കൊച്ചിയിലെ ന്യൂജനറേഷന്‍ ജീസസ്!

കൊച്ചിയിലെ ന്യൂജനറേഷന്‍ ജീസസ്!

 

കൊച്ചിയിലെ ന്യൂജനറേഷന്‍ ജീസ്സസ്!

കൊച്ചി തേവര കോളേജ് ലേക്ക് വ്യു ഗ്രൗണ്ടില്‍ എത്തുന്നവര്‍ അല്‍പ്പം ഒന്ന് അമ്പരക്കും. 48 അടി നീളത്തില്‍ കൈയുംവിരിച്ച് നില്‍ക്കുന്ന ഈശോ. വെറുതെ ഒന്നുമല്ല ഹെഡ് ഫോണൊക്കെ വച്ച് നല്ല സ്‌റ്റൈലില്‍!. മൊത്തത്തില്‍ ന്യൂ ജനറേഷന്‍ ലുക്ക്. കോളേജിലെ ഈ ഗ്രാഫിറ്റി തേടി സാക്ഷാല്‍ ബിനാലെ ടീം വരെ കോളേജില്‍ അന്വേഷിച്ചെത്തിയിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടന്ന മതിലിനെ ക്രിസ്തുവിന്റെ സുന്ദരന്‍ ഗ്രാഫിറ്റിയാക്കി മാറ്റിയ വിദ്യാര്‍ത്ഥിനികളുടെ കഥ അതിശയകരമാണ് .

ഒരു വഴിത്തിരിവായത് ജീസസ് യൂത്ത്
ജീസസ് യൂത്ത് കേരള ക്യാമ്പസ് കോണ്‍ഫറന്‍സിന്റെ വേദിയായിരുന്ന കോളേജില്‍, കോണ്‍ഫറന്‍സിന്റെ മുന്നോടിയായാണ് ഈ ഗ്രാഫിറ്റി ഒരുക്കിയത്. കോളേജിന്റെ ലേക്ക് വ്യു ഗ്രൗണ്ടിലെ പൊട്ടിപ്പൊളിഞ്ഞ പഴയ ഷൂട്ടിംഗ് റേഞ്ച് കണ്ട കേരള ടീന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ നിതിന്‍ തോമസിന്റെ മനസ്സിലാണ് ഇത്തരത്തില്‍ ഒരു ഐഡിയ മിന്നിയത്. ഈ പഴഞ്ചന്‍ മതിലിനെ ഒരു അടിപൊളി ഗ്രാഫിറ്റി വാള്‍ ആക്കിയാലോ? ആളുകള്‍ കൂട്ടമായെത്തി ഗ്രാഫിറ്റിക്ക് മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതും അദേഹം സ്വപ്‌നം കണ്ടു.
ജീസസ് യൂത്തിലെ റിയയോട് ഈ ഐഡിയ പറഞ്ഞപ്പോള്‍, റിയ കോളേജിലെ ക്രിയേറ്റിവിറ്റി ക്ലബ് അംഗങ്ങളോട് കാര്യം അവതരിപ്പിച്ചു. ‘എന്താ ദാസ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്’ എന്ന കോറസില്‍ ക്ലബിലെ ജസ്വന്ത് അയ്യര്‍ എന്ന ബ്രാഹ്മണ യുവാവ് സംഭവം ഏറ്റെടുത്തു. കൂടെ 16 വിദ്യാര്‍ത്ഥികളും. നിതിന്‍ സ്വപ്നം കണ്ട പോലെ തന്നെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ ജെസ്വന്ത് വരച്ചു.

ന്യൂ ജനറേഷന്‍
പുതു തലമുറ ക്രിസ്തുവിനെ എങ്ങനെയാണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ ഉത്തമ ദ്രിഷ്ടാന്തമാണ് ഈ ഗ്രാഫിറ്റി. ഹെഡ് ഫോണ്‍ വച്ചിരിക്കുന്ന ക്രിസ്തുവിനോടൊപ്പം ചെടിക്ക് വെള്ളം ഒഴിക്കുന്ന, പ്രാര്‍ഥിക്കുന്ന, പെയിന്റ് ചെയ്യുന്ന മാലാഖമാരെയും കാണാം. പുതു തലമുറയുടെ ചിഹ്നങ്ങളായ ഫേസ്ബുക്ക്, ട്വിറ്റെര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ സൂചകങ്ങളും ചിത്രത്തില്‍ ഉണ്ട്. ‘ഹൈ ടെക്ക് യുഗത്തില്‍ യൂത്തിന് ക്രിസ്തു ഒരു കൂട്ടുകാരന്‍’ എന്ന ഫീല്‍ തരുന്നുണ്ട് ആ ചിത്രം. യുവജനങ്ങള്‍ക്കൊപ്പം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈശോയുടെ പ്രതീകം കൂടിയായി ഈ ചിത്രം മാറുന്നുണ്ട്.

ഓണാഘോഷം പോലും ഒഴിവാക്കി പെയിന്റിംഗ്
അത്ര നിസാരമായിരുന്നില്ല ജോലി. പഴയ ഷൂട്ടിംഗ് റേഞ്ചിലെ പൊട്ടിപ്പൊളിഞ്ഞ ഇടമെല്ലാം പുട്ടിയിട്ട് നിരപ്പാക്കി. അതിന് വേണ്ടി വന്നത് 25കിലോ പുട്ടിയാണ്. പിന്നെ വൈറ്റ് വാഷ്.. പെയിന്റിംഗ്. അങ്ങനെയാണ് ക്യാമ്പസ് കോണ്‍ഫറന്‍സ് വേദിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഗ്രാഫിറ്റി ഉണ്ടായത്. ജെസ്വന്തും കൂട്ടുകാരും കോളേജിലെ ഓണാഘോഷം പോലും ഒഴിവാക്കിയാണ് കര്‍ത്താവിനു വേണ്ടി ഈ ജോലി ഏറ്റെടുത്തത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവര്‍ കര്‍മ്മനിരതരായി.

26 അഴകുള്ള ക്രിസ്തു
ക്രിയേറ്റിവിറ്റി ക്ലബിലെ 17 പേര്‍ക്ക് 2 കോട്ട് പെയിന്റ് ചെയ്യാന്‍ 30 ലിറ്റര്‍ പെയിന്റ് വേണ്ടി വന്നു. 26 നിറങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ആരും ശ്രദ്ധിക്കാതെ പാഴായി കിടന്ന ഷൂട്ടിംഗ് റേഞ്ചിനെ നല്ല റേഞ്ച് ഉള്ള, ഫോട്ടോ ഷൂട്ട് ചെയുന്ന ‘ക്രിയേറ്റിവ്’ സ്‌പോട്ട് ആക്കിമാറ്റിയതിന്റെ സന്തോഷത്തിലാണ് ജസ്വന്തും നിതിനും ജീസസ് യൂത്ത് അംഗങ്ങളും.

You must be logged in to post a comment Login