കൈകളില്ലാതിരുന്നിട്ടും കാലുകളില്ലാതിരുന്നിട്ടും പരാതികളില്ലാത്ത ഒരു ജീവിതം

അന്ന് ഒരു ഡിസംബര്‍ മാസമായിരുന്നു. മഞ്ഞും കുളിരുമുള്ള രാത്രി. തിരുപ്പിറവിയുടെ സന്തോഷങ്ങളെ വരവേല്ക്കാനെന്നോണം മിന്നിത്തിളങ്ങുന്ന നക്ഷത്രവിളക്കുകളുടെ രാത്രി. ബോറീസ്- ദുഷ്‌ക്ക ദമ്പതികളും തങ്ങളുടെ ജീവിതത്തില്‍ ഒരു രക്ഷകനെ’ കാത്തിരിക്കുകയായിരുന്നു. അതായത് അവര്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നു. ആദ്യത്തെ കണ്‍മണി.

സ്ഥലം ആസ്‌ട്രേലിയായിലെ മെല്‍ബന്‍. വര്‍ഷം 1982 ഡിസംബര്‍ നാല്. ദുഷ്‌ക്കയുടെ പ്രസവം അന്നായിരുന്നു. നേഴ്‌സായിരുന്നു അവള്‍. ബോറീസ് അക്കൗണ്ടന്റും. പിറന്നുവീഴുന്ന കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുകയായിരുന്നു ആ ദമ്പതികള്‍. ഉത്തമക്രൈസ്തവവിശ്വാസത്തില്‍ ജീവിച്ചുവന്നിരുന്ന മാതൃകാദമ്പതികളായിരുന്നു അവര്‍.
താന്‍ വേദനയോടെ നൊന്തുപ്രസവിച്ച ആദ്യസന്താനത്തെ കാണാന്‍ ദുഷ്‌ക്ക കൊതിച്ചിരിക്കുകയായിരുന്നു. ആര്‍ത്തിയോടെ, ദാഹത്തോടെ അവള്‍ തന്റെ കുഞ്ഞിനെ കണ്ടു. കണ്ട മാത്രയില്‍ തന്നെ അവളുടെ ശിരസില്‍ ഒരു വെള്ളിടി വെട്ടി. തകര്‍ന്നുപോയീ അവള്‍… കാരണം ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത രൂപമായിരുന്നു അവളുടെ കുഞ്ഞിന്. ആ കുഞ്ഞിന് കൈകള്‍ രണ്ടുമുണ്ടായിരുന്നില്ല, കാലുകളും. ഒരു മാംസപിണ്ഡം.!

ഇതോ തന്റെ കുഞ്ഞ്..ഇതിന് വേണ്ടിയാണോ തങ്ങള്‍ പ്രാര്‍ത്ഥിച്ചത്..കാത്തിരുന്നത്.. ഇല്ല..ഇതെന്റെ കുഞ്ഞല്ല..എനിക്കീ കുഞ്ഞിനെ വേണ്ട.. ആകാശവും ഭൂമിയും നടുങ്ങത്തക്കവിധത്തില്‍ ദുഷ്‌ക്ക കരഞ്ഞു. ഡോക്‌ടേഴ്‌സിനോ നേഴ്‌സുമാര്‍ക്കോ അവളെ ആശ്വസിപ്പിക്കാനായില്ല. എങ്ങനെ ആശ്വസിപ്പിക്കും.?.ഇങ്ങനെയൊരു കുഞ്ഞിനെ ലഭിച്ചിട്ട് ദൈവഹിതമാണെന്ന് പറയാന്‍ കഴിയുമോ..സാരമില്ലായെന്ന് ആശ്വസിപ്പിക്കാന്‍ കഴിയുമോ?
ഇല്ല..എങ്ങനെ പറയാന്‍ കഴിയും അത്തരം വാക്കുകള്‍… ബോറീസും കാത്തുനില്ക്കുകയായിരുന്നു തന്റെ കുഞ്ഞിനെ കാണാന്‍.. കണ്ട മാത്രയില്‍ അയാളും നടുങ്ങി. ഒരത്ഭുതരൂപം..കൈകളും കാലുകളുമില്ലാത്ത മനുഷ്യക്കുഞ്ഞ്..

