കുരിശുതച്ചന്‍

കുരിശുതച്ചന്‍

ഏകമകന്റെ മരണശേഷം തച്ചന്‍ കുരിശുകള്‍ പണിതിട്ടേയില്ല.

ശാപഗ്രസ്ഥമെന്നു തോന്നിയതിനാല്‍ കുരിശുപണി മതിയാക്കി അല്ലറ ചില്ലറ മരപ്പണികളുമായി കഴിഞ്ഞുകൂടുന്നു.

കുരിശുതച്ചന്റെ മകന്‍ ചാതുര്യമുള്ളൊരു തച്ചനായിരുന്നു.

ആലയില്‍ അവന്റെ കരസ്പര്‍ശമേറ്റ മരകക്ഷണങ്ങളില്‍ തച്ചന്‍ വെറുതെ വിരലോടിക്കും. അവനു പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയവയെ നോക്കി നെടുവീര്‍പ്പിടും.

ചാലിട്ടൊഴുകുന്ന കണ്ണുനീര്‍ തുള്ളികള്‍ക്കിടയിലൂടെ വിദൂരതയിലെയ്ക്ക് നോക്കി, പട്ടണത്തില്‍ സാധനസാമഗ്രികള്‍ വാങ്ങാന്‍പോയ മകന്‍ മലഞ്ചെരുവുകള്‍ താണ്ടി വീണ്ടും പടി കയറിവന്നെങ്കില്‍!

അവന്റെ മരണം വെറുമൊരു ദുസ്വപ്നമായിരുന്നെങ്കില്‍! എന്നൊക്കെ ആഗ്രഹിക്കും.

ദൈവം അവനു ആരോഗ്യവും സൌന്ദര്യവും നല്‍കുന്ന തിരക്കില്‍ ആയുസ്സ്കൂടി നല്കാന്‍
മറന്നുപോയിട്ടുണ്ടാവും .

പെസഹായടുത്തപ്പോള്‍ പടയാളികള്‍ തച്ചനെ തേടിയെത്തി.

നാട്നടുക്കിയ കൊലപാതകിയ്ക്കായി കുരിശ്ശൊരെണ്ണം വേഗത്തില്‍ പണിതീര്‍ത്തു നല്‍കണം.

വിപ്ലവത്തിനിടെ കൊല ചെയ്യപ്പെട്ട മകന്‌ വേണ്ടി തച്ചന്‍ ആ പണി ഏറ്റെടുത്തു .

തന്റെ വിരല്‍തുമ്പില്‍ തൂങ്ങി, പിച്ച വച്ച് നടന്നു, തന്റെ അഭിമാനപാത്രമായി വളര്‍ന്ന നല്ലവനായ മകനെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അരുംകൊല ചെയ്ത ആ കൊള്ളക്കാരന്‍, ശരീരം നുറുങ്ങുന്ന വേദനയോടെ ഈ കുരിശില്‍തൂങ്ങി മരിയ്ക്കണം.

ഭൂമിയിലേറ്റം ഭാരമേറിയ കുരിശും താങ്ങി ബറാബ്ബാസ് കുരിശുമല കയറുന്നത് ഭാവനയില്‍ കണ്ടു തച്ചന്‍ പണിക്കു ആക്കംകൂട്ടി. .

ഖനമുള്ള മരത്തടിയില്‍ കുരിശുതച്ചന്റെ കണ്ണുനീരും വിയര്‍പ്പും അലിഞ്ഞു ചേര്‍ന്നപ്പോള്‍ ആ കുരിശിന്റെ ഭാരം വര്‍ധിച്ചു.

നാട് നടുക്കിയ കൊലപതകിയ്ക്ക് അന്ത്യതൂക്കത്തിനുള്ള കുരിശ്ശൊരുങ്ങിക്കഴിഞ്ഞു.

ഇതായിരിക്കും തന്റെ ജീവിതത്തിലെ അവസാനത്തെ കുരിശുപണി.

വാര്‍ധക്യത്തില്‍ തനിക്കുതുണയാകേണ്ടിയിരുന്ന മകന്റെ ആത്മശാന്തിയ്ക്ക് വേണ്ടി തച്ചനായ അഛന്റെ തര്‍പ്പണം.

