കുമ്പസാരക്കാരനായി മാറിയ തമാശക്കാരന്‍

കുമ്പസാരക്കാരനായി മാറിയ തമാശക്കാരന്‍

സാല്‍ഫോര്‍ഡ്: ഐറിഷ് ഹാസ്യനടന്റെ മകനായ് പിറന്ന ഫ്രാന്‍ഗീ മുള്‍ഗ്ര്യൂ തന്റെ അച്ഛന്റെ പാത പിന്‍തുടര്‍ന്ന് ഏകാങ്കഹാസ്യം അവതരിപ്പിക്കുന്നതിലാണ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ കുമ്പസാരത്തിലൂടെ ദൈവത്തിന്റെ അനന്തകരുണ അനുഭവിക്കുവാന്‍ അദ്ദേഹത്തിനിടയായി. അങ്ങനെ തമാശകള്‍ ഉപേക്ഷിച്ച് തനിക്കു ലഭിച്ച കരുണയുടെ അനുഭവം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള മുള്‍ഗ്ര്യൂവിന്റെ ആഗ്രഹം അദ്ദേഹത്തെയൊരു വൈദികനാക്കി.

സാല്‍ഫോര്‍ഡ് രൂപത അവതരിപ്പിച്ച മേഴ്‌സി ബസ്സിലൂടെ വിശ്വാസത്തില്‍ നിന്ന് അകന്നു കഴിയുന്ന അനേകം ക്രിസ്ത്യാനികളെയാണ് ഇന്നദ്ദേഹം കുന്പസാരമെന്ന കൂദാശയിലൂടെ ദൈവത്തിന്റെ കരുണയിലേക്ക് അടുപ്പിക്കുന്നത്. ഫാ. മുള്‍ഗ്രൂവിന്റെ നേതൃത്വത്തില്‍ മേഴ്‌സി ബസിന്റെ രണ്ടു നിലകളിലായാണ് കുമ്പസാരം നടക്കുന്നത്.

ആളുകളെ കുമ്പസാരത്തിലേക്ക് ആകര്‍ഷിക്കുന്നതിനായ് ഇവര്‍ സ്വീകരിച്ചിരിക്കുന്ന രീതി രസകരമാണ്. എല്ലാ ശനിയാഴ്ചകളിലും മാഞ്ചസ്റ്ററിന്റെ തിരക്കുള്ള പ്രദേശങ്ങളില്‍ ബസ് പാര്‍ക്ക് ചെയ്യും. പിന്നീട് ഇതിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ സാധനങ്ങള്‍ വാങ്ങുന്നതിനായ് വരുന്ന ആളുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ച് നല്‍കിയ കാശുരൂപങ്ങള്‍ നല്‍കും. ഇതില്‍ ആകൃഷ്ടരാകുന്നവരാണ് പിന്നീട് കുമ്പസാരിക്കുവാനായ് എത്തുന്നത്.

ഫ്രാന്‍സിസ് പാപ്പയുടെ കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് ഇറക്കിയ മേഴ്‌സി ബസ്സ് രണ്ടാഴ്ച കൊണ്ട് സാല്‍ഫോര്‍ഡിലെയും ബോള്‍ട്ടണിലെയും 400ലധികം ആളുകള്‍ക്കാണ് ദൈവകരുണ പകര്‍ന്നു നല്‍കിയത്. 38 കാരനായ സാല്‍ഫോര്‍ഡ് വൈദികന്‍, മുള്‍ഗ്ര്യൂവിന്റെ നേതൃത്വത്തിലോടുന്ന മേഴ്‌സി ബസ്സ് ഇപ്പോള്‍ ലാന്‍കാഷിറിലാണ്.

You must be logged in to post a comment Login