ബോറീസും കരഞ്ഞു.. ദുഷ്‌ക്കയും കരഞ്ഞു. തന്റേതല്ലാത്ത കാരണങ്ങളാല്‍ താന്‍ തന്റെ മാതാപിതാക്കള്‍ക്കും വേണ്ടാതായിപ്പോകുന്ന വേദനയും സങ്കടവും അറിഞ്ഞാവാം നവജാതശിശുവും കരഞ്ഞു.. ജനനങ്ങളെല്ലാം സന്തോഷമാണ് നല്കുന്നതെങ്കില്‍ ഇവിടെ മാത്രം അത് വേദന പകരുന്നു.

കുഞ്ഞ് മരിച്ചുപോയാല്‍ പോലും ഇത്രയും വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു. പക്ഷേ ഇത്…ഈ കുഞ്ഞിന്റെ ഭാവി എന്താകും..ഇവന്‍ ആരായിത്തീരും? എല്ലാവരുടെയും മനസ്സില്‍ തദൃശ്യമായ അനേകം ചോദ്യങ്ങളുയര്‍ന്നു. അതിനിടയില്‍ ചിലര്‍ക്ക് മനസ്സിലാവാതെ പോയ ഒരു ചോദ്യമുണ്ടായിരുന്നു.

ഗര്‍ഭസ്ഥ ശിശു ശാരീരിക ന്യൂനതകള്‍ ഉളളതാണെന്ന് പരിശോധനകളില്‍ മനസ്സിലാക്കാതെ പോയതെന്തുകൊണ്ട്? അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കൈകളും കാലുകളുമില്ലാതെ മാംസപിണ്ഡമായി ഇങ്ങനെയൊരു ശിശു മാതാപിതാക്കള്‍ക്കും സമൂഹത്തിനും ബാധ്യതതയായി പിറന്നുവീഴുമായിരുന്നില്ലല്ലോ? അപ്പോള്‍ ഈ കുഞ്ഞിനെക്കുറിച്ച് ദൈവത്തിന് എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ ഉണ്ടാവുമായിരിക്കും. അതെന്തായിരിക്കും?

******************************************
ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റും മോട്ടിവേഷനല്‍ സ്പീക്കറുമായ നിക്ക് എന്ന നിക്കോളാസ് ജെയിംസ് വോയ്ച്ചായിരുന്നു അപ്രകാരം പിറന്നുവീണത്. കാലുകളും കൈകളുമില്ലാതെ പിറന്നുവീണ നിക്കിന്റെ ജീവിതം ലോകത്തിലെ മറ്റൊരു അത്ഭുതമാണ്. ജീവിതത്തിന്റെ അതിരുകളെ ഭേദിക്കുന്ന വിജയചരിത്രമാണ് നിക്ക് രചിച്ചുകൊണ്ടിരിക്കുന്നത് കൈകളും കാലുകളുമില്ല. ദു:ഖവും എന്നാണ് നിക്കിന്റെ ഏറ്റവും പ്രശസ്തമായ ഒരു പുസ്തകത്തിന്റെ പേര്. മറ്റൊരു പുസ്തകത്തിന്റെ പേരാകട്ടെ ലൈഫ് വിത്തൗട്ട് ലിമിറ്റ് എന്നും.