പടയാളികള്‍ പണിക്കൂലി നല്‍കി കുരിശും വാങ്ങി കടന്നു പോയി.

ജെറുസലേം വീഥിയില്‍ ജനാരവം. “അവനെ ക്രൂശിയ്ക്കുക, അവനെ ക്രൂശിയ്ക്കുക”.

രണ്ടാള്‍ക്ക്‌ താങ്ങാനാകാത്ത കുരിശു ഏകനായിചുമന്നു ബറാബ്ബാസ് കാല്‍വരിയിലേയ്ക്കു ഏന്തിവലിഞ്ഞു പോകുന്ന കാഴ്ചകാണാന്‍ കുരിശുതച്ചന്‍ തിടുക്കത്തില്‍ നടന്നു.

ചാട്ടവാറടിയേറ്റു രക്തത്തില്‍കുളിച്ചു കുരിശും പേറിനടക്കുന്ന ആ മനുഷ്യരൂപം തച്ചന്റെ അടുത്തെത്തിയപ്പോള്‍ മുട്ടുകുത്തിവീണു.

പടയാളികള്‍ പരുഷമായി പിടിച്ചുയര്‍ത്തിയ ആ മനുഷ്യകോലത്തിന്റെ മുഖം ബറാബ്ബാസ്സിന്റെതായിരുന്നില്ല. സ്നേഹം സ്പുരിക്കുന്ന നയനങ്ങളോടെ ആ രൂപം തച്ചനെനോക്കി.

മുഖംപൊത്തി കരഞ്ഞുകൊണ്ട് തച്ചന്‍ തിരിഞ്ഞോടി.

കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു.

ബറാബ്ബാസ്സിനെ വെറുതെ വിട്ടയച്ചു;

പകരം കുരിശിലേറുന്നത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൌഖ്യത്തിന്റെയും സുവിശേഷഗായകന്‍.

തച്ചന്റെ സുഹൃത്തു ജോസഫിന്റെ ഏകമകന്‍.

തന്റെ മകന്റെ സമപ്രായക്കാരന്‍.

പുത്രദുഖത്തിലാണ്ടിരുന്ന തന്നെയും ഭാര്യയെയും ആശ്വസിപ്പിക്കാന്‍ സ്നേഹത്തിന്റെ കതിരൊളിയായി തച്ചന്റെ വീട്ടിലെത്തിയവന്‍.

അവന്റെ വചനങ്ങള്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായിരുന്നു.

“നമ്മളോട് തെറ്റ് ചെയ്യുന്നവരോട് നമ്മള്‍ ഹൃദയപൂര്‍വം ക്ഷമിക്കണമെന്നു” ആവര്‍ത്തിച്ചുപറഞ്ഞതന്ന നസ്രായേയന്‍.

ദുഖത്താല്‍ മനംതകര്‍ന്നിരുന്ന തച്ചന് അതുള്‍കൊള്ളാനായില്ല.

മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മക്കള്‍ മരിക്കുന്നതിനോളം വലിയദുഖം ഭൂമിയില്‍ വേറെയില്ലല്ലോ!

തച്ചന്‍ തന്റെ മനസ്സിന്റെ കോണില്‍ സൂക്ഷിച്ച പകയുടെ കത്തുന്നകനല്‍ കുരിശിന്റെ കനത്തഭാരമായി മാറിയപ്പോള്‍ അത് തോളിലേറ്റി നടക്കുന്നത് നസ്രായേയന്‍.

നസ്രായേയനോടുള്ള അധികാര വര്‍ഗ്ഗത്തിന്റെ അസൂയനിമിത്തം കുപ്രസിദ്ധകൊള്ളക്കാരന്‍ ഏറ്റം ജനസമ്മതനായി മാറുന്നു.

ആ കൊലപാതകിയെ നസ്രായേയനു പകരമായി വിട്ടയക്കാന്‍ ജനം ആക്രോശിക്കുന്നു.

എന്തൊരു വിരോധാഭാസം.

കുരിശുതച്ചന്‌ ഒന്നുംതാങ്ങാന്‍ കഴിയുന്നില്ല.

