കുരിശിലെ കരുണ

കുരിശിലെ കരുണ

ഫ്രഞ്ച് സാഹിത്യകാരന്‍ ഹെഡ്മണ്ട് ജബ്‌സ് ഇപ്രകാരം കുറിച്ചുവച്ചു, ‘എല്ലാ മുഖങ്ങളും ദൈവത്തിന്റെ മുഖങ്ങളാണ്, അതിനാല്‍ അവനു മുഖമില്ല.’ അവനു ദൈവത്തിന്റെ മുഖമായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ടു മനുഷ്യന്റെ മുഖം സ്വീകരിച്ചു.  മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനേപ്പോലെ കാണപ്പെട്ടു.

സ്വര്‍ഗത്തിന്റെ എല്ലാ സുഖങ്ങളും മാറ്റിവച്ച്, ഭൂമിയിലേയ്ക്ക് കടന്നുവരാന്‍ ദൈവപുത്രനെ പ്രേരിപ്പിച്ചത് ദൈവപിതാവിന്റെ മനുഷ്യമക്കളോടുള്ള കരുണയുടെ ആധിക്യം മൂലമായിരിക്കണം. കാലിത്തൊഴുത്തിലേയ്ക്കിറങ്ങിവന്ന ദൈവത്തിന്റെ കാരുണ്യം കാല്‍വരിയിലെ കുരിശില്‍ കാണിച്ചപ്പോള്‍ അത് അവന്റെ കഴിവില്ലായ്മ ആയിരുന്നില്ല, മറിച്ച്, അപരന്റെ ബലഹീനതയെ, കാരുണ്യപൂര്‍വ്വം നോക്കി കാണുകയായിരുന്നു.

രക്ഷാകരച്ചരിത്രം മുഴുവനും സ്വര്‍ഗസ്ഥനായ പിതാവ് തന്റെ മക്കളോട് കാണിച്ച അതിരറ്റ കാരുണ്യത്തിന്റെ കഥകളല്ലേ! സ്വര്‍ഗസ്ഥനായ പിതാവ് കരുണ കാണിച്ചതുപോലെ നിങ്ങളും കരുണ ഉള്ളവരായിരിയ്ക്കുവിന്‍ എന്ന ആഹ്വാനവുമായി ഈ കാലഘട്ടം കാരുണ്യവര്‍ഷമായി ആചരിക്കുവാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുമ്പോള്‍, ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ദൈവത്തിന്റെ മുഖമുള്ള മനുഷ്യരുടെ കണ്ണുകള്‍ അന്ധമാക്കപ്പെട്ടിരിക്കുന്നു. ഉത്ഥിതനായതിനുശേഷം , ഈശോയും യൂദാസും തമ്മില്‍ കണ്ടുമുട്ടുന്ന രംഗം ഒരു ചെറുകഥയില്‍ വായിച്ചതോര്‍ക്കുന്നു. യൂദാസിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോള്‍, ഈശോ പറയുകയാണ് , യൂദാസേ നിന്റെ സുവിശേഷമാണ് ലോകത്ത് പ്രഘോഷിക്കപ്പെടുന്നത്. വഞ്ചനയുടെയും കലഹത്തിന്റെയും ലൈംഗികഅരാചകത്വത്തിന്റെയും പണത്തോടും ആഡംബരഭ്രമത്തോടുമുള്ള അത്യാര്‍ത്തിയുടെ സുവിശേഷം. !

നമ്മുടെ സമൂഹത്തില്‍ കരുണയുടെ കടല്‍ വറ്റികൊണ്ടിരിക്കുകയാണ്. കറിയില്‍ ഉപ്പില്ലാത്തതിനു അമ്മയെ അടിച്ചു കൊല്ലുന്നു, മതില്‍ ഗയിറ്റ് തുറക്കാന്‍ താമസിച്ചതിനു കാവല്‍ക്കാരനെ വണ്ടി ഇടുപ്പിച്ചു കൊല്ലുന്നു. അഞ്ചംഗ സംഘത്തിലെ ഒരുവനുമായി അഭിപ്രായവ്യത്യാസം വന്നപ്പോള്‍ അവനെ നടുറോട്ടിലിട്ടു തല്ലികൊല്ലുന്നു. ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ തല്ലികൊല്ലുന്നു! കുടുംബബന്ധങ്ങള്‍ തകര്‍ത്തെറിയപ്പെടുന്നു. ആധുനിക മാധ്യമസൗകര്യങ്ങള്‍ യുവത്വത്തെ കാര്‍ന്നു തിന്നുന്നു. നശത്തിന്റെയും ശൂന്യതയുടേയും ദിനം, അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും ദിനം അടുത്തിരിയ്ക്കുന്നു. (സുഭാ 1:14-15)

ഓര്‍ക്കുക ദൈവം കാരുണ്യവാനായിരിയ്ക്കുന്നതുപോലെ തന്നെ, നീതിമാനുമാണ്. അനുതാപവും മാനസാന്തരവുമില്ലാതെ പാപത്തില്‍ത്തന്നെ തുടരുന്നവര്‍ക്ക് കര്‍ത്താവിന്റെ ക്രോധം വിദൂരത്തല്ലെന്ന് ഒര്‍ക്കുക. പാപികളെ ശിക്ഷിക്കുക എന്നത് അവിടുത്തെ നീതിക്കും വിശുദ്ധിക്കും ചേര്‍ന്നു പോകുന്നതാണ്. അല്ലെങ്കില്‍ , അത് തന്റെ വ്യക്തിത്വത്തിന്റെയും അസ്തിത്വത്തിന്റെയും നിഷേധമാണ്.

ആധുനിക മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂല കാരണം പാപമാണ്. (ഏശ 24: 4-5). അനുതപിയ്ക്കുന്ന പാപികളോട് ദൈവം കാരുണ്യവാനെന്നതുപോലെ , അനുതപിക്കാത്ത പാപികള്‍ക്കുള്ള ശിക്ഷയും ബൈബിളില്‍ പറയുന്നുണ്ട്. ‘പാപം ചെയ്തിട്ട് എനിയ്ക്ക് എന്ത് സംഭവിച്ചു എന്ന പറയരുത്. കര്‍തൃകോപം സാവധാനമേ വരൂ. ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടും പാപം ചെയ്യരുത്. അവിടുത്ത കാരുണ്യം നിസീമമാണ്. അവിടുന്ന് എന്റെ പാപങ്ങള്‍ ക്ഷമിക്കും എന്ന് പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവും കര്‍ത്താവിലുണ്ട്. അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിയ്ക്കും. കര്‍ത്താവിങ്കലേയ്ക്കു തിരിയാന്‍ വൈകരുത്. നാളെ നാളെ എന്ന് നീട്ടിവയ്ക്കരുത്. അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയില്‍ നീ നശിയ്ക്കുകയും ചെയ്യും (പ്രഭാ 5: 2-7).

കാരുണ്യമെന്നത് ദൈവത്തിന്റെ ബലഹീനതയായി കണക്കാക്കാതെ, കരുണയുടെ വാതിലിലൂടെ കയറിവരുവാന്‍ തിടുക്കം കാട്ടാതെ, നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും, ഒരു കാരുണ്യത്തിന്റെ സ്പര്‍ശം നല്‍കാന്‍ നമുക്ക് ശ്രമിക്കാം. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കര്‍ത്താവേ, അങ്ങയുടെ കരുണയുടെ ആഴം എനിയ്ക്ക് കാണിച്ചു തരണമേ…

ഫാ. അനീഷ് കരിമാലൂര്‍

You must be logged in to post a comment Login