കുട്ടികള്ക്കായി സ്വരമുയര്ത്തി ഫ്രാന്സിസ് പാപ്പ

കുട്ടികള്ക്കായി സ്വരമുയര്ത്തി  ഫ്രാന്സിസ് പാപ്പ

pope and kidകുട്ടികള്‍ ഒരിക്കലും ഒരു ബാദ്ധ്യതയോ തെറ്റോ അല്ലെന്നും ഒരനുഗ്രഹമായി കാണുന്നതിനു പകരം അവരെ ചൂഷണം ചെയ്യുന്നതും ഉപേക്ഷിക്കുന്നതും തെറ്റായ പ്രവണതയാണെന്നും ഫ്രാന്‍സിസ് പാപ്പാ. കുടുംബങ്ങളിലും സമൂഹത്തിലും നിരവധി കുട്ടികള്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പുതിയ പ്രസ്താവന. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട, തെരുവുകളില്‍ അലയുന്ന പട്ടിണിപ്പാവങ്ങളായ കുട്ടികളുണ്ട്. തങ്ങള്‍ക്കു ലഭിക്കേണ്ട സ്‌നേഹവും കരുതലും വിദ്യാഭ്യാസവുമെല്ലാം നിഷേധിക്കപ്പെട്ട ഇത്തരം കുട്ടികളെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” നമ്മുടെ കണ്‍മുന്നില്‍ പീഡനങ്ങളനുഭവിക്കുന്ന ഇത്തരം ബാല്യങ്ങള്‍ നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. തെരുവില്‍ അലയുന്ന ഇത്തരം കുട്ടികളുടെ രോദനങ്ങള്‍ നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കണം”, സെന്റ്. പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ ഇത്തരം കുട്ടികളെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കു നയിച്ചേക്കാം. അങ്ങനെ അവര്‍ സ്വന്തം ആത്മാവിനെയും ശരീരത്തെയും നഷ്ടപ്പെടുത്തുകയാണ്. എന്നാല്‍ സ്വര്‍ഗീയ പിതാവ് ഇവരെക്കുറിച്ച് ഏറെ തത്പരനായിരിക്കുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ മേലുള്ള ഉത്തരവാദിത്ത്വം അവരുടെ മാതാപിതാക്കള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കുമുണ്ട്. കുട്ടികള്‍ക്കു വേണ്ടി ഒട്ടേറെ സഹനങ്ങള്‍ നേരിടേണ്ടി വരുന്ന മാതാപിതാക്കന്‍മാരെ മാര്‍പാപ്പ പ്രശംസിച്ചു. പീഡനങ്ങള്‍ക്കും ക്രൂരകൃത്യങ്ങള്‍ക്കും ഇരയാകേണ്ടി വരുന്ന കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് മാര്‍പാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്..

You must be logged in to post a comment Login