കൊടും തണുപ്പില്‍, അര്‍ദ്ധനഗ്നനായി വിശന്നുമരിച്ച ഒരു വിശ്വാസജീവിതം

കൊടും തണുപ്പില്‍, അര്‍ദ്ധനഗ്നനായി വിശന്നുമരിച്ച ഒരു വിശ്വാസജീവിതം

റുമാനിയായിലെ രക്തസാക്ഷി മോണ്‍. വ്‌ളാഡിമര്‍ ഗീക്കാ മക്കബായരുടെ പുസ്തകത്തിലെ എലെയാസറിന്റെ തുടര്‍ച്ചയാണ്. ഒരു ചെറിയനിമിഷം കൂടി ജീവിക്കുവാന്‍ വേണ്ടി എന്റെ ഈ അഭിനയം മൂലം ഞാന്‍ അവരെ വഴിതെറ്റിക്കുകയും എന്റെ വാര്‍ദ്ധക്യത്തെ പങ്കിലവും അവമാനിതവും ആക്കുകയും ചെയ്യും. തല്ക്കാലത്തേക്ക് മനുഷ്യശിക്ഷയില്‍ നിന്ന് എനിക്ക് ഒഴിവാകാമെങ്കിലും സര്‍വ്വശക്തന്റെ കരങ്ങളില്‍ നിന്ന് ജീവിച്ചാലും മരിച്ചാലും രക്ഷപ്പെടാന്‍ കഴിയുകയില്ല. അതിനാല്‍ പൗരുഷത്തോടെ ഞാന്‍ എന്റെ ജീവന്‍ അര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞ് മരണത്തിന് കീഴടങ്ങിയവനായിരുന്നുവല്ലോ എലെയാസര്‍( 2 മക്കബായര്‍ 6; 21-28) .

ഒരു ഭരണകