കേരളത്തില്‍ നിന്നുള്ള സുവിശേഷപ്രഘോഷകന് സിംഗപ്പൂരില്‍ അതിരൂപതയുടെ താക്കീതും വിലക്കും!

കേരളത്തില്‍ നിന്നുള്ള സുവിശേഷപ്രഘോഷകന് സിംഗപ്പൂരില്‍ അതിരൂപതയുടെ താക്കീതും വിലക്കും!

സിംഗപ്പൂര്‍: കരിസ്മാറ്റിക് ഹീലിംങ് മിനിസ്ട്രി നടത്തുന്ന കൊല്ലത്തു നിന്നുള്ള ഫ്രാന്‍സിസ് ജോര്‍ജ് തോമസിന് സിംഗപ്പൂര്‍ അതിരൂപത താക്കീതും കത്തോലിക്കര്‍ക്ക് മുന്നറിയിപ്പും നല്കി. ജൂണ്‍ വരെ സിംഗപ്പൂരിന്റെ വിവിധ സ്ഥലങ്ങളില്‍ ഇദ്ദേഹം ശുശ്രൂഷ നടത്തിയിരുന്നു. അത്തരം അവസരങ്ങളിലെല്ലാം അദ്ദേഹം മതപരമായ പുസ്തകങ്ങളും സിഡികളും വില്ക്കുന്നതായി ശ്രദ്ധയില്‍പെട്ടതാണ് അദ്ദേഹത്തിന് താക്കീത് നല്കാന്‍ അതിരൂപതയെ പ്രേരിപ്പിച്ചത്.

തോമസിന്റെ പ്രോഗ്രാമുകളില്‍ പങ്കെടുക്കരുതെന്നും പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കരുതെന്നും അതിരൂപത വിശ്വാസികളെ ഉപദേശിക്കുകയും ചെയ്തു. അതുപോലെ അദ്ദേഹത്തിന് സാമ്പത്തിസഹായം നല്കുന്നതും നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികസഹായം ഇദ്ദേഹത്തിന് നല്കുന്നതായി അറിയാന്‍ കഴിഞ്ഞാല്‍ അധികാരികളില്‍ നിന്ന് അന്വേഷണം നേരിടേണ്ടതായും വരും. കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പ്രബോധനങ്ങളാണ് ഫ്രാന്‍സിസ് ജോര്‍ജ് നല്കിക്കൊണ്ടിരിക്കുന്നത്. അതിരൂപത വിശദീകരണക്കുറിപ്പില്‍ പറയുന്നു.

ശുശ്രൂഷയ്‌ക്കെന്ന പേരില്‍ തുടര്‍ച്ചയായി പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. തന്റെ അധികാരപരിധിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് തോമസിന് സുവിശേഷപ്രഘോഷണത്തിനുള്ള അനുവാദം നല്കിയിട്ടില്ല എന്ന് സൗത്തേണ്‍ അറേബിയായുടെ അപ്പസ്‌തോലിക് വികാരിയാത്ത് ബിഷപ് പോള്‍ ഹിന്‍ഡര്‍ അറിയിച്ചു.

കൊല്ലം രുപതാംഗമാണ് ഫ്രാന്‍സിസ് ജോര്‍ജ് തോമസ്. സിംഗപ്പൂര്‍ അതിരൂപത ഇദ്ദേഹത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ് സ്റ്റാന്‍ലി റോമനെ ധരിപ്പിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് തോമസ് വീണ്ടും സിംഗപ്പൂരിലെത്തിയാല്‍ അക്കാര്യം ചാന്‍സെറിയെ അറിയിക്കണമെന്നും വിശ്വാസികളെ അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login