കൂടുതല്‍ മക്കള്‍ ഉള്ളവരുടെ പ്രത്യേക മധ്യസ്ഥ

കൂടുതല്‍ മക്കള്‍ ഉള്ളവരുടെ പ്രത്യേക മധ്യസ്ഥ

പ്രഭു പുത്രിയായിരുന്നു വിശുദ്ധ മാറ്റില്‍ഡ. 895 ലാണ് ജനനം. വളരെ ചെറുപ്പത്തിലേ അവളുടെ വിവാഹം ഹെന്റി എന്ന ഒരു യുവപ്രഭുവുമായി നടന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഹെന്‍ റി ജര്‍മ്മനിയുടെ രാജാവാവുകയും അങ്ങനെ മാറ്റില്‍ഡ രാജ്ഞിയായിത്തീരുകയും ചെയ്തു.

പക്ഷേ രാജ്ഞിയായിരുന്നപ്പോഴും ലളിതമായ ജീവിതമാണ് മാറ്റില്‍ഡ നയിച്ചത്. ദിവസവും പ്രാര്‍ത്ഥനയ്ക്കായി അവള്‍ ദീര്‍ഘസമയം ചെലവഴിച്ചു. എല്ലാവരും അവള്‍ വളരെ ദയയുള്ളവളും നല്ലവളുമാണെന്ന് മനസ്സിലാക്കി.

രാജ്ഞി എന്നതിനെക്കാള്‍ ഒരമ്മയെപ്പോലെയാണ് അവള്‍ മറ്റുള്ളവരോട് പെരുമാറിയിരുന്നത്. രോഗീസന്ദര്‍ശനം, ജയില്‍ സന്ദര്‍ശനം എന്നിവ മാറ്റില്‍ഡയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. തന്റെ ഭാര്യയുടെ പ്രത്യേകതകള്‍ ഹെന്‍ റിയ്ക്കും അറിയാമായിരുന്നു. മാറ്റില്‍ഡ നല്ലൊരു ഭാര്യയായതുകൊണ്ടാണ് താന്‍ നല്ല വ്യക്തിയും ഭരണാധികാരിയുമായിരിക്കുന്നതെന്ന് ഹെന്‍ റി വിശ്വസിച്ചു.

തീവ്രമായ സ്‌നേഹത്തിലാണ് അവര്‍ ദാമ്പത്യജീവിതം പുലര്‍ത്തിയിരുന്നത്. രാജ്യത്തെ സമ്പത്ത് ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് മാറ്റില്‍ഡായ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.ഭാര്യ എന്തുചെയ്യുന്നുവെന്ന് ഒരിക്കല്‍ പോലും ശാസിക്കുകയോ അവളെ വിലക്കുകയോ ഹെന്‍ റി ചെയ്തില്ല. ജനങ്ങളുടെ ആവശ്യം മാറ്റില്‍ഡ പറഞ്ഞ് അദ്ദേഹത്തിനറിയാമായിരുന്നു.

വളരെ സന്തോഷകരായ 23 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് അവര്‍ നയിച്ചത്. പെട്ടെന്നുള്ള മരണമായിരുന്നു ഹെന്‍ റിയുടേത്. ആ മരണം മാറ്റില്‍ഡയെ തകര്‍ത്തു. ഭര്‍ത്താവിന്റെ നഷ്ടം വലുതാണെങ്കിലും ദൈവത്തില്‍ ശരണമര്‍പ്പിച്ച്, ഹെന്റിയുടെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി ദിവ്യബലികള്‍ കാഴ്ചവച്ച് മാറ്റില്‍ഡ കഴിഞ്ഞുകൂടി.
ജര്‍മ്മന്‍ ചക്രവര്‍ത്തി ഓട്ടോ ഒന്നാമന്‍, ഹെന്‍ റി, സെന്റ് ബ്രൂണോ, ജെര്‍ബര്‍ഗ, ഹെഡ് വിങ് എന്നിവരായിരുന്നു മാറ്റില്‍ഡ- ഹെന്‍ റി ദമ്പതികളുടെ മക്കള്‍.

ഹെന്‍ റിയുടെ മരണത്തിന് ശേഷം ഓട്ടോ ഒന്നാമന്‍ ഭരണാധികാരിയായി. എന്നാല്‍ മാറ്റില്‍ഡയുടെ ആഗ്രഹം ഹെന്റി അധികാരത്തില്‍ എത്തണമെന്നായിരുന്നു. ഓട്ടോ അധികാരത്തിലെത്തിയതിന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഹെന്‍ റി സഹോദരനെതിരെ ഒരു പ്രക്ഷോഭം അഴിച്ചുവിട്ടു. പിന്നീട് സഹോദരന്മാര്‍ അനുരഞ്ജനത്തിലെത്തിയപ്പോള്‍ അമ്മയ്‌ക്കെതിരെ തിരിഞ്ഞു.

മാറ്റില്‍ഡയുടെ അതിരുകടന്ന ഉപവിപ്രവര്‍ത്തനങ്ങളെ പ്രതിയായിരുന്നുവത്. അതനുസരിച്ച് മാറ്റില്‍ഡ തന്റെ രാജകീയ പദവികള്‍ ഉപേക്ഷിക്കുകയും മറ്റൊരിടത്തേയ്ക്ക് താമസം മാറുകയും ചെയ്തു.

മാറ്റില്‍ഡ നിരവധി പള്ളികളും ആശ്രമങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ആശ്രമങ്ങളില്‍ താമസിച്ച് പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മുഴുകുകയും ചെയ്തിട്ടുണ്ട്. 968 ലായിരുന്നു മരണം.ഭര്‍ത്താവിന്റെ ശവകുടീരത്തിന് സമീപത്തായിട്ടാണ് മാറ്റില്‍ഡയുടെ ഭൗതികശരീരം അടക്കം ചെയ്തത്. മരണം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ വിശുദ്ധപദവിയിലെത്തി. കൂടുതല്‍ മക്കളുള്ള കുടുംബത്തിന്റെ മാധ്യസ്ഥയായി സഭ വിശുദ്ധ മാറ്റില്‍ഡയെ വണങ്ങുന്നു.

ബി

You must be logged in to post a comment Login