തച്ചന്‍ വീട്ടിലേയ്ക്ക് തിരിച്ചോടി.

ആലയില്‍ കമിഴ്ന്നുവീണു മുഖം നിലത്തുപൂഴ്ത്തി ഉച്ചത്തില്‍ നിലവിളിച്ചുകരഞ്ഞു.

ദേവാലയത്തിന്റെ തിരശ്ശീല നടുവേകീറിയതും പാറകള്‍ പിളര്‍ന്നതും ഒന്നും തച്ചനറിഞ്ഞില്ല.

കണ്ണുനീരും ജല്പനങ്ങളുമായി മൂന്നുദിനരാത്രങ്ങള്‍ കടന്നുപോയി.

ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍ തനിക്കായിരുന്നെങ്കില്‍. കുരിശിന്റെ ഭാരം അല്പമെങ്കിലും കുറയ്ക്കാമായിരുന്നു.

ചാരത്താരോ നില്‍ക്കുന്നത്പോലെ തോന്നി തച്ചന്‍ മുഖംതെല്ലൊന്നു ഉയര്‍ത്തിനോക്കി.

ആണിപ്പാടുള്ള പാദങ്ങള്‍ കാണാനായി.

വിതുമ്പുന്ന തച്ചനെ ആണിപ്പാടുള്ള കരങ്ങള്‍നീട്ടി നസ്രായേയന്‍ തന്റെ നെഞ്ചോട്‌ ചേര്ത്തുയര്‍ത്തി.

“ഇതാ ഞാന്‍ പ്രവചിച്ചിരുന്നത്പോലെ മൂന്നാംദിവസം മരണത്തെജയിച്ചു ഉയിര്ത്തെഴുന്നെള്ളിയിരിക്കുന്നു.

നിത്യജീവന്റെ സാക് ഷ്യമായി ചാരത്തുനില്‍ക്കുന്നു. വിശ്വസിക്കുക, കുറ്റബോധം വെടിയുക.

രക്ഷാകരചരിത്രത്തിന്റെ ഭാഗമാകാന്‍ കുരിശുതച്ചന്റെ കൈയ്യാല്‍ മെനയപ്പെട്ടതാണ് ആ മരക്കുരിശ്.

അതിന്റെ ഭാരം ലോകത്തിന്റെ പാപഭാരമായി ഞാന്‍ ചുമന്നു.

എന്റെ വളര്‍ത്തുപിതാവിന്റെ സ്നേഹിതന്റെ കരസ്പര്‍ശമേറ്റ ആ മരകുരിശ് എനിക്കേറെ പ്രിയപ്പെട്ടതാകുന്നു.

ആ കുരിശിനെ മാത്രമല്ല, അവരെന്റെ ശിരസ്സിലണിയിച്ച മുള്മുടിയെയും വലംകൈയിലെല്പ്പിച്ച ഞാങ്ങണയെയും ശരീരം നുറുങ്ങുമാറ് പ്രഹരിച്ച ചാട്ടവാറുകളെയും കുരിശിലെയ്ക്കെന്നെ ചേര്‍ത്തുവച്ച് മാംസം തുളച്ചു കയറിയിറങ്ങിയ മുള്ളാണികളെയും ഞാന്‍ സ്നേഹിക്കുന്നു.

എന്റെ ഹൃദയംപിളര്‍ന്ന കുന്തമുനയും മീറയില്‍ മുക്കിയപഞ്ഞിയും എല്ലാം ശ്രേഷ്ഠം തന്നെ.

മാനവകുലത്തിനായി നിത്യജീവന്‍ നേടിയെടുക്കാന്‍ ഇവയെല്ലാം എനിക്കുപകരിച്ചു.

സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതായനങ്ങള്‍ മാനവരാശിക്കായി വീണ്ടുംതുറക്കാന്‍ നിശ്ചയിക്കപ്പെട്ട രക്ഷാകരപദ്ധതി യുടെ ഭാഗഭാക്കുകളാണിവ.

മനസ്സ് ശാന്തമാക്കുക, സങ്കടപ്പെടാതിരിക്കുക.”

