കുറവിലങ്ങാട്; ലോകത്തിലാദ്യമായി പരിശുദ്ധമറിയം പ്രത്യക്ഷപ്പെട്ട മണ്ണ്

പരിശുദ്ധ ദൈവമാതാവിന്റെ പരിപാവനമായ സാന്നിധ്യത്താല്‍ വിശുദ്ധമാക്കപ്പെട്ട സ്ഥലമാണ് കുറവിലങ്ങാട്. ലോകത്തിലാദ്യമായി പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടത് കുറവിലങ്ങാടാണ് എന്നാണ് വിശ്വാസം.

കുറ്റിക്കാടുകളില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന ഏതാനും കുട്ടികള്‍ക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. വൃദ്ധയുടെ വേഷത്തിലായിരുന്നു മാതാവ്. വിശന്ന് വലഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് മാതാവ് കല്ലുകള്‍ അപ്പമാക്കികൊടുക്കുകയും പാറയിടുക്കിലായി കുടിവെള്ളം കാണിച്ചുകൊടുക്കുകയും ചെയ്തു. ആ നീരുറവയുടെ സമീപത്തായി ഒരു ദേവാലയം പണിയാന്‍ മാതാവ് അവരോട് ആവശ്യപ്പെടുകയായിരുന്നു.

കുട്ടികള്‍ മുതിര്‍ന്നവരോട്‌ സംഭവിച്ചതെല്ലാം പറയുകയും അവര്‍ പരിശുദ്ധ മറിയത്തിന്റെ നാമത്തില്‍ ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു. സെന്റ് മേരീസ് ഫൊറോനയുടെ ചരിത്രം ഇവിടെ നിന്ന് തുടങ്ങുന്നു. പരിശുദ്ധ മറിയം നീരുറവ കാണിച്ചുകൊടുത്ത മഹനീയസ്ഥലത്ത് ഇന്നും ഏതു കൊടുവരള്‍ച്ചയിലും വറ്റിപ്പോകാത്ത നീരുറവ പൊട്ടിപുറപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് അനുബന്ധം.

ഏഡി 105 ലാണ് സെന്റ് മേരി ഫൊറോന ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. റോമന്‍ പോര്‍ച്ചുഗീസ് ശില്പവൈദഗ്ദധ്യത്തിന്റെ സമ്മേളനമാണ് 1570 ല്‍ നിര്‍മ്മിച്ച പ്രധാന അള്‍ത്താര. കേരളത്തിലെ ക്രൈസ്തവരുടെ പാരമ്പര്യഗൃഹമാണ് ഈ ദേവാലയം. പാലാ രൂപതയില്‍ മീനച്ചില്‍ താലൂക്കില്‍ കോട്ടയം ജില്ലയിലാണ് കുറവിലങ്ങാട്.

ഇവിടുത്തെ ഏറ്റവും പ്രശസ്തമായ തിരുനാള്‍ മൂന്ന് നോമ്പാണ്. മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ഈ തിരുനാളില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇവിടെയെത്തിച്ചേരുന്നു.ജനുവരി 18,19,20 തീയതികളിലാണ് മൂന്നു നോമ്പ്. തിരുനാളിന്റെ രണ്ടാം ദിവസമാണ് ചരിത്രപ്രസിദ്ധമായ കപ്പലോട്ടം. യോനാപ്രവാചകന്റെ താര്‍സീസിലേക്കുള്ള കപ്പല്‍യാത്രയെ അനുസ്മരിക്കുന്ന കപ്പലോട്ടം തിരുനാള്‍ ചടങ്ങുകളിലെ പ്രധാന ആകര്‍ഷണകേന്ദ്രമാണ്. പാരമ്പര്യമനുസരിച്ച് കടപ്പൂര്‍ നിവാസികള്‍ക്കാണ് കപ്പലോട്ടം നടത്താനുള്ള അവകാശമുള്ളത്.

നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നതെന്ന് വിശ്വസിക്കപ്പെടുന്ന മാതൃസ്വരൂപത്തെ കുറവിലങ്ങാട് മുത്തിയമ്മ എന്നാണ് വിളിക്കുന്നത്. പള്ളിയുടെ മുന്‍വശത്തുള്ള 48 അടി ഉയരമുള്ള ഗ്രാനൈറ്റ് കുരിശ് 1597 ല്‍ ആണ് നിര്‍മ്മിക്കപ്പെട്ടത്. രാജപ്രൗഢിയുള്ള മൂന്ന് പള്ളിമണികളും കുറവിലങ്ങാട് പളളിയുടെ ചരിത്രത്തില്‍ കയറിപ്പറ്റിയിട്ടുണ്ട്. 1911 ല്‍ ജര്‍മ്മനിയില്‍ നിന്നാണ് ഈ മണി കൊണ്ടുവന്നിരിക്കുന്നത്. 1660 കിലോഗ്രാമാണ് ഇതിന്റെ തൂക്കം. ശില്പവൈദഗ്ദ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒറ്റത്തടിയില്‍ തീര്‍ത്ത എട്ടു നാവുള്ള ചിരവത്തടിയും ഇവിടെയുണ്ട്. മൂന്നുനോമ്പിന് മാത്രമേ ഇത് ഉപയോഗിക്കാറുള്ളൂ.

സഭാചരിത്രത്തില്‍ ഏറെ ശ്രദ്ധേയരായ ജാതിക്ക് കര്‍ത്തവ്യന്‍ എന്നറിയപ്പെടുന്ന ആര്‍ച്ച് ഡീക്കന്മാരുടെ മാതൃഇടവക എന്ന നിലയിലും കുറവിലങ്ങാട് പ്രസിദ്ധമാണ്. പകലോമറ്റം കുടുംബത്തില്‍ പെട്ടവരാണ് ഈ ആര്‍ച്ച് ഡീക്കന്മാരെന്ന് വിശ്വസിക്കപ്പെടുന്നു.

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മെത്രാനായ മാര്‍ അലക്‌സാണ്ടര്‍ ഡി കാംപോ, ദീപിക പത്രത്തിന്റെ ആദ്യ എഡിറ്ററും സഭൈക്യത്തിന്റെ വക്താവും വിദ്യാഭ്യാസവിചക്ഷണനുമായ നിധീരിക്കല്‍ മാണിക്കത്തനാര്‍ തുടങ്ങിയവരൊക്കെ കുറവിലങ്ങാട് പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് അനശ്വരരയവരാണ്.

മറ്റൊരു പുണ്യദേഹമാണ് കുറവിലങ്ങാട് വികാരിയായി സേവനം ചെയ്ത പാനാംകുഴയ്ക്കല്‍ വല്യച്ഛന്‍. അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിലൂടെ നിരവധി അത്ഭുതങ്ങള്‍ കിട്ടിയതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ അഞ്ചിന് അദ്ദേഹത്തിന്റെ ചരമവാര്‍ഷികം ആഘോഷിക്കാറുണ്ട്.

മര്‍ത്തമറിയം പള്ളിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചെറിയ പള്ളി വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ളതാണ്. ബിഷപ് മാര്‍ അലക്‌സാണ്ടര്‍ കാംപോ നിര്‍മ്മിച്ചതാണ് ഈ ദേവാലയം. അദ്ദേഹം കുറവിലങ്ങാട് പള്ളിയുടെ വികാരിയായി സേവനം ചെയ്ത(1640-1663) കാലത്താണ് ഈ പള്ളി പണിതത്. പിന്നീട് ആദ്യ തദ്ദേശീയ മെത്രാനായി മാറിയപ്പോള്‍ തന്റെ സ്വകാര്യചാപ്പലായി അദ്ദേഹം ഉപയോഗിച്ച് പോന്നത് ഈ പള്ളിയായിരുന്നു. സെന്റ് മേരിസ് കത്തീഡ്രലായും പരിഗണിച്ചു. എല്ലാവര്‍ഷം ഇവിടെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചുവരുന്നു.

You must be logged in to post a comment Login