കേള്‍ക്കാന്‍ ചെവിയില്ലാത്തവരും കേള്‍ക്കട്ടെ…

കേള്‍ക്കാന്‍ ചെവിയില്ലാത്തവരും കേള്‍ക്കട്ടെ…

മാഡ്രിഡ്: വിശ്വാസികളെല്ലാവരും ചേര്‍ന്നുള്ള ഉച്ചത്തിലുള്ള പ്രാര്‍ത്ഥനയാണ് കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബാനക്ക് പലപ്പോഴും ശക്തി പകരുന്നത്. എന്നാല്‍ കേള്‍വിശക്തിയില്ലാത്തവര്‍ക്ക് പലപ്പോഴും ഈ പ്രാര്‍ത്ഥനകള്‍ അന്യമാണ്. മറ്റുള്ളവരുടെ ചുണ്ടനക്കങ്ങള്‍ അറിയുകയല്ലാതെ അവര്‍ പ്രാര്‍ത്ഥിക്കുന്നതെന്താണെന്നു മനസ്സിലാക്കാന്‍ പലപ്പോഴും ഇവര്‍ക്കു സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് ബധിരര്‍ക്കായി അടയാള ഭാഷ ഉപയോഗിച്ചുകൊണ്ട് സ്‌പെയിനില്‍ പ്രത്യേക ബലിയര്‍പ്പണം നടക്കുന്നത്. സ്പാനിഷ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ബധിരര്‍ക്കായുള്ള മിനിസ്ട്രിയുടെ പ്രസിഡന്റ് ഫാദര്‍ സെര്‍ജിയോ ബൂയ്‌സയാണ് ഇതിനു പിന്നില്‍.

കൂടുതലാളുകളിലേക്ക് സുവിശേഷമെത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരുദ്യമത്തിന് ഇറങ്ങിത്തിരിച്ചതെന്ന് ഫാദര്‍ സെര്‍ജിയോ ബൂയ്‌സ പറഞ്ഞു. സ്‌പെയിനിലെ 24 ഓളം ദേവാലയങ്ങളില്‍ ബധിരര്‍ക്കായി ദിവ്യബലി അര്‍പ്പിക്കപ്പെടുന്നുണ്ട്. ഇതിനായി പരിശീലനം സിദ്ധിച്ച 20 തോളം വൈദികരുമുണ്ട്. രാജ്യത്ത് കേള്‍വിശക്തിയില്ലാത്ത ഒരു മില്യനോളം വരുന്ന ആളുകള്‍ക്ക് ഇതൊരാശ്വാസമാണ്.

ദിവ്യബലിക്കു പുറമേ ബധിരര്‍ക്കു വേണ്ടിയുള്ള മതബോധന ക്ലാസുകളും ബൈബിള്‍ പഠന ക്ലാസുകളും വിവാഹ മുന്നൊരുക്ക ക്ലാസുകളും കുമ്പസാരവുമൊക്കെ ഇവിടെ നടത്തപ്പെടുന്നുണ്ട്.

1990 ലാണ് സ്പാനിഷ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ ബധിരര്‍ക്കായുള്ള മിനിസ്ട്രി രൂപീകരിക്കപ്പെടുന്നത്. അന്നു മുതല്‍ ഇവര്‍ക്കായി പ്രത്യേക കര്‍മ്മ പരിപാടികള്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു വരികയാണ്.

You must be logged in to post a comment Login