കുട്ടിസംഗമത്തിനൊരുങ്ങി വത്തിക്കാന്‍…

കുട്ടിസംഗമത്തിനൊരുങ്ങി വത്തിക്കാന്‍…

വത്തിക്കാന്‍: നാളെ മുതല്‍ 3 ദിവസത്തേക്ക് വത്തിക്കാന്‍ കുട്ടികളുടെ സംഗമത്തിന് വേദിയാകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടിതീര്‍ത്ഥാടകര്‍ വത്തിക്കാനിലേക്കെത്തിത്തുടങ്ങി. കരുണയുടെ വിശുദ്ധവര്‍ഷം മാര്‍പാപ്പയോടൊപ്പം ആഘോഷിക്കാനാണ് 10 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ വത്തിക്കാനിലേക്കെത്തുന്നത്.

സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സിലാണ് പരിപാടിയുടെ സംഘാടകര്‍. 60,000 ല്‍ പരം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വര്‍ണ്ണാഭമായ കലാസാംസ്‌കാരിക പരിപാടികളാണ് കുട്ടികളുടെ സംഗമത്തോടനുബന്ധിച്ച് വത്തിക്കാന്‍ ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ പോലീസും റോമിലെ വിവിധ സംഘടനകളും കുട്ടിസംഗമത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളില്‍ സജീവമായി രംഗത്തുണ്ട്.

ആദ്യദിനമായ 22 ന്, അതായത് നാളെ ജൂബിലിസംഗമത്തിനെത്തുന്ന കുട്ടികള്‍ വത്തിക്കാന്റെ രാജവീഥിയിലൂടെ നടന്ന് ജൂബിലികവാടം കടക്കും. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബസലിക്ക സന്ദര്‍ശിക്കുന്ന ഇവര്‍ക്ക് കുമ്പസാരിക്കാനുള്ള അവസരവുമുണ്ടാകും. ഉച്ചക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടുന്ന കുട്ടികള്‍ പത്രോസ് ശ്ലീഹായുടെ സമൃതിമണ്ഡപത്തെ സാക്ഷി നിര്‍ത്തി വിശ്വാസപ്രഖ്യാപനം നടത്തും.

അന്നേ ദിവസം രാത്രി റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കുട്ടികളെ കാത്തിരിക്കുന്നത് വര്‍ണ്ണവൈവിധ്യങ്ങള്‍ നിറഞ്ഞ കലാസന്ധ്യയാണ്. പാട്ടും നൃത്തവും സിനിമയും ഇതര കലകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഇവിടെ അണിചേരും. ഒപ്പം ഓരോരുത്തരും തങ്ങളുടെ ജീവിതാനുഭവങ്ങളും പങ്കുവെയ്ക്കും.

രണ്ടാം ദിവസമായ ഞായറാഴ്ച പ്രദേശിക സമയം രാവിലെ പത്തു മണിക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുട്ടികള്‍ക്കായി ദിവ്യബലി അര്‍പ്പിക്കപ്പെടും. ഫ്രാന്‍സിസ് പാപ്പയായിരിക്കും മുഖ്യകാര്‍മ്മികന്‍. ദിവ്യബലിയോടനുബന്ധിച്ച് മാര്‍പാപ്പാ കുട്ടികള്‍ക്കായി പ്രത്യേക വചനസന്ദേശം നല്‍കും. കുട്ടികള്‍ക്ക് അദ്ദേഹത്തെ അടുത്തുകാണാനും സംവദിക്കാനുമുള്ള അവസരവും ലഭിക്കും.

അവസാനദിവസം റോമിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പ്രശസ്തമായ ഏഴ് ചത്വരങ്ങളും കുട്ടികള്‍ സന്ദര്‍ശിക്കും. ഇതോടൊപ്പം നിരവധി ആത്മീയ സാക്ഷ്യങ്ങളും പ്രദര്‍ശനങ്ങളും അന്നേദിവസം കുട്ടികളെ കാത്തിരിക്കുന്നുണ്ട്. കുട്ടികളുടെ ഈ ജൂബിലിസംഗമം വിജയിപ്പിക്കാനും സുഗമമായി നടത്താനും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login