ ദമ്പതിയോ, സാധ്യമെങ്കില്‍ രണ്ടോ മൂന്നോ ദമ്പതികളും ഒരു വൈദികനും ഒരു സന്യസ്ത സിസ്റ്ററും ഉള്‍ക്കൊള്ളുന്ന ഒരു ടീമോ, ഉള്‍പ്പെടുന്നതു നല്ലതാണ്.

പ്രാരംഭകൂദാശയില്‍ തലതൊട്ടപ്പനും തലതൊട്ടമ്മയും ചെയ്യുന്നതുപോലെ സ്‌പോണ്‍സര്‍ ദമ്പതികള്‍ക്ക് വിവാഹത്തിന്റെ അടുത്ത തയ്യാറെടുപ്പിലും വിവാഹമെന്ന കൂദാശയുടെ ആരാധനാക്രമത്തിലും ദവദമ്പതികളുടെ കുടുംബജീവിതത്തിന്റെ ആദ്യനാളുകളിലും പ്രത്യേകം സ്ഥാനം ഉണ്ടായിരിക്കുക ഉപകാരപ്രദമാണ്. പരിശീലനം ലഭിച്ച ടീമിന് തുടര്‍പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കാന്‍ പറ്റുന്നിടത്തൊക്കെ ദമ്പതികളെ, പ്രത്യേകിച്ചും വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസമായവരെ വിളിച്ചുകൂട്ടാനാവും. നവദമ്പതികളുടെ വൈവാഹിക അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതുപരിഹരിക്കാന്‍ അവരെ സഹായിക്കുന്നതിനും ടീമിനു സാധിക്കും. അനേകം ഇടവകകളില്‍ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള സ്തുത്യര്‍ഹമായ സംരംഭങ്ങള്‍ അല്‍മായര്‍ നടത്തുന്നുണ്ട്; പ്രത്യേകിച്ചും കുടുംബങ്ങള്‍ക്കുള്ളിലും കുടുംബങ്ങല്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന്. അജപാലകര്‍ ഈ പുതിയ അപ്പസ്‌തോലിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും നയിക്കുകയും അവയുമായി കൈകോര്‍ക്കുകയും വേണം.

വൈദികരുടെയും ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സന്യസ്തരുടെയും അജപാലനശുശ്രൂഷയില്‍ സഭ കുടുംബപ്രേഷിതത്വത്തിനു പ്രാമുഖ്യം നല്‍കണം. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയിലേക്ക് ഭാവിയില്‍ കടന്നുവരുന്നവര്‍ പാടവമുള്ളവരും ഫലദായകരുമാകാന്‍ കത്തോലിക്കാ കുടുംബപ്രേഷിതത്വത്തിന്റെ സമീപനങ്ങള്‍ സെമിനാരികളുടെയും സന്യസ്തപരിശീലന കേന്ദ്രങ്ങളുടെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇപ്പോള്‍ ശുശ്രൂഷയിലായിരിക്കുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും കുടുംബപ്രേഷിതത്വത്തെക്കുറിച്ചള്ള ഹ്രസ്വകാല ഉപരികോഴ്‌സുകള്‍ നല്‍കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ കുടുംബപ്രേഷിത്വത്തില്‍ അവര്‍ക്കുള്ള അറിവും വൈദഗ്ധ്യവും നവീകരിക്കാനാവും;

കുടുംബകാര്യങ്ങളില്‍ സാര്‍വത്രികസഭയ്ക്കുള്ള നവീകൃത തീക്ഷ്ണതയിലും സമര്‍പ്പണത്തിലും പങ്കുചേരാനുമാകും. വിവാഹം, കുടുംബം, എന്നിവയെക്കുറിച്ചുള്ള പഠനഗവേഷണങ്ങള്‍ക്കായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടും (ചങ്ങനാശ്ശേരിയിലെ കാനാ), തിരുക്കുടുംബ സന്യാസിനികള്‍ നടത്തുന്ന തൃശൂര്‍ വേലൂരിലെ FATRI യും വലിയ സഹായമാണ്. കുടുംബങ്ങളുടെ നവീകരണത്തിനും വിശുദ്ധിക്കുംവേണ്ടി പ്രവര്‍ത്തിക്കാന്‍ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന കാര്യം മറക്കരുത്. കുടുംബപ്രേഷിതത്വം ഭംഗിയായി നിര്‍വഹിക്കുന്നതിന് പക്വതയും തീക്ഷ്ണതയുമുള്ള ദമ്പതികളെ തിരഞ്ഞെടുത്ത് കുടുംബശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നതു ഉത്തമമാണ്. നമ്മുടെ സഭയിലെ ചില രൂപതകള്‍ അപ്പസ്‌തോലിക ദമ്പതികള്‍ക്കായി വിജയപ്രദമായ പരിശീലനപരിപാടികള്‍ കരുപ്പിടിപ്പിച്ചിട്ടുണ്ടെന്നതും സന്തോഷകരമാണ്.

