കൂടെ നില്‍ക്കുന്ന ദൈവം

കൂടെ നില്‍ക്കുന്ന ദൈവം

കരുണയുടെ വഴിയേ- 10

ദൈവം പാപിയെ നീതികരിച്ചു കൂടെ നില്‍ക്കും എന്ന സത്യത്തിന്റെ സാക്ഷ്യമാണ് ഈശോ. പാപിനിയായ സ്തീയെ കല്ലെറിഞ്ഞു കൊല്ലണം എന്നു വാശിപിടിച്ചു വന്നവരുടെ മുമ്പില്‍ ന്യായാധിപനായി നിന്നുകൊണ്ട് യേശു ക്രിസ്തു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടെ. കല്ലെറിയേണ്ട എന്നോ മൂശയുടെ നിയമം ലംഘിക്കണമെന്നോ ഈശോ പറയുന്നില്ല. ലോകരാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്ക് അതീതമായ ദൈവനീതിയാണു നാം ഇവിടെ യേശുവില്‍ കാണുന്നത്.

ഇവിടെ യേശു പാപിയുടെ പക്ഷം ചേരുന്ന ദൈവമാണ്. യേശുവിലൂടെ ദൈവം ഭൂമിയില്‍ വന്നില്ലായിരുന്നുവെങ്കില്‍ പാപിക്ക് അഭയംതേടാന്‍ ഇവിടെ ഒരു ദൈവം ഇല്ലാതെപോയേനേ.

എന്റെ സിനിമാ നിര്‍മ്മാണ കാലത്തു സെറ്റില്‍വച്ച് പരിചയപ്പെട്ട ഒരു യുവാവിനെ ഓര്‍ക്കുന്നു. ട്രാക്കും ട്രോളിയുമൊക്കെ ക്രമീകരിക്കുന്ന ഗ്രൂപ്പിലെ ആള്‍. അക്രൈസ്തവനായ അദ്ദേഹം എന്നോടു പറഞ്ഞു, ഞാന്‍ ജീസസിനെ എന്റെ ദൈവമായി ആരാധിക്കുന്നയാളാണ് എന്ന്. ഞങ്ങള്‍ വിശ്രമവേളകളില്‍ സംസാരിച്ച് കുറെ അടുപ്പം വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, ജീസസ് മാത്രമാണോ നിന്റെ ദൈവം? മറ്റേതെങ്കിലും ആരാധനാ മൂര്‍ത്തി നിനക്കുണ്ടോ?കുടുംബത്തിലെ വിശ്വാസത്തില്‍ നിന്നു ലഭിച്ച പല ദൈവങ്ങളെയും താന്‍ ആരാധിക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു.

അപ്പോള്‍ ഞാന്‍ ചോദിച്ചു: പല ദൈവങ്ങളുടെ ഇടയില്‍ ഒരു ദൈവമായി യേശുവിനെ ആരാധിക്കുന്നതുകൊണ്ട് എന്തു ഗുണമാണുള്ളത് എന്ന്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, ബലഹീനതയില്‍ താന്‍ ചെയ്ത തെറ്റുകളുടെ പേരില്‍ ദൈവങ്ങള്‍ ശിക്ഷാനടപടിയുമായി വരുമ്പോള്‍ കുട്ടാ.. ഇങ്ങ് പോര് എന്നു പറഞ്ഞ് എന്നെ പൊതിഞ്ഞു നില്‍ക്കാന്‍ ഈശോ ഉണ്ടല്ലോ എന്നാണ്.

ഒരു കാരണവുമില്ലാതെ കുരിശില്‍ തറച്ചപ്പോഴും തങ്ങള്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല എന്ന ഈശോയുടെ നിലപാടാണ് അങ്ങനെ ചിന്തിക്കാന്‍ അയാള്‍ക്കു വിശ്വാസമായത്.

 

ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍

You must be logged in to post a comment Login