കൊച്ചുത്രേസ്യായുടെ ചെറിയ വഴികളെ അനുകരിക്കുവിന്‍: ഫ്രാന്‍സിസ് പാപ്പ ജോര്‍ജിയന്‍ ജനതയോട്

കൊച്ചുത്രേസ്യായുടെ ചെറിയ വഴികളെ അനുകരിക്കുവിന്‍: ഫ്രാന്‍സിസ് പാപ്പ ജോര്‍ജിയന്‍ ജനതയോട്

ജോര്‍ജിയ ദൈവത്തില്‍ ശരണം വയ്ക്കാന്‍ കൊച്ചുത്രേസ്യായുടെ ചെറിയ കാര്യങ്ങളുടെ വഴി പിന്തുടരുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ജോര്‍ജിയന്‍ ജനതയോട്. ഇന്ന് വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആഘോഷിക്കുന്ന വേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ജോര്‍ജിയന്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായിരുന്നു ഇന്ന്. ഒരു കൊച്ചുകുഞ്ഞ് തന്റെ പിതാവിന്റെ കൈകളില്‍ യാതൊരു ഭയവുമില്ലാതെ ഉറങ്ങുന്നതുപോലെ, കൊച്ചുത്രേസ്യായുടെ ആത്മകഥയിലെ ഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു, ദൈവത്തില്‍ ശരണം വയ്ക്കാന്‍ നമുക്ക് കഴിയണം.

ക്രിസ്തു ഒരിക്കലും വന്‍കാര്യങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍ നന്ദിയും കീഴടങ്ങലും അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. ദൈവത്തില്‍ നിന്ന് സ്‌നേഹം സ്വീകരിക്കാന്‍ നമുക്കിത് വേണം. ഹൃദയത്തിന്റെ എളിമ.

ദൈവത്തിന്റെ സാന്നിധ്യം നമ്മെ സ്വതന്ത്രരാക്കുകയും നമുക്ക് സന്തോഷം നല്കുകയും ചെയ്യുന്നു, ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ അവസരങ്ങളിലും. സമാധാനത്തിന്റെ വാതിലുകള്‍ നാം എല്ലായ്‌പ്പോഴും മലര്‍ക്കെ തുറന്നിടുക .

ദിവസം തോറുമുള്ള തിരുവചനവായന, ആരാധന, കുമ്പസാരം, ദിവ്യകാരുണ്യം എന്നിവയിലൂടെ ദൈവം പ്രത്യേകമായി നമ്മെ സ്‌നേഹിക്കുന്നു. നാം നമ്മുടെ ഹൃദയം അടച്ചിടുകയാണെങ്കില്‍ അവിടുത്തെ പ്രകാശം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയില്ല. എല്ലായിടവും ഇരുട്ട് ആയിരിക്കുകയും ചെയ്യും.

സഭയ്ക്കുള്ളില്‍ സമാധാനം നാം കണ്ടെത്തണം. സഭ എന്നു പറയുന്നത് സമാധാനത്തിന്റെ ഭവനമാണ് .നാം ഐക്യത്തിലാവുമ്പോള്‍ ദൈവത്തിന്റെ സമാശ്വാസം നമ്മുടെ പ്രവര്‍ത്തനങ്ങളിലുമുണ്ടാകും. നാം ഒരിക്കലും നമ്മുടെ ജീവിതത്തിന്റെ മാസ്റ്റര്‍മാരല്ല. ദൈവത്തിന്റെ മക്കളാണ്. അല്ലാതെ സ്വയംപര്യാപ്തത കൈവരിച്ചവരോ സ്വയംഭരണാവകാശം ഉള്ളവരോ അല്ല.കുട്ടികള്‍ക്ക് എപ്പോഴും വേണ്ടത് സ്‌നേഹവും ക്ഷമയുമാണ്. പാപ്പ പറഞ്ഞു.

ജോര്‍ജിയായിലെ 84 ശതമാനം ആളുകളും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളാണ്. മുസ്ലീമുകള്‍ പത്തുശതമാനവും അര്‍മേനിയക്കാര്‍ മൂന്നു ശതമാനവും ആണ്. കത്തോലിക്കര്‍ ഒരു ശതമാനത്തില്‍ താഴെയാണ്.

You must be logged in to post a comment Login