ശരിയായ ലൈംഗിക വിദ്യാഭ്യാസം നമ്മുടെ ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യമാണ്. ഇന്നത്തെ സൈബര്‍- ഡിജിറ്റല്‍ യുഗത്തില്‍, പകുതിയിലധികം ലൈംഗിക വിവരങ്ങല്‍ കുട്ടികള്‍ക്കു ലഭിക്കുന്നത് ഇന്റര്‍നെറ്റ് വഴിയാണ്. പോര്‍ണോഗ്രഫിയിലൂടെ അതു മിക്കപ്പോഴും നല്‍കപ്പെടുന്നു. പോര്‍ണോഗ്രഫി മാനുഷിക ലൈംഗികത എന്ന പരിശുദ്ധവുംശക്തവുമായ ദൈവികദാനത്തിന്റെ വിഷമയമായ വ്യാജമാക്കലും ദുരൂപയോഗിക്കലുമാണ്. സഭയും മാതാപിതാക്കന്മാരും യഥാര്‍ത്ഥ ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കുക എന്ന പ്രധാനപ്പെട്ട ദൗത്യത്തില്‍ നിന്ന് മാറി നിന്നാല്‍, കുട്ടികള്‍ക്ക് അതു മറ്റു സ്ഥലങ്ങളിലും സാഹചര്യങ്ങലിലും നിന്നുമായിരിക്കും കിട്ടുക എന്ന കാര്യം നാം ഓര്‍മ്മിക്കണം.

ഗവണ്‍മെന്റില്‍ നിന്നുള്ള പൊതുസഹായങ്ങള്‍ നേടിയെടുക്കുന്നതിന് കുടുംബങ്ങളെ ഫലപ്രദമായി സഹായിക്കാന്‍ സഭയ്ക്കു കഴിയും. സത്യത്തില്‍ ദേശീയ സംസ്ഥാന പഞ്ചായത്ത് തലങ്ങലിലുള്ള അസംഖ്യം പ്രോഗ്രാമുകളെക്കുറിച്ച് നമ്മുടെ മിക്ക കുടുംബങ്ങള്‍ക്കും വേണ്ടത്ര അറിവില്ല. ആ സഹായങ്ങള്‍ അവയ്ക്ക് ന്യായാനുസൃതം അവകാശപ്പെട്ടതാണ്. ഓരോ രൂപതയിലേയും സാമൂഹിക ക്ഷേമപ്രവര്‍ത്തന സെന്ററുകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അങ്ങനെ നമ്മുടെ കുടുംബങ്ങളെ സാമ്പത്തികമായി ഉറപ്പുള്ളതും സാമൂഹികമായി ഉയര്‍ന്നുപോകുന്നതുമാക്കാന്‍ സഹായിക്കണം. സഭ കുടുംബങ്ങളെ ശാക്തീകരിക്കുകയും പരിശീലിപ്പിക്കുകയും വേണം.

പ്രത്യേകിച്ച് അതിലെ എല്ലാ അംഗങ്ങല്‍ക്കും സമഗ്ര പാരിസ്ഥിതിക വിദ്യാഭ്യാസം നല്‍കണം. ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: കുടുംബത്തില്‍ സമഗ്രമായ വിദ്യാഭ്യാസം നമുക്കു ലഭിക്കുന്നു. വ്യക്തിരൃപരമായ പക്വതയില്‍ സ്വരൈക്യത്തോടെ വളരുവാന്‍ അതു നമ്മെ സഹായിക്കുന്നു. നമുക്കു നല്‍കപ്പെട്ട ഒരു വസ്തുവിനെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ കൃതജ്ഞതയുടെ പ്രകാശനമായി, ആരും ആവശ്യപ്പെടാതെ തന്നെ നിനക്കു നന്ദി എന്നു പറയാന്‍ കുടുംബത്തില്‍ നാം പഠിക്കുന്നു. നമ്മുടെ അക്രമവാസനയും അത്യാഗ്രഹവും നിയന്ത്രിക്കാനും നാം ആരെയെങ്കിലും ദ്രോഹിച്ചാല്‍ മാപ്പു ചോദിക്കാനും കുടുംബത്തില്‍വച്ച് നാം പഠിക്കുന്നു. ഹൃദ്യമായ മര്യാദയുടെ ലളിതമായ ഈ പ്രകടനങ്ങള്‍, പങ്കുവയ്ക്കപ്പെടുന്ന ജീവിതത്തിന്റെ സംസ്‌കാരത്തെയും നമ്മുടെ പരിത:സ്ഥിതികളോടുള്ള ബഹുമാനത്തെയും സൃഷ്ടിക്കുന്നു.( തുടരും)

You must be logged in to post a comment Login