അതെ, പരിധികളും പരിമിതികളും ഭേദിക്കുന്ന വിജയചരിത്രം. അതാണ് നിക്കിന്റെ ജീവിതം.
കൈകളും കാലുകളും ചിന്തകളും ആരോഗ്യവും ഉണ്ടായിട്ടും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ പതറിപ്പോകുന്ന നമ്മളെപ്പോലെയുള്ള ഭൂരിപക്ഷത്തെ നിക്ക് എങ്ങനെയാണ് സ്വാധീനിക്കുന്നത്..നമുക്ക് നിക്ക് എന്താണ് നല്കുന്ന പാഠം? അഞ്ചു ഭൂഖണ്ഡങ്ങളിലായി നാല്പത്തിനാല് രാജ്യങ്ങളിലായി മൂന്ന് മില്യന്‍ ആളുകളോടായി നിക്ക് ഇതുവരെ സംവദിച്ചുകഴിഞ്ഞു. കൈകളില്ലാതിരുന്നിട്ടും അനേകരെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നിക്കിന് സാധിച്ചു. കാലുകളില്ലാതിരുന്നിട്ടും അനേകര്‍ക്ക് മുന്നോട്ടു കുതിക്കുന്നതിന് വീഥിയൊരുക്കാന്‍ നിക്കിന് കഴിഞ്ഞു.

ഈ വാക്കുകളില്‍ ജീവിതത്തിന്റെ ഹരിതാഭ മുഴുവനുമുണ്ട്..ജീവിതം വിലപിടിപ്പുള്ളതാണെന്നും അത് ജീവിച്ചുതീര്‍ക്കേണ്ടതാണെന്നുമാണ് നിക്ക് നമ്മോട് പറയുന്നത്. പക്ഷേ  നിക്ക് ഇത്തരം കാര്യങ്ങള്‍ ലോകത്തോട് വളരെ പെട്ടെന്ന് വിളിച്ചുപറഞ്ഞതല്ല.. സങ്കടത്തിന്റെയും വേദനയുടെയും ആത്മനിന്ദയുടെയും നിരാശതകളുടെയും തീപ്പാലങ്ങള്‍ കടന്നുവന്നതിന് ശേഷമാണ് നിക്കിന് ഇപ്രകാരം പറയാന്‍ കഴിഞ്ഞത്..
********************
വളരെ വൈകിയാണെങ്കിലും വേദനയോടെയാണെങ്കിലും ടെറ്റ്‌റാ അമേലിയ സിന്‍ഡ്രോം എന്ന് മെഡിക്കല്‍ സയന്‍സ് വിശേഷിപ്പിച്ച വൈകല്യമുള്ള തങ്ങളുടെ ആദ്യസന്താനത്തെ ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ ദുഷ്‌ക്കയും ബോറീസും തയ്യാറായി. പരസഹായമില്ലാതെ ഒന്നനങ്ങുവാന്‍ പോലും സാധിക്കാത്ത മകനുവേണ്ടി ദുഷ്‌ക്ക ജോലി രാജിവച്ചു. അതിനിടയില്‍ ആ ദമ്പതികള്‍ക്ക് മറ്റ് രണ്ട് മക്കള്‍ കൂടിയുണ്ടായി. ആരോണും മിഹല്ലേയും.

തനിക്കെന്തെങ്കിലും പ്രത്യേകതകളുള്ളതായി ആദ്യമൊന്നും നിക്കിന് തോന്നിയില്ല. പക്ഷേ കൂടപ്പിറപ്പുകളുമായി താരതമ്യം നടത്തി നോക്കിയപ്പോള്‍ അവനൊരു കാര്യം മനസ്സിലായി..അവര്‍ക്ക് കാലുകളുണ്ട്..തനിക്ക് കാലുകളില്ല..അവര്‍ക്ക് കൈകളുണ്ട്..തനിക്ക് അതുമില്ല. ചുറ്റുപാടുമുള്ള എല്ലാവര്‍ക്കും കൈകളുണ്ട് കാലുകളുണ്ട്.തനിക്ക് മാത്രം അതുരണ്ടുമില്ല.

