കുട്ടിസൈക്കിളോടുമ്പോള്‍…

കുട്ടിസൈക്കിളോടുമ്പോള്‍…

ബൈക്ക് ഓടിച്ച് പോവുകയായിരുന്നു, സുഹൃത്ത്. പെട്ടെന്ന് എവിടെ നിന്നോ സൈക്കളില്‍ വന്ന ഒരു കുട്ടി ബൈക്കിന് കുറുകെ ചാടി. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ബൈക്ക് വെട്ടിച്ച സുഹൃത്തും ബൈക്കും റോഡില്‍ വീണു. കൈത്തണ്ടയിലെ എല്ലുകള്‍ പൊട്ടി സ്ഥാനം തെറ്റി. സര്‍ജറി വേണ്ടി വന്നു. ബൈക്ക് സാവധാനത്തിലായിരുന്നതു കൊണ്ട് പരിക്ക് മാരകമാകാതെ രക്ഷപ്പെട്ടു എന്ന് സുഹൃത്ത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു പരിചയക്കാരന് കുറുകെ അശ്രദ്ധമായി ചാടിയ സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നഷ്ടപ്പെട്ടത് സ്വന്തം ജീവനാണ്.

റോഡ് നിയമങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ കുട്ടി സൈക്കിള്‍ യാത്രക്കാര്‍ ഉണ്ടാക്കി വയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പല കുറി സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുമ്പോള്‍ വേഗം കുറക്കാതെ പാഞ്ഞു കയറുന്ന പ്രവണതയാണ് പലപ്പോഴും കണ്ടു വരുന്നതും അപകരമായി മാറുന്നതും.

പതിനെട്ടു വയസ്സു തികഞ്ഞവര്‍ക്കും ബൈക്കോ കാറോ മറ്റ് വലിയ വാഹനങ്ങളോ ഓടിക്കുന്നവര്‍ക്കും മാത്രമാണ് ട്രാഫിക്ക് നിയമം ബാധകം എന്ന തെറ്റിധാരണ എങ്ങനെയോ നിലനില്‍ക്കുന്നു. ഇന്ന് പല കുട്ടികളും, പ്രത്യേകിച്ച് നഗരമധ്യത്തില്‍ നിന്ന് അല്പം അകലെയുള്ളസ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സൈക്കിളിലാണ് വരവും പോക്കും.

എന്തു കൊണ്ട് ട്രാഫിക് നിയമങ്ങളെ കുറിച്ച് കുട്ടികളില്‍ ശക്തമായ അവബോധം സൃഷ്ടിക്കാന്‍ സ്‌കൂള്‍ തലത്തില്‍ ശ്രമിക്കുന്നില്ല? അങ്ങനെ ഒന്ന് നിലവില്‍ ഇല്ലെന്നാണ് പലപ്പോഴും കുട്ടികളുടെ യാത്രകള്‍ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷയെ കുറിച്ച് ശക്തമായ അടിസ്ഥാന ബോധം ലഭിക്കാതെ എങ്ങനെയൊക്കെയോ ലൈസന്‍സ് ഒപ്പിച്ചെത്തുന്ന ഇത്തരം കുട്ടികള്‍ തന്നെയാണ് ഭാവിയില്‍ ബൈക്കില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുന്നതെന്ന കാര്യവും ഓര്‍ക്കണം. അപ്പോള്‍, കാര്യം കൂടുതല്‍ ഗൗരവമേറിയതാകുന്നു. സ്‌കൂള്‍ തലത്തില്‍ ട്രാഫിക്ക് നിയമങ്ങളെ കുറിച്ച് വ്യക്തമായ അവബോധം വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു കൊടുക്കണം. വെറും മേമ്പൊടിക്ക് വര്‍ഷത്തിലൊരിക്കലായാല്‍ പോര. റോഡ് എല്ലാവര്‍ക്കുമുള്ളതാണെന്നും വാഹനം ഓടിക്കുമ്പോള്‍ മറ്റു യാത്രക്കാരെ കുറിച്ചുള്ള ഓര്‍മയോടെ വേണം വാഹനം ഓടിക്കാനെന്നും അവരുടെ മനസ്സില്‍ ആഴമായി പതിയണം.

സൈക്കള്‍ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കള്‍ അത് വാങ്ങിക്കൊടുത്തു കഴിഞ്ഞാല്‍ ഉത്തരവാദിത്വം കഴിഞ്ഞു എഎന്നു കരുതരുത്. കുട്ടികള്‍ റോഡില്‍ എങ്ങനെ അത് ഓടിക്കുന്നു എന്നു കൂടി പരിശോധിച്ചാല്‍ കുറേ അപകടങ്ങള്‍ ഒഴിവാക്കാനാകും. ഇപ്പോഴേ കാര്യക്ഷമമായി തുടങ്ങിയാല്‍ റോഡ് സുരക്ഷയില്‍ ഇത്ര കോലാഹലങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്നത് തടയാനാകും.

 

ഫ്രേസര്‍

You must be logged in to post a comment Login