കുളത്തുവയലിൽ ദൈവമിറങ്ങിയപ്പോൾ…

കുളത്തുവയലിൽ ദൈവമിറങ്ങിയപ്പോൾ…

holy-spirit-fireഇതൊരു കർഷകന്റെ അനുഭവക്കുറിപ്പ്; കോഴിക്കോട് ജില്ലയിലെ കല്ലാനോട് എന്ന ഗ്രാമത്തിൽ ജീവിക്കുന്ന 66 വയസുള്ള ജോസ് കാനാട്ട് എന്ന വ്യക്തിയുടെ ജീവിതസാക്ഷ്യം. ഒരു മലയോര കർഷകന്റെ ജീവിതത്തിൽ ആകസ്മികമായി ഇടപെടുന്ന ദൈവം. കൂരാച്ചുണ്ടിലും കല്ലാനോടും കുറെ ഗ്രാമീണരെ ദൈവം ഉയർത്തി; ദർശനങ്ങൾ, രോഗശാന്തികൾ, പ്രവചനങ്ങൾ! അവർ ഇപ്പോഴും ദൈവത്തോട് വിശ്വസ്തത പുലർത്തുന്നു. അവരിൽ ഒരാളാണ് ജോസ് കാനാട്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ അധികമായി കേരളത്തിലും പുറത്തും നവീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നു. ഒപ്പം, തന്റെ കൃഷിയിടങ്ങളിൽ നല്ലൊരു കർഷകനും!

പകലന്തിയോളം പറന്പിൽ അധ്വാനിക്കുന്ന സാധാരണക്കാരുടെ ജീവിതത്തിൽ കരിസ്മാറ്റിക് നവീകരണം വരുത്തിയ നന്മയുടെ വഴിത്തിരിവുകൾ.

1987 ജനുവരി 21. അന്നാണ് ഞാൻ ആദ്യമായി ഒരു കരിസ്മാറ്റിക് ധ്യാനത്തിനു പോയത്. കുളത്തുവയലിൽ ഫാദർ സി ജെ വർക്കിയുടെ നേതൃത്വത്തിലുള്ള നിർമല ധ്യാനകേന്ദ്രം. പഴയൊരു പാരലൽ കോളേജിനു രൂപമാറ്റം വരുത്തിയതാണ് ‘എൻ ആർ സി’ എന്നാ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ധ്യാനകേന്ദ്രം. കരിസ്മാറ്റിക് ധ്യാനം അക്കാലത്ത് പുതുമയാണ്; വരദാനങ്ങളും അത്ഭുതങ്ങളും ധാരാളം.

കരിസ്മാറ്റിക് ധ്യാനത്തെകുറിച്ച് എന്റെയുള്ളിൽ ഒരു ഭയമുണ്ടായിരുന്നു; അതിനു കാരണവുമുണ്ട്. ധ്യാനത്തിൽ പങ്കെടുത്തു മടങ്ങിവന്ന എന്റെയൊരു പരിചയക്കാരന് മാനസിക അസ്വാസ്ഥ്യം. ധ്യാനം കൂടിയാൽ എനിക്കും എന്തെങ്കിലും സംഭവിച്ചാലോ എന്നൊരു ഭയം!

എങ്കിലും ഒരു ബസ് യാത്രാവേളയിൽ ഒരാൾ നവീകരണ ധ്യാനത്തെ പറ്റി എന്നോട് വിശദമായി പറഞ്ഞിരുന്നു. അന്ന് മനസിലെടുത്ത തീരുമാനമാണ് ധ്യാനം കൂടുകയെന്നത്.

എങ്കിലും ഇടക്കിടെ ഞാൻ ഈ തീരുമാനം മാറ്റിക്കൊണ്ടിരുന്നു. ഏറെ തിരക്കുള്ള സമയമാണ്; ഒരാഴ്ച മാറിനിന്നാൽ ആകെ പ്രശ്നമാകും എന്നൊക്കെ ആയിരുന്നു എന്റെ വാദഗതികൾ.