നസ്രായേയന്‍ തച്ചനെ മാറോട് ചേര്ത്തിരുത്തി വരുംകാലത്തിന്റെ ജാലകങ്ങള്‍ അവനുവേണ്ടി തുറന്ന് കൊടുത്തു.

ആ ജാലകത്തിലൂടെ വരാനിരിക്കുന്ന പലകാര്യങ്ങളും കാണാനായി.

ജൂതന്മാരും റോമാക്കാരും തമ്മിലുണ്ടായ വന്‍വിപ്ലവവും ജെറുസലെമിന്റെ അടിമുടിയുള്ള പതനവും തച്ചന്‍ മരവിപ്പോടെ നോക്കികണ്ടു.

കാലംവീണ്ടും കടന്നുപോകുന്നതും വിശുദ്ധനഗരിയില്‍ വീനസ് ദേവിയുടെ നാമധേയത്തിലുള്ള ആരാധനാലയങ്ങള്‍ പണിതീര്‍ക്കപ്പെടുന്നതും തച്ചന്റെ മനസ്സില്‍ നൊമ്പരമുളവാക്കി.

കാഴ്ച തുടര്‍ന്നു.

ഏകദേശം രണ്ടുനൂറ്റാണ്ട്കള്‍ക്ക് ശേഷം വിശുദ്ധ ഹെലേനരാജ്ഞി, വീനസ് ദേവിയുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നു.

മണ്ണിനടിയില്‍പെട്ടുപോയ മൂന്നു മരക്കുരിശുകള്‍ കണ്ടെടുക്കുന്നു.

രക്ഷയുടെ കുരിശിനായി അടയാളം തിരഞ്ഞ രാജ്ഞിയുടെ വിശ്വാസകണ്ണുകളുടെ തിളക്കത്തിന് മുന്‍പില്‍, മൃതപ്രായയായ ഒരു സ്ത്രീയ്ക്ക് നവജീവന്‍ നല്‍കികൊണ്ട് നസ്രായേയന്റെ മരക്കുരിശ് വീണ്ടുംഉയരുന്നു.

കറങ്ങുന്ന ഭാവിചക്രത്തില്‍ തുറിച്ചു നോക്കികൊണ്ടിരുന്ന തച്ചന്‍ കാലാകാലങ്ങളില്‍ കുരിശടയാളത്താലേ സംഭവിക്കുന്ന മഹാത്ഭുതങ്ങള്‍ പലതും കണ്ടു.

അങ്ങനെ തച്ചന്റെ മനസ്സ് തെളിഞ്ഞു.

സംഭവിക്കുന്നതെല്ലാം നല്ലതിന്.

ഓരോരോ സൃഷ്ടിക്കും തന്താങ്ങളുടെതായ ഉദ്ദേശങ്ങളും നിര്ദ്ദേശങ്ങളുമുണ്ട്.

നിറവേറ്റപ്പെടാനുള്ളവ എന്നും നിറവേറ്റപ്പെട്ടുകൊണ്ടേയിരിക്കും.

എത്രസമയം ഇങ്ങനെ കടന്നുപോയെന്നു തച്ചനറിയില്ല.

നസ്രായേയന്‍ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.

ആലയില്‍ കണ്ണോടിച്ചപ്പോള്‍ മകന് പൂര്‍ത്തിയാക്കാന്‍ പറ്റാതെപോയ പണികളെല്ലാം കുറ്റംകുറവുകള്‍ കൂടാതെ പൂര്ത്തിയാക്കപ്പെട്ടിരിക്കുന്നു .

നസ്രായെയനും ഒരു തച്ചനായിരുന്നല്ലോ!

ഹൃദയഭാരം വിട്ടകന്ന തച്ചന്‍ മൃദുവായി മന്ദഹസിച്ചു.

നസ്രായേയന്റെ സ്നേഹം ഒരുചെറുതെന്നലായി തന്നെതഴുകുന്നത് തച്ചന്‍ തിരിച്ചറിഞ്ഞു.

ആ തിരിച്ചറിവ് ശിഷ്ടകാലം തച്ചന്റെ ജീവിതത്തിന്റെ അര്‍ത്ഥമായി മാറി.

ദൈവത്തിന്‌ മഹത്വം!

എ എസ് റീഡ്

You must be logged in to post a comment Login