കുമ്പളങ്ങിയിലെ ചട്ടവിശേഷം

കുമ്പളങ്ങിയിലെ ചട്ടവിശേഷം

തൊണ്ണൂറു വയസ്സുള്chn-chatta.jpg.image.784.410ള അമ്മച്ചിമാരെ വരെ മുടി ബോബ് ചെയ്ത്, നൈറ്റി ധരിപ്പിച്ച് സുന്ദരിയാക്കിയിരുത്തുന്ന കാലത്താണ് സിനിമാനടി മുക്ത വിവാഹദിവസം പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമുടുത്ത് ഓലക്കുടയും ചൂടി ശ്രദ്ധാകേന്ദ്രമായത്. ചട്ടയും മുണ്ടുമുടുക്കുന്ന അമ്മച്ചിമാര്‍ സന്തോഷത്തോടെ അലക്കിത്തേച്ചു വെച്ച അടുക്കുകള്‍ ഒന്നുകൂടി നേരെയാക്കി അഭിമാനത്തോടെ നിന്നിട്ടുണ്ടാവണം.

എന്നാല്‍ അതിലും കൗതുകകരമായ ഒരു ചട്ടവിശേഷം കഴിഞ്ഞ ദിവസം കുമ്പളങ്ങിയില്‍ നടന്നു. ചട്ട ധരിക്കുന്ന അമ്മച്ചിമാരെല്ലാവരും കുമ്പളങ്ങിയിലെ സെന്റ് ആന്റണീസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂടി. പല്ലു കൊഴിഞ്ഞവരും, മുടി നരച്ചവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. അന്‍പതോളം ചട്ടക്കാരികള്‍ തൂവെള്ള നിറമുള്ള ചട്ടയും മുണ്ടും അതിനൊപ്പം എന്നും അലങ്കാരമായി നില്‍ക്കുന്ന വലിയ കുണുക്കുമിട്ട് അണിനിരന്നപ്പോള്‍ അത് അപൂര്‍വ്വമായ കാഴ്ചകളിലൊന്നായി മാറി.

ചട്ട തയ്ക്കാന്‍ ഇപ്പോള്‍ ആളുകളെ കിട്ടുന്നില്ലെന്നാണ് അമ്മച്ചിമാരുടെ പരാതി. അപ്പോളും ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ ചില ഓര്‍മ്മകളിലേക്കു മടങ്ങാനും മറന്നില്ല ഇവര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് കുമ്പളങ്ങിയില്‍ മരുമകളായി എത്തിയപ്പോള്‍ വീട്ടുകാര്‍ തന്ന മരത്തിന്റെ പെട്ടിയില്‍ വൃത്തിയായി അലക്കി ഇസ്തിരിയിട്ടുവെച്ച രണ്ടു മൂന്നു ജോടി ചട്ടകളും ഉണ്ടായിരുന്നത്രേ.

കാലം മാറി, അതോടൊപ്പം വേഷവിധാനങ്ങളും. ചട്ടയും മുണ്ടും സാരിക്കും സല്‍വാറിനും ജീന്‍സിനും മുന്നില്‍ വഴിമാറിക്കൊടുത്തു. ന്യൂജെന്‍ പെണ്‍കുട്ടികള്‍ക്ക് ചട്ടയും മുട്ടും കലോത്സവവേദികളിലെ മാര്‍ഗ്ഗം കളിക്കുള്ള വേഷം മാത്രമായി മാറുമ്പോളും ഓര്‍മ്മകളെ കൃത്യതയോടെ അടുക്കിട്ടു വെച്ചിരിക്കുകയാണ് ഈ അമ്മച്ചിമാര്‍.

You must be logged in to post a comment Login