കുറ്റിക്കലച്ചന്‍: ആകാശപ്പറവകളുടെ കൂട്ടുകാരന്‍

കുറ്റിക്കലച്ചന്‍: ആകാശപ്പറവകളുടെ കൂട്ടുകാരന്‍

ലോകത്തെക്കുറിച്ചുള്ള സ്വപ്‌നമെന്താണ് എന്ന് ചോദിച്ചാല്‍ ഫാ. ജോര്‍ജ് കുറ്റിക്കല്‍ എംസിബിഎസിന് ഒരു ഉത്തരമേയുള്ളൂ. യാചകരില്ലാത്ത ലോകം.

തെരുവുജീവിതങ്ങള്‍ക്ക് വേണ്ടി ജീവിതം നീക്കിവച്ചിരിക്കുന്ന ഈ വന്ദ്യപുരോഹിതന് മറ്റെന്താണ് അല്ലെങ്കില്‍ ആഗ്രഹിക്കാനുള്ളത്? ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന സവിശേഷമായ ശുശ്രൂഷയുമായി നമുക്കിടയില്‍ കുറ്റിക്കലച്ചന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഇരുപത്തിരണ്ട് വര്‍ഷമായി.

തെരുവിലൂടെ ആര്‍ക്കും വേണ്ടാതെ അലഞ്ഞുതിരിയുന്നവരെ കാണുമ്പോഴെല്ലാം അച്ചന്റെ ഹൃദയം വേദനിച്ചിരുന്നു. ദൈവത്തിന്റെ ഛായയില്‍ സ ൃഷ്ടിക്കപ്പെട്ടിരിക്കുന്നവര്‍ തന്നെയല്ലേ ഇവര്‍? എന്നിട്ടും മനുഷ്യനടുത്ത ആദരവോ ബഹുമാനമോ ഇവര്‍ക്ക് ലഭിക്കുന്നില്ലല്ലോ? ആരുടെയും ശ്രദ്ധയില്‍പെടാതെ തെരുവുകളില്‍ നായ്ക്കള്‍ കണക്കെ മരിച്ചുവീഴുന്നവര്‍. അവര്‍ക്കു വേണ്ടി ആരും വിലാപദിനം ആചരിക്കുന്നില്ല.. കറുത്ത വസ്ത്രങ്ങള്‍ അണിയുന്നില്ല.. ആദരപൂര്‍വ്വമായ മൃതസംസ്‌കാരശുശ്രൂഷകള്‍ പോലും അവര്‍ക്ക് ലഭിക്കുന്നുമില്ല.

വീടുകളില്ലാത്തവര്‍.. ബനധുക്കളില്ലാത്തവര്‍..സുഹൃത്തുക്കളില്ലാത്തവര്‍.. റേഷന്‍കാര്‍ഡുകളോ തിരഞ്ഞെടുപ്പുകാര്‍ഡുകളോ ഇല്ലാത്തവര്..വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തവര്‍..അവരെ ആര്‍ക്കു വേണം? ഒരു രാഷ്ട്രീയക്കാരനും വേണ്ട.. അലഞ്ഞുതിരിഞ്ഞുനടക്കുന്നവര്‍.. ഒരിടത്തും സ്ഥിരമായ താവളമില്ലാത്തവര്‍.. കളപ്പുരകളില്‍ ശേഖരിച്ചുവയ്ക്കാനായി വയലുകളില്‍ വിതയ്ക്കാനില്ലാത്തവര്‍.. പക്ഷേ പക്ഷികളെക്കാള്‍ വിലയുള്ളവര്‍ തന്നെയല്ലേ ഇവര്‍?

മനസ്സിലുയര്‍ന്ന ദൈവത്തിന്റെ സ്വരമാണ് തന്നെ ഇത്തരമൊരു ശുശ്രൂഷയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് കുറ്റിക്കലച്ചന്‍ ഓര്‍മ്മിക്കുന്നു. നന്നേ ചെറുപ്പം മുതല്‍ക്കേ ഒറ്റപ്പെട്ടുപോയതിന്റെയും തിരസ്‌ക്കരിക്കപ്പെട്ടതിന്റെയും വേദനകള്‍ ആ ഹൃദയത്തിലുണ്ടായിരുന്നു. കാരണം’ ഞാന്‍ പഠനത്തിലും കളികളിലും എല്ലാം പിന്നാക്കമായിരുന്നു. അതുകൊണ്ട് സുഹൃത്തുക്കള്‍ പലപ്പോഴും എന്നെ കൂടെകൂട്ടിയില്ല’ എന്നാണ് അതേക്കുറിച്ചുള്ള അച്ചന്റെ വാക്കുകള്‍. ആലപ്പുഴയാണ് അച്ചന്റെ സ്വദേശം. മാതാപിതാക്കള്‍ പരേതരായ ജോസഫും ത്രേസ്യാമ്മയും. അവരുടെ ഏഴുമക്കളില്‍ രണ്ടാമന്‍.