അപകര്‍ഷതാബോധം പതുക്കെപതുക്കെ ആ മനസ്സിലേക്ക് അരിച്ചിറങ്ങുകയായിരുന്നു. താന്‍ കുറവുകളുള്ളവനാണ്.. തനിക്ക് നടക്കാന്‍ കഴിയില്ല.. സ്‌നേഹപൂര്‍വ്വം ഒരാളെ ആലിംഗനം ചെയ്യാന്‍ കഴിയില്ല.. നിക്കിന്റെ മാതാപിതാക്കള്‍ ക്രിയാത്മകമായ ചിന്തകള്‍ കൊണ്ട് മകന്റെ മനസ്സ് നിറയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നിക്കിന്റെ മനസ്സിന് ശാന്തിയും സമാധാനവും നല്കിയില്ല.

സാധാരണ കുട്ടികള്‍ക്കുള്ള സ്‌കൂളിലാണ് മാതാപിതാക്കള്‍ നിക്കിനെ ചേര്‍ത്തതും. അവിടെ നിന്ന് കിട്ടിയ ചില വിപരീതാനുഭവങ്ങള്‍ അവനെ വീണ്ടും അന്തര്‍മുഖനാക്കി.
അതിനിടയില്‍ നിക്ക് പ്രാര്‍ത്ഥനകളിലേക്ക് ചേക്കേറി. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന, ചോദിക്കുന്നവര്‍ക്ക് എല്ലാം കൊടുക്കുന്ന ദൈവത്തോട് അവന്‍ പ്രാര്‍ത്ഥിച്ചത് മറ്റൊന്നുമായിരുന്നില്ല. തനിക്ക് കൈകളും കാലുകളും തരണമേയെന്നായിരുന്നു. കൈകളും കാലുകളും മുളച്ചുവരുന്നത് അവന്‍ സ്വപ്നം പോലും കാണുകയുണ്ടായി. അതിനിടയില്‍ ഒരു ഓപ്പറേഷനും അവന്‍ തയ്യാറായി.

ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന രണ്ട് വിരലുകള്‍ വേര്‍പെടുത്തിയാല്‍ മറ്റ് കുട്ടികളെപ്പോലെ സാധാരണജീവിതം നയിക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് അതികഠിനമായ ഓപ്പറേഷന് തയ്യാറാകാന്‍ നിക്കിനെ പ്രേരിപ്പിച്ചത്. പന്ത്രണ്ടാം വയസിലാണ് ആ ഓപ്പറേഷന് നിക്ക് വിധേയനായത്. ഓപ്പറേഷന്‍ വിജയപ്രദമായിരുന്നു. രണ്ട് വിരലുകള്‍ വച്ച് ചെയ്യാന്‍ കഴിയുന്നതൊക്കെ പിന്നീട് നിക്ക് ചെയ്തുതുടങ്ങി. അതിനിടയില്‍ പിതാവിന്റെ ജോലി സംബന്ധമായി ആ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. പുതിയ ജീവിതസാഹചര്യവും ജീവിതപശ്ചാത്തലവും..

നിക്ക് അക്കാലത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.: മറ്റുള്ളവരുടെ വാക്കുകളിലൂടെയായിരുന്നു ഞാന്‍ എന്നെ കണ്ടതും വിലയിരുത്തിയതും. അപ്പോള്‍ ഞാന്‍ എനിക്ക് തന്നെ വിലയില്ലാത്തവനായി.. ഒന്നിനും കൊള്ളാത്തവനായി. എന്നും മറ്റുള്ളവരെ ആശ്രയിച്ചുകഴിയുന്ന ഇത്തിള്‍ക്കണ്ണി.

നിഷേധാത്മകമായ ഈ ജീവിതചിന്തകള്‍ നിക്കിനെ എത്തിച്ചത് വിഫലമായിപ്പോയ മൂന്ന് ആത്മഹത്യാശ്രമങ്ങളിലാണ്.ആത്മഹത്യ ചെയ്യാന്‍ പോലും പരസഹായം വേണ്ടിവരുക എന്നത് എത്രയോ പരിതാപകരമാണ്.

