കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു

കൊച്ചി: കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സി) 27-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു. മതേതരത്വമെന്നത് അടിസ്ഥാനമൂല്യമായി സൂക്ഷിക്കുമെന്നും അതേസമയം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും കെആര്‍എല്‍സി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ.സൂസപാക്യം പറഞ്ഞു. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും സാമുദായിക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളസമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ കെആര്‍എല്‍സിസി അംഗങ്ങള്‍ ഉത്കണ്ഠ രേഖപ്പെടുത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുന്നത് ഭീകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്നും അംഗങ്ങള്‍ പറഞ്ഞു.

സംസ്ഥാന-ദേശീയ തലങ്ങളില്‍ ജാതിസംവരണം തുടരണം. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭജനങ്ങള്‍ പാടില്ല. രാഷ്ട്രീയ കൊലപാതങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും അവസാനിപ്പിക്കണം. റബ്ബര്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണം. അദ്ധ്യാപക പാക്കേജ് സംബന്ധിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണം.

You must be logged in to post a comment Login