വീണ്ടും അദേഹത്തെ കണ്ടുമുട്ടിയപ്പോൾ ഞാൻ പറഞ്ഞു: “എനിക്കുവേണ്ടി ധ്യാനം ബുക്ക്‌ ചെയ്തുകൊള്ളൂ; തിരക്ക് ഒഴിഞ്ഞിട്ടു ധ്യാനം കൂടാൻ കഴിയില്ല.”

അദ്ദേഹം ധ്യാനം ബുക്ക്‌ ചെയ്തശേഷം എന്നെ അറിയിച്ചു: “ഈ ആഴ്ച്ച തന്നെ ധ്യാനം കൂടാം. സീറ്റ് റെഡി”.

“അയ്യോ, അതു പറ്റില്ല. എനിക്കൊരു മിൽ ഉണ്ട്; അവിടെ റിപ്പയറിംഗ് നടക്കുകയാണ്. എന്റെ വാഹനത്തിനും എഞ്ചിൻ പണി നടക്കുകയാണ്. ഇക്കുറി ഒരുവിധത്തിലും പങ്കെടുക്കാൻ പറ്റില്ല.”

അദ്ദേഹം എന്നെ സൂക്ഷിച്ചൊന്നു നോക്കി. അല്പം ആലോചിച്ചശേഷം ഞാൻ പറഞ്ഞു:

“എന്തെങ്കിലുമൊക്കെ സംഭവിക്കട്ടെ; ഇക്കുറി ഞാൻ വരാം; ഒന്നാംസ്ഥാനം ദൈവത്തിനുതന്നെ.”

ഞാൻ വീട്ടിലും ജോലിക്കാരോടും പറഞ്ഞു: “ആറുദിവസം ഇനി എന്നെ അന്വേഷിക്കരുത്. ഞാൻ അത്യാവശ്യമായി ഒരിടംവരെ പോകുന്നു.”

ധ്യാനം കൂടി കഴിയുന്നതോടെ എന്റെ പ്രശ്നങ്ങൾ അവസാനിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയെല്ലാം അവിടുന്ന് ക്രമപ്പെടുത്തിക്കൊള്ളും” (മത്തായി 6:33) എന്ന വചനം ഞാൻ കേട്ടിട്ടുണ്ട്! (പക്ഷെ, ധ്യാനം കൂടി ഞാൻ വരുന്പോഴും വണ്ടി വർക്ക്ഷോപ്പിൽ തന്നെ!)

കല്ലാനോട് നിന്നു കുളത്തുവയലിലേക്ക് ഏറെ ദൂരമില്ല. ധ്യാനത്തിന്റെ ആദ്യദിനം തന്നെ ഞാനൊരു തീരുമാനം എടുത്തു. ആറുദിവസം ആരോടും സംസാരമില്ല. മറ്റുള്ളവരുടെ ഏകാഗ്രത ഞാൻമൂലം ഇല്ലാതാക്കില്ല. സാധിക്കുംവിധം ഞാൻ പ്രാർഥിക്കാനും തീരുമാനിച്ചു.

ധ്യാനം തുടങ്ങി. ആദ്യക്ലാസിൽ തന്നെ ഞാൻ ഉറക്കം തുടങ്ങി. ഏതാണ്ട് മുക്കാൽ സമയവും ഉറക്കം തന്നെ! യാതൊരു അനുഭവവും എനിക്ക് ലഭിക്കില്ല എന്നായിരുന്നു എന്റെ വിചാരം.

കുന്പസാരത്തിന്റെ ഘട്ടമെത്തി. വളരെ നന്നായി കുന്പസാരിക്കാൻ ദൈവം എനിക്ക് കൃപ നൽകി. അഞ്ചാം ദിവസം കൈവെപ്പ് പ്രാർഥനക്കായി സി ജെ വർക്കി അച്ചൻ ഞങ്ങളെ ഒരുക്കി.