തിരസ്‌ക്കരിക്കപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും ചേര്‍ന്നുനില്ക്കാന്‍ അച്ചനെ പ്രേരിപ്പിച്ചതും ഇത്തരം ജീവിതാനുഭവങ്ങളായിരുന്നു.. ഇവര്‍ക്കായി എന്തു ചെയ്യാന്‍ കഴിയും? 1992 ല്‍ തെരുവുജീവിതങ്ങള്‍കായി അച്ചന്‍ ഒരു ധ്യാനം നടത്തി. എന്നാല്‍ ധ്യാനം കഴിഞ്ഞ് അവര്‍ തെരുവിലേക്ക് തന്നെ മടങ്ങിപ്പോയി. പക്ഷേ അടുത്തതവണ അവര്‍ വന്നത്
കൂടുതല്‍ തെരുവുജീവിതങ്ങളെയും കൊണ്ടായിരുന്നു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രദേശവാസികളുടെ എതിര്‍പ്പുമൂലം അത്തരത്തിലുള്ള ധ്യാനം മുന്നോട്ടുകൊണ്ടുപോകാന്‍കഴിയാതെ വന്നു. തെരുവുജീവിതങ്ങളോട് സുവിശേഷംപ്രഘോഷിച്ചതുകൊണ്ട് മാത്രമായില്ല അവരുടെ പുനരധിവാസവും കൂടി പ്രധാനപ്പെട്ടതാണെന്ന് അച്ചന് മനസ്സിലായി.. പക്ഷേ അവരെ എങ്ങനെ പുനരധിവസിപ്പിക്കും?

അങ്ങനെയിരിക്കെയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സവിശേഷമായ ഒരാഹ്വാനം അച്ചന്റെ കാതുകളില്‍ മുഴങ്ങിയത്. 1983 ല്‍ ഹെയ്ത്തിയില്‍ വച്ചായിരുന്നു ജോണ്‍ പോള്‍ ആഹ്വാനം നടത്തിയത്. പുതിയ രീതിയിലും പുതിയ ഭാവത്തിലും സുവിശേഷവല്‍ക്കരണം നടത്തുക .

ആ ആഹ്വാനം അച്ചന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. തെരുവുജീവിതങ്ങള്‍ക്കായി സവിശേഷമായരീതിയില്‍ പ്രവര്‍ത്തിക്കണം എന്ന ചിന്ത ശക്തമായി. ആകാശപ്പറവകള്‍ക്കായുള്ള ശുശ്രൂഷകളുടെ ആരംഭം ഇത്തരം ചില സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.

1994 ല്‍ മദര്‍ തെരേസ തൃശൂരിനടുത്തുള്ള ചെന്നായ്പ്പാറയില്‍ ആകാശപ്പറവകളുടെ ആദ്യ ഭവനം ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ഭാരത്പ്പൂര്‍ പക്ഷി സങ്കേതം സന്ദര്‍ശിച്ചതാണ് തന്റെ ശുശ്രൂഷയ്ക്ക് ആകാശപ്പറവകള്‍ എന്ന് പേരിടാന്‍ കാരണമായതെന്ന് അച്ചന്‍ പറയുന്നു. സൈബീരിയയില്‍ നിന്ന് ദേശാടനത്തിനെത്തുന്ന പക്ഷികളെക്കുറിച്ച് കേന്ദ്രത്തില്‍ കൃത്യമായ ഫയല്‍സൂക്ഷിക്കുന്നുണ്ടായിരുന്നു. അവയുടെ പേരും വിവരങ്ങളും അടങ്ങുന്ന ഫയല്‍. കാലാവധിക്ക് ശേഷം കിളികള്‍ മാതൃരാജ്യത്തിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പായി ആ രാജ്യത്തിലേക്ക് അവ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ചേക്കേറുകയും മടങ്ങിപ്പോകുകയും ചെയ്യുന്ന പക്ഷികള്‍ പോലെതന്നെയല്ലേ തെരുവുജീവിതങ്ങളും? അത്തരമൊരു ചിന്തയാണ് ആകാശപ്പറവകളിലേക്ക് വെളിച്ചം വീശിയത്. ഫ്രണ്ട്‌സ് ഓഫ് ദ ബേര്‍ഡ്‌സ് ഓഫ് ദ എയര്‍ എന്ന സമൂഹം രൂപപ്പെട്ടത് ഇങ്ങനെയായിരുന്നു.

ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആകാശപ്പറവകളുടെ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മാത്രമായി 26 സ്ഥാപനങ്ങളുണ്ട്. ഡല്‍ഹി, ജമ്മുകാശ്മീര്‍,പഞ്ചാബ് എന്നിവിടങ്ങളിലായി വേറെയും.

ദിവ്യകാരുണ്യത്തിന് മുമ്പിലുള്ള പ്രാര്‍ത്ഥനയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തി നല്കുന്നതെന്ന് അച്ചന്‍ പറയുന്നു. 24 മണിക്കൂറും ആരാധന നടക്കുന്നു. ദിവ്യബലി, കരുണയുടെ ജപമാല, ജപമാല എന്നിവയും ദിനംപ്രതി അര്‍പ്പിക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ നിയോഗങ്ങള്‍ക്ക് വേണ്ടിയാണത്. കരുണയുടെ ഭക്തി പ്രചരിപ്പിക്കുക എന്നതാണ് ഇവരുടെ മറ്റൊരു നിയോഗം. മരിയന്‍ ഭക്തിയുടെ പ്രചാരകരുമാണ് ആകാശപ്പറവകളുടെ സാരഥികള്‍. പ്രഘോഷിക്കപ്പെടുന്ന കരുണയെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക എന്നതാണ് ഇവരുടെ പ്രധാനപ്പെട്ട ദൗത്യം. ദൈവത്തിന്റെ ജീവിക്കുന്ന ഇടങ്ങളാണ് തങ്ങളുടെ ആശ്രമങ്ങള്‍ എന്ന് അച്ചന്‍ പറയുന്നു. ദരിദ്രരെ സുവിശേഷം അറിയിക്കുക എന്ന ദൗത്യവും പ്രധാനമായി ഇവര്‍ കരുതുന്നു.

കരുണ നിറഞ്ഞ അനേകം മനസ്സുകള്‍ ഈ ശുശ്രൂഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകര്‍,, പോലീസ് ഓഫീസേഴ്‌സ്, ഹോസ്പിറ്റല്‍- റെയില്‍വേ ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ ഈ ചങ്ങല നീളുന്നു.

എവിടെയെങ്കിലുമൊക്കെ മനസ്സിന് സുബോധം നഷ്ടപ്പെട്ടവര്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നതായി കണ്ടാല്‍ അവര്‍ വിവരം അറിയിക്കുകയോ അത്തരക്കാരെ ഇവിടെ എത്തിക്കുകയോ ചെയ്യാറുണ്ട്.

പരിപൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിച്ചാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. ഞങ്ങള്‍ക്ക് ബാങ്ക് ബാലന്‍സുകളില്ല. എവിടെയെങ്കിലും കുറവ് വന്നാല്‍ ദൈവം അത് പരിഹരിച്ചുതരാനായി ആളുകളെ അയ്ക്കും..ദൈവപരിപാലനയുടെ നിരവധി അനുഭവങ്ങളുടെ വെളിച്ചത്തില്‍ അച്ചന്‍ പറയുന്നു.

വ്യത്യസ്തമായ ഈ ശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ സുഹൃത്തുക്കളായ വൈദികര്‍ പോലും പറഞ്ഞിരുന്നത് ഭ്രാന്താണെന്നായിരുന്നു. പക്ഷേ ഇപ്പോള്‍ അവരുടെ മനോഭാവത്തിലും മാറ്റം വന്നിരിക്കുന്നു. അച്ചന്‍ പറഞ്ഞു.

തെരുവുകളില്‍ നിന്ന് കണ്ടെത്തിയ രണ്ടായിരത്തോളം പേരെ സുരക്ഷിതമായ ജീവിതത്തിന്റെ തീരങ്ങളില്‍ എത്തിക്കാന്‍ കുറ്റിക്കലച്ചന്റെ കരുണ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്..വിവിധ ദേശക്കാര്‍..മതക്കാര്‍.. അതെ, കരുണയ്ക്ക് മതമില്ലല്ലോ, ജാതിയും.

കരുണയുടെ ഈ വര്‍ഷത്തില്‍ കുറ്റിക്കലച്ചനെ പോലെയുള്ളവരുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പ്രാര്‍ത്ഥനയും നല്‌കേണ്ടിയിരിക്കുന്നു.കാരണം നമ്മില്‍ ഭൂരിപക്ഷത്തിനും സാധിക്കാത്തതാണല്ലോ അച്ചനെപോലെയുള്ളവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്?

You must be logged in to post a comment Login