കുരിശിന്റെ വഴി വന്ന വഴി…

കുരിശിന്റെ വഴി വന്ന വഴി…

കുരിശിന്റെ വഴി ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മാവില്‍ തൊട്ട അനുഷ്ഠാനവും പ്രാര്‍ത്ഥനയുമാണ്. രക്ഷയിലേക്കു നയിച്ച രക്ഷകന്‍ നടന്നു തീര്‍ത്ത സഹനവഴികളിലൂടെ ധ്യാനപൂര്‍വം ഒരു സഹയാത്ര എന്നതിലാണ് കുരിശിന്റെ വഴിയുടെ പ്രസക്തി.

വിയാ ഡൊളറോസ (സഹന പാത) എന്നറിയപ്പെടുന്ന കുരിശിന്റെ വഴി ഒരു അനുഷ്ഠാനമെന്ന നിലയില്‍ എന്നു തുടങ്ങി എന്ന കാര്യം എല്ലാവര്‍ക്കും വ്യക്തയുണ്ടാകണമെന്നില്ല. യേശു മരിച്ച കാലം മുതല്‍ എന്നാവും പലരുടെയും ധാരണ. പാരമ്പര്യമനുസരിച്ച്, തന്റെ മകന്‍ കടന്നു പോയ രക്തവഴികളില്‍ മകന്റെ ഓര്‍മകളുമായി അമ്മ മറിയം പലപ്പോഴും നടന്നു പോവുകയും പ്രധാന സ്ഥലങ്ങളില്‍ ധ്യാനനിരതയായി നില്‍ക്കുകയും ചെയ്യുമായിരുന്നു. നമ്മുടെ തന്നെ അനുഭവവങ്ങള്‍ അടിസ്ഥാനമാക്കി പരിശോധിച്ചാലും ഈ വിശ്വാസത്തിന് സാധുതയുണ്ട്. പ്രിയപ്പെട്ട ഒരാള്‍ വേര്‍പെട്ടു പോയാല്‍ അയാള്‍ എതെല്ലാം ഇടങ്ങളിലൂടെ സഞ്ചരിച്ചോ, എവിടെയെല്ലാം അയാളുടെ ഓര്‍മകള്‍ ബാക്കി കിടക്കുന്നുണ്ടോ അവിടെയെല്ലാം നാം ആ ഓര്‍മകളുമായി ചെന്നു നില്‍ക്കും. എന്നാല്‍ അത് മാതാവിന്റെ വ്യക്തിപരമായ ഒരു പ്രവൃത്തി എന്നതില്‍ കവിഞ്ഞ് ഒരു സമൂഹാനുഷ്ടാനമായി മാറി എന്നു പറയാനാകില്ല.

തന്റെ കാലത്ത് വിശ്വാസികള്‍ ക്രിസ്തുവിന്റെ പീഡാനുഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി വി ജെറോം പറയുന്നുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നയാളാണ് ജെറോം. അഞ്ചാം നൂറ്റാണ്ടില്‍, ബൊളോഞ്ഞയിലെ സാന്തോ സ്‌റ്റെഫാനോ ആശ്രമത്തില്‍ ബൊളോഞ്ഞയിലെ മെത്രാനായിരുന്ന വി. പെട്രോണിയസ് ജറുസലേമിലെ കപ്പേളകളുടെ മാതൃകയില്‍ പരസ്പര ബന്ധിതമായ ചാപ്പലുകള്‍ പണിതുയര്‍ത്തി. ഇവ സാന്ത ജെറുസലേമ്മെ എന്നറിയപ്പെട്ടു. ഇതാവാം കുരിശിന്റെ വഴിയുടെ പ്രാഗ് രൂപം എന്ന് ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു.

എന്നിരുന്നാലും, മേല്‍പറഞ്ഞ കപ്പേളകളോ, പിന്നാലെ വന്ന സമാനമായ അനുഷ്ഠാനങ്ങളോ ഇന്നു നാം കാണുന്ന കുരിശിന്റെ വഴിയുടെ തനിരൂപമാണെന്ന് തീര്‍ച്ചപ്പെടുത്തുക വയ്യ. 12, 13, 14 നൂറ്റാണ്ടുകളില്‍ നിരവധി വിശ്വാസികള്‍ ക്രിസ്തുവിന്റെ പീഡാനുഭവം ധ്യാനിച്ചു കൊണ്ട് വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥയാത്ര നടത്തിയിരുന്നു. വിയ സാക്ര (വിശുദ്ധ വീഥി) എന്നറിയപ്പെട്ടിരുന്ന ഈ തീര്‍ത്ഥയാത്രകള്‍ കൃത്യമായി കുരിശിന്റെ വഴി തന്നെയാണോ എന്നു ചോദിച്ചാല്‍ വ്യക്തമായി മറുപടി പറയാനാകില്ല.