പതുക്കെപതുക്കെ തന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്ന നിഷേധാത്മകചിന്തകളില്‍ നിന്ന് നിക്ക് പുറത്തുവന്നു. പരിമിതികളെയോര്‍ത്ത് വിലപിച്ചിരുന്നാല്‍ ജീവിതത്തിന്റെ സന്തോഷങ്ങളാണ് തനിക്ക് നഷ്ടമാകുന്നതെന്ന് നിക്ക് മനസ്സിലാക്കി. ഇന്നലെ വരെ ദൈവത്തെക്കുറിച്ച് പരാതിപ്പെട്ടവന്‍ ദൈവസ്‌നേഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ആരംഭിച്ചു. താന്‍ എന്തുമാത്രം ഭാഗ്യവാനാണ് എന്ന് ചിന്തിക്കാന്‍ തുടങ്ങി. തന്റെ മാതാപിതാക്കള്‍ എത്രയോ സ്‌നേഹമുള്ളവരാണ്.. തന്റെ പുഞ്ചിരി എത്രയോ മനോഹരമാണ്..

നിക്ക് സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. പല്ലുതേയ്പ്പ്, ,ഷേവിംങ്.. നീന്തല്‍.. ടൈപ്പിംങ്.. തനിക്ക് രണ്ടുവിരലുകളെങ്കിലും ഉണ്ടല്ലോ എന്നോര്‍ത്ത് അവന്‍ ദൈവത്തിന് നന്ദിപറഞ്ഞു. അതുപോലും ഇല്ലാത്തവരും ഈ ഭൂമിയിലുണ്ടല്ലോ..ദിവസവും വചനം വായിച്ച് ധ്യാനിക്കാനാരംഭിച്ചു. വചനം മനസ്സിന്റെ തമസകറ്റിത്തുടങ്ങി.തന്നില്‍തന്നെ സന്തോഷിക്കാന്‍ കാരണങ്ങളുണ്ടെന്ന് നിക്ക് മനസ്സിലാക്കിതുടങ്ങി.

പതിമൂന്നാമത്തെ വയസില്‍ സ്വന്തം ജീവിതകഥ മാതാപിതാക്കളില്‍ നിന്ന് കേട്ട നിക്ക് പതിനേഴാം വയസില്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തേണ്ടതിനെക്കുറിച്ച് ആദ്യ മോട്ടിവേഷനല്‍ പ്രഭാഷണം നടത്തി. ഒപ്പം നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനും ആരംഭിച്ചു. ലൈഫ് വിത്തൗട്ട് ലിംഫ്‌സ്. ഇരുപത്തിയൊന്നാം വയസില്‍ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അക്കൗണ്ടന്‍സിയിലും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിലും ഡിഗ്രി നേടി.. മോട്ടിവേഷനല്‍ സ്പീക്കര്‍ എന്ന ഖ്യാതി നിക്കിനെ തേടിയെത്തിതുടങ്ങി. കോര്‍പ്പറേറ്റ് സദസിലും സന്ന്യാസസഭകളിലും വിദ്യാലയങ്ങളിലും നിക്ക് പ്രഭാഷകനായി.. കൈകളും കാലുകളുമില്ലാതിരുന്നിട്ടും ശുഭചിന്തകളുടെ വസന്തം തീര്‍ക്കുന്ന ഈ ചെറുപ്പക്കാരനെ ലോകം ശ്രദ്ധിച്ചുതുടങ്ങി. കാരണം അവന്‍ ദൈവത്തോട് ചേര്‍ന്നുനിന്നാണ് സംസാരിച്ചത്. ക്രിസ്തുവിന്റെ പരിമളം എന്നപോലെ അവന്റെ വാക്കുകളില്‍ സുഗന്ധമുണ്ടായിരുന്നു.

