കേരളത്തിന്റെ കാരുണ്യസംസ്‌കാരം മാതൃകാപരം ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കേരളത്തിന്റെ കാരുണ്യസംസ്‌കാരം മാതൃകാപരം ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ കാരുണ്യ സംസ്‌കാരം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമാണെന്ന് സിബിസിഐ വൈസ് പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് . നാനാജാതി മതവിശ്വാസികളായ മനുഷ്യര്‍, തങ്ങളുടെ അയല്‍ക്കാരെയും അഗതികളെയും സ്‌നേഹിക്കാനും ആവശ്യമായ സഹായസഹകരണങ്ങള്‍ എത്തിക്കാനും പരിശ്രമിക്കുന്നു. ‘മാനവസേവയിലൂടെ മാധവസേവ’യെന്ന കാഴചപ്പാട് വ്യക്തികളില്‍ ശക്തമായി സ്വാധീനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒളരി സെന്റ് ക്രിസ്റ്റീനഹോമില്‍ നടന്ന സമ്മേളനത്തില്‍ കാരുണ്യ കേരള സന്ദേശയാത്രയുടെ ഭാഗമായി കാരുണ്യസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ അതിരൂപത ജീവന്റെ സംരക്ഷണത്തിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം, വിവിധ പ്രസ്ഥാനങ്ങളുടെ ചരിത്രം വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. നൂറോളം പ്രസ്ഥാനങ്ങളെ ആദരിച്ചു.

പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ഫാ. ഡെന്നി താന്നിക്കല്‍, ഫാ. ഡേവിസ് ചിറമേല്‍, ഫാ. വര്‍ഗ്ഗീസ് കരിപ്പേരി, ജെയിംസ് ആഴ്ചങ്ങാടന്‍, പി.ഐ ലാസര്‍ മാസ്റ്റര്‍, എ.ഡി ഷാജു, അഡ്വ.ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മാര്‍ട്ടിന്‍ ന്യൂനസ്, സെലസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ ഇരിഞ്ഞാലക്കുട, പാലക്കാട് കോഴിക്കോട്, താമരശ്ശേരി, മാനന്തവാടി, കണ്ണൂര്‍ ബത്തേരി, തലശ്ശേരി രൂപതകളില്‍ കാരുണ്യകേരള സന്ദേശയാത്ര പര്യടനം നടത്തും. ‘ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ് ‘എന്നതാണ് യാത്രയുടെ സന്ദേശം. 11 മാസം കൊണ്ട് കേരളത്തിലെ മൂവായിരത്തോളം കരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ആദരിക്കുന്നു.

You must be logged in to post a comment Login