കുട്ടിസംഗമം സമാപിച്ചു

കുട്ടിസംഗമം സമാപിച്ചു

വത്തിക്കാന്‍: കളിചിരികളും കൊച്ചുവര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു മൂന്നു ദിവസമായി വത്തിക്കാനും പരിസരങ്ങളും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികളാണ് ജൂബിലിവര്‍ഷത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയത്. 13 നും 16 നും ഇടക്ക് പ്രായമുള്ളവരായിരുന്നു കുട്ടികളില്‍ ഭൂരിഭാഗവും.

ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സ്വന്തമാക്കിയാണ് കുട്ടികള്‍ മടങ്ങിയത്. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സിലായിരുന്ന പരിപാടിയുടെ സംഘാടകര്‍. 60,000 ല്‍ പരം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു.  വര്‍ണ്ണാഭമായ കലാസാംസ്‌കാരിക പരിപാടികളാണ് കുട്ടികളുടെ സംഗമത്തോടനുബന്ധിച്ച് വത്തിക്കാന്‍ ഒരുക്കിയത്.

ആദ്യദിനമായ 22 ന്,  കുട്ടികള്‍ വത്തിക്കാന്റെ രാജവീഥിയിലൂടെ നടന്ന് ജൂബിലികവാടം കടന്നു. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബസലിക്ക സന്ദര്‍ശിച്ച ഇവര്‍ക്ക് കുമ്പസാരിക്കാനുള്ള അവസരവും വത്തിക്കാന്‍ ഒരുക്കിയിരുന്നു. ഉച്ചക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ കുട്ടികള്‍ പത്രോസ് ശ്ലീഹായുടെ സമൃതിമണ്ഡപത്തെ സാക്ഷി നിര്‍ത്തി വിശ്വാസപ്രഖ്യാപനം നടത്തി.

അന്നേ ദിവസം രാത്രി റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കുട്ടികളെ കാത്തിരുന്നത് വര്‍ണ്ണവൈവിധ്യങ്ങള്‍ നിറഞ്ഞ കലാസന്ധ്യയായിരുന്നു. പാട്ടും ആട്ടവും നൃത്തവുമൊക്കെയായി അവര്‍ ആ ദിവസം ആഘോഷിച്ചു.  വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് കലാസന്ധ്യ അവതരിപ്പിച്ചത്.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തു മണിക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ കാര്‍മ്മികത്വത്തില്‍ കുട്ടകള്‍ക്കായി  ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. കുട്ടികള്‍ക്കായി പ്രത്യേക വചനസന്ദേശം നല്‍കിയ പാപ്പാ ക്രൈസ്തവ ജീവിതത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ് സ്‌നേഹം എന്നു പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിതം സുന്ദരമാക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

അവസാനദിവസമായ ഇന്നലെ റോമിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പ്രശസ്തമായ ഏഴ് ചത്വരങ്ങളും കുട്ടികള്‍ സന്ദര്‍ച്ചു. ഇതോടൊപ്പം നിരവധി ആത്മീയ സാക്ഷ്യങ്ങളും പ്രദര്‍ശനങ്ങളും  കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.

You must be logged in to post a comment Login