2010 ല്‍ റാന്‍ഡം ബുക്ക്‌സ് ആണ് നിക്കിന്റെ പ്രഥമ പുസ്തകം പ്രസിദ്ധീകരിച്ചത്. ലൈഫ്‌സ് ഗ്രേറ്റര്‍ പര്‍പ്പസ് , നോ ആംസ്, നോ ലെഗ്‌സ്, നോ വറീസ് തുടങ്ങിയ ഡിവിഡികളും നിക്കിന്റെ ജീവിതവും പ്രഭാഷണവും കോര്‍ത്തിണക്കി പുറത്തിറങ്ങിയിട്ടുള്ളവയാണ്. 2009 ല്‍ മികച്ച ഷോര്‍ട്ട് ഫിലിംമായി തിരഞ്ഞെടുക്കപ്പെട്ട ദ ബട്ടര്‍ഫ്‌ളൈ സര്‍ക്കസിലും നിക്ക് അഭിനയിച്ചിട്ടുണ്ട്.

2012 ലായിരുന്നു നിക്കിന്റെ വിവാഹം. ഭാര്യ കാനെയ് മിയാഹരാ. ഈ ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്.

ദൈവത്തിന് ഒരു വ്യക്തിയിലൂടെ പ്രവര്‍ത്തിക്കാന്‍ ആ വ്യക്തിക്ക് കൈകളോ കാലുകളോ വേണമെന്നില്ല. അവിടുത്തെ കരങ്ങളിലൂടെ തന്നെ ദൈവം ആ വ്യക്തിയിലൂടെ പ്രവര്‍ത്തിച്ചുകൊള്ളും. ബാല്യകാലത്ത് എന്റെ പരിമിതികള്‍ മാറിപ്പോകാനും സാഹചര്യങ്ങള്‍ മാറാനുമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. ഞാന്‍ അങ്ങനെയായിരുന്നില്ല പ്രാര്‍ത്ഥിക്കേണ്ടതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് എനിക്കറിയാം. എന്നെക്കുറിച്ച് മാത്രമല്ല എല്ലാവരെക്കുറിച്ചും ദൈവത്തിന് പദ്ധതികളുണ്ട്. ഒരു ജനനവും ഈ ലോകത്തില്‍ ദൈവം അറിയാതെ സംഭവിക്കുന്നവയല്ല.. പരിമിതികളെ അതിജീവിക്കാന്‍ ദൈവം എല്ലാവര്‍ക്കും കരുത്ത് നല്കിയിട്ടുണ്ട്. നമ്മളത് ഉപയോഗിക്കണമെന്ന് മാത്രം… നമ്മുടെ പരിമിതികളിലേക്ക് നോക്കിയാല്‍ നമുക്കൊരിക്കലും സന്തോഷിക്കാനാവില്ല.. ലഭിച്ചിരിക്കുന്ന നന്മകളെക്കുറിച്ച് ആലോചിക്കുക..

നിക്കിന്റെ ചില അഭിപ്രായങ്ങളാണ് ഇതെല്ലാം..

ദൈവത്തോട് ചേര്‍ന്നുനിന്നപ്പോഴാണ് നിക്കിന്റെ ജീവിതം മാറിമറിഞ്ഞതെന്നും നാം ഓര്‍മ്മിക്കേണ്ടതുണ്ട്. അതെ, ക്രിസ്തു എല്ലാറ്റിനും മതിയായവന്‍ എന്ന് നിക്കിന്റ ജീവിതത്തോട് ചേര്‍ന്നുനിന്ന് നമുക്കും പറയാം. ക്രിസ്തു നമ്മുടെ ജീവിതത്തിന്റെയും ഇരുള്‍ അകറ്റട്ടെ.. കാരണം അവന്‍ ലോകത്തിന്റെ വെളിച്ചമാണല്ലോ?

You must be logged in to post a comment Login