കുതിരപ്പുറത്തേറി ആധിപത്യം സ്ഥാപിക്കുകയല്ല, കഴുതപ്പുറത്തേറി വിനീതരാകുകയാണ് ചെയ്യേണ്ടത്: മാര്‍ ആലഞ്ചേരി

കുതിരപ്പുറത്തേറി ആധിപത്യം സ്ഥാപിക്കുകയല്ല, കഴുതപ്പുറത്തേറി വിനീതരാകുകയാണ് ചെയ്യേണ്ടത്: മാര്‍ ആലഞ്ചേരി

കൊച്ചി: അധികാരം ആധിപത്യത്തിനാകരുത്. വിനയവും എളിമയുമുള്ള ഭരണകര്‍ത്താക്കളെയാണ് ലോകത്തിനാവശ്യം. കുതിരപ്പുറത്തേറി ആധിപത്യം സ്ഥാപിക്കുകയല്ല, മറിച്ച് കഴുതപ്പുറത്തേറി വന്ന ക്രിസ്തുവിനെപ്പോലെ വിനീതവിധേയനാകുകയാണ് ചെയ്യേണ്ടത്. ഓശാനത്തിരുനാള്‍ ദിനമായ ഇന്നലെ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സന്ദേശം നല്‍കവേ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.

സഭക്കെതിരെ ശത്രുക്കള്‍ ദിനംപ്രതി വളര്‍ച്ച പ്രാപിക്കുന്ന കാലമാണിത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ പീഡിപ്പിച്ചും കൊല ചെയ്തും ഇല്ലാതാക്കാമെന്ന് അവര്‍ കരുതുന്നു. നിരപരാധികളാണ് ഇവരുടെ ക്രൂരതകള്‍ക്ക് ഇരകളാകുന്നത്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശുശ്രൂഷകരാണവര്‍. അവരെ പീഡിപ്പിക്കുന്നവര്‍ ക്രിസ്തുവിനെയാണ് പീഡിപ്പിക്കുന്നത്. അവരുടെ മരണത്തിന് ക്രിസ്തുവിന്റെ മരണത്തോളം ചേര്‍ന്ന മൂല്യവുമുണ്ട്.

ഓശാനഞായറില്‍ കഴുതപ്പുറത്തേറി വന്ന ഈശോ ജറുസലേം ദേവാലയം കച്ചവടസ്ഥലമാക്കിയവരെ ആട്ടിപ്പുറത്താക്കി ദേവാലയം ശുദ്ധീകരിച്ചു. ഈ ശുദ്ധീകരണം വര്‍ത്തമാനസമൂഹത്തിലും ആവശ്യമാണ്. സഭയിലും സമൂഹത്തിലും അത് നിരന്തരം തുടരണം. നമ്മളും ക്രിസ്തുവിനെപ്പോല സമാധാനം സ്ഥാപിക്കുന്നവരാകണമെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login