“കണ്ണുകൾ തുറക്കരുത്; വായതുറന്നു ദൈവത്തെ സ്തുതിക്കുക. അപ്പോൾ കണ്ണീരിന്റെ കൃപ ലഭിക്കും. കണ്ണീർ ഒഴുകുന്പോൾ യേശുവിനെ നിങ്ങൾ കാണും.” ഇതായിരുന്നു വർക്കിയച്ചന്റെ നിർദേശം.

ഞാൻ തീരുമാനിച്ചു; കണ്ണടച്ച് നിൽക്കാം. ഉച്ചത്തിൽ സ്തുതിക്കാൻ മടിയുണ്ട്. കൈവയ്പ് പ്രാർഥന തുടങ്ങി. എന്റെ ഇടവും വലവുമുള്ളവർ ഉച്ചത്തിൽ സ്തുതിക്കാൻ തുടങ്ങി. അറിയാതെ ഞാനും അവരോടൊപ്പം ഉറക്കെ സ്തുതിച്ചു തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ അറിയാതെ കരഞ്ഞുതുടങ്ങി!

അപ്പോൾ ഞാനൊരു ദൃശ്യം കണ്ടു: കുരിശിൽനിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തിയിരിക്കുന്ന ഈശോയുടെ ശരീരം. വിഖ്യാതമായ ‘പിയാത്ത’ ശിൽപംപോലെ ഒന്ന്! ആയിരം ബൾബുകൾ ഒന്നിച്ചു പ്രകാശിക്കുന്ന വെളിച്ചത്തിൽ ഞാൻ ഈശോയെ കണ്ടു. എന്റെ പാപങ്ങളും യേശുവിന്റെ സഹനത്തിനു കാരണമാണ് എന്നെനിക്കു തോന്നി. ഞാൻ വാവിട്ടു കരഞ്ഞു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: ‘എനിക്ക് സ്വർഗത്തിലുള്ള ഈശോയെ കാണണം.’

അപ്പോൾ വളരെ കട്ടിയുള്ള മേഘപാളികൾ ഇളകുന്നതും സ്വര്ഗം തുറക്കുന്നതും ഞാൻ കണ്ടു. സ്വർഗത്തിൽ വളരെ ഗൌരവത്തോടെ ഇരിക്കുന്ന ഈശോ! ഞാൻ സ്തുതിച്ചുകൊണ്ടിരുന്നു.

വർക്കിയച്ചൻ എന്റെ തലയിൽ കൈവച്ച് പ്രാർഥിച്ചുകൊണ്ടിരുന്നു. ഞാൻ മറ്റൊരു ലോകത്തായിരുന്നു അപ്പോൾ. ഒരുതരം സ്വർഗീയ അനുഭൂതി.

ധ്യാനാവസാനം ഞാൻ എന്റെ അനുഭവങ്ങൾ സമൂഹത്തോട് പങ്കുവച്ചു.

അച്ചൻ പ്രവചനം പോലെ പറഞ്ഞു: “ഈ സമൂഹത്തിൽ ഒരു വ്യക്തിയെ ദൈവം ധാരാളമായി ഉയർത്തുന്നു.”

ഞാൻ ചിന്തിച്ചു: ആരായിരിക്കും, ആ ഭാഗ്യവാൻ?

ഞാൻ വീട്ടിലേക്ക് മടങ്ങി. മടക്കയാത്രയിൽ ഇങ്ങനെ ചിന്തിച്ചു. ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളും ദൈവത്തിന്റെ ഇഷ്ടം പൂർണമായി നിറവേറ്റുന്നു. സൃഷ്ടിയുടെ മകുടമായ മനുഷ്യൻ മാത്രം അലസതയിലും സ്വാർത്ഥതയിലും മുങ്ങിനിവരുന്നു! ഞാനൊരു തീരുമാനം എടുത്തു. ഇനിയുള്ള ജീവിതം ക്രിസ്തുവിനായി മാത്രം.

ധ്യാനത്തിൽ കേട്ട ഒരു വചനം എന്നെ വല്ലാതെ സ്പർശിച്ചു.

“എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം.” (1 തെസലോനിക്ക 5:16-18)

 

ജോസ് കാനാട്ട്

You must be logged in to post a comment Login