വി ബര്‍ണാഡും വി ഫ്രാന്‍സിസ് അസീസ്സിയും വി ബൊനവെഞ്ച്വറുമെല്ലാം കുരിശിന്റെ പാതയിലൂടെയുള്ള രക്ഷകന്റെ യാത്ര ധ്യാനവിഷയമാക്കിയവരാണ്. 1294 ല്‍ ഡൊമിനിക്കന്‍ സന്ന്യാസിയായ റിനാള്‍ഡോ ക്രൂസിസ് താന്‍ യേശുവിന്റെ ശവകുടീരം സന്ദര്‍ശിച്ച അനുഭവം വിവരിക്കുന്നുണ്ട്. ആ വിവരണത്തില്‍ കുരിശിന്റെ വഴിയില്‍ പറയുന്ന വിവിധ സ്ഥലങ്ങള്‍ പരാമര്‍വിഷയമാകുന്നുണ്ട്. ഉദാഹരണത്തിന്, ഹേറോദേസിന്റെ കൊട്ടാരം, യേശു മരണത്തിന് വിധിക്കപ്പെടുന്നത്, യെരുശലേം സ്ത്രീകളെ ആശ്വസിപ്പിക്കുന്നത്, സൈറീന്‍കാരന്‍ ശിമയോന്‍ കുരിശു ചുമക്കാന്‍ സഹായിക്കുന്നത് തുടങ്ങിയവ.

1342 ല്‍ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ മേല്‍നോട്ടം ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളുടെ പക്കല്‍ എത്തി ചേര്‍ന്നതൊടെയാണ് വിയാ ഡൊളറോസ എന്ന ഭക്ത്യാനുഷ്ഠാനം രൂപം കൊണ്ടത്. കുരിശിന്റെ വഴിയിലെ സ്ഥലങ്ങള്‍ (stations) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 15 ാം നൂറ്റാണ്ടില്‍ വിശുദ്ധ നാട് സന്ദര്‍ശിച്ച ഇംഗ്ലീഷ് തീര്‍ത്ഥാടകനായ വില്യം വേ ആണ്. യേശു നടന്നു പോയ വഴിയേ വിശ്വാസികള്‍ അനുയാത്ര ചെയ്യുന്നത് വേ തന്റെ കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്.

15, 16 നൂറ്റാണ്ടുകള്‍ കുരിശിന്റെ വഴിയുടെ പരിണാമ ചരിത്രത്തില്‍ നിര്‍ണായകമാണ്. ഇക്കാലത്താണ്, ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികള്‍ വിശുദ്ധ നാടിന്റെ മാതൃകയില്‍ വിവിധ സ്ഥലങ്ങള്‍ യൂറോപ്പില്‍ പുനര്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, അന്ന് ഇന്നത്തെ പോലെ പതിനാല് സ്ഥലങ്ങളായിരുന്നില്ല ആചരിച്ചിരുന്നത്. ഭൂരിഭാഗം പേരും 7 സ്ഥലങ്ങള്‍ ധ്യാനിച്ചപ്പോള്‍ 30 സ്ഥലങ്ങള്‍ വരെ ധ്യാനിച്ചവരും ഉണ്ടായിരുന്നു!

ഇന്ന് കാണുന്നതു പോലെ പതിനാല് സ്ഥലങ്ങളായി കുരിശിന്റെ വഴി ക്ലിപ്തപ്പെടുത്തിയത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സ്‌പെയിനിലെ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസസമൂഹങ്ങളിലാണ്. സ്‌പെയിനില്‍ നിന്ന് ഈ ഭക്തി ഇറ്റലിയിലേക്ക് പടര്‍ന്നു.

1686 ല്‍ ഇന്നസെന്റ് പതിനൊന്നാമന്‍ മാര്‍പാപ്പ കുരിശിന്റെ വഴി സ്ഥലങ്ങളുടെ മാതൃകകള്‍ ദേവാലയങ്ങളില്‍ നിര്‍മിക്കാന്‍ ഫ്രാന്‍സിസ്‌കന്‍കാര്‍ക്ക് അനുവാദം കൊടുത്തു. 1731 ല്‍ ക്ലെമെന്റ് പന്ത്രണ്ടാമന്‍ ഈ അനുവാദം എല്ലാ പള്ളികള്‍ക്കുമായി തുറന്നു കൊടുത്തു. മെത്രാന്റെ അനുവാദം വേണമെന്ന് ഒരു നിബന്ധന വച്ചുവെന്നു മാത്രം.
അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login