കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം കുത്തനെ കുറയുന്നു

കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം കുത്തനെ കുറയുന്നു

Churchകൊച്ചി: സിറോ മലബാര്‍ സഭയില്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം ഗണ്യമായി കുറയുന്നു. കന്യാസ്ത്രീകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായാണ് സഭ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ കന്യാസ്ത്രീകളുടെ എണ്ണം മൊത്തം വിശ്വാസികളുടെ എണ്ണത്തിന്റെ 6.25 ശതമാനമാണ്. അതേസമയം കന്യാസ്ത്രീകളാകാന്‍ പരിശീലനം നേടുന്നവരുടെ എണ്ണമാകട്ടെ 0.19 ശതമാനം മാത്രം. വൈദികര്‍ 1.6 ശതമാനമാണെങ്കില്‍ വൈദികാര്‍ത്ഥികള്‍ 0.67 ശതമാനം മാത്രം.

സഭയില്‍ ദൈവവിളി കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സര്‍വേ നടത്തിയതെന്ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. അതിരൂപതയിലെ 16 ഫൊറോനകളിലെ 1,09,530 കുടുംബങ്ങളില്‍ 1755 വൈദികരും 6842 കന്യാസ്ത്രീകളുമുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. പള്ളിപ്പുറം ഫൊറോനയിലാണ് ഏറ്റവുമധികം വൈദികരുള്ളത് – 112 പേര്‍. കുറവ് 32 പേരുള്ള ഇടപ്പള്ളിയിലും. കന്യാസ്ത്രീകളുടെ കാര്യത്തില്‍ 507 പേരുള്ള കറുകുറ്റിയാണ് മുന്നില്‍. കുറവ് 88 പേരുള്ള ഇടപ്പള്ളിയും. വൈദികരാകാന്‍ അതിരൂപതയില്‍ ആകെ പഠിക്കുന്നത് 739 പേര്‍ മാത്രം. ഏറ്റവുമധികം മഞ്ഞപ്രയിലാണ്, 90 പേര്‍. കുറവ് 25 പേരുള്ള എറണാകുളം ഫൊറോനയാണ്.

കന്യാസ്ത്രീയാകാന്‍ പഠിക്കുന്നത് ആകെ 209 പേരാണ്. 17 പേരുള്ള കറുകുറ്റിയാണ് മുന്നില്‍. ഏറ്റവും കുറവുള്ള ഇടപ്പള്ളി ഫൊറോനയില്‍ 8176 കുടുംബങ്ങളിലായി ആകെ നാലുപേരാണ് കന്യാസ്ത്രീയാകാന്‍ ചേര്‍ന്നിരിക്കുന്നത്. 9100 കുടുംബമുള്ള എറണാകുളത്ത് 6 പേരാണുള്ളത്.

ദൈവവിളി ഗണ്യമായി കുറയുന്നത് സഭാ സിനഡ് ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നു. കുട്ടികളുടെ എണ്ണം കുറയുന്നതും നഗരവത്കരണവും ദൈവവിളി കുറയാന്‍ കാരണമായതായി സഭ വിലയിരുത്തുന്നു. കന്യാസ്ത്രീ മഠങ്ങളില്‍ പുതുതായി ആളുകളില്ലാത്തതിനാല്‍ പലയിടത്തും പരിശീലന കേന്ദ്രങ്ങള്‍ പൂട്ടേണ്ട സ്ഥിതിയുണ്ടെന്ന് സഭാ കേന്ദ്രങ്ങള്‍ പറയുന്നു. പല മഠങ്ങളും വിവിധ പരിശീലന കേന്ദ്രങ്ങള്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്.

സഭയുടെ സേവന മേഖലകളില്‍ ആളില്ലാത്ത സ്ഥിതിയിലേക്ക് ഭാവിയില്‍ കാര്യങ്ങളെത്തുമെന്ന ആശങ്കയും നിലവിലുണ്ട്. കന്യാസ്ത്രീകളുടെ നിസ്വാര്‍ഥ സേവനം മൂലമാണ് ഉത്തരേന്ത്യയിലെ മിഷന്‍ കേന്ദ്രങ്ങളും മറ്റും നന്നായി പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കന്യാസ്ത്രീകളാകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വൈദികര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യവും മറ്റും കന്യാസ്ത്രീകള്‍ക്കില്ലാത്തതും ഈ രംഗത്ത് താത്പര്യം കുറയ്ക്കുന്നതായി വിലയിരുത്തലുണ്ട്.

സിറോ മലബാര്‍ സഭ മുഴുവനും ഇതു സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്ന് മാര്‍ എടയന്ത്രത്ത് പറഞ്ഞു. ആഗോള വ്യാപകമായി തന്നെ ശുശ്രൂഷാ രംഗങ്ങളില്‍ ആളുകള്‍ കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ജിജോ സിറിയക്‌

You must be logged in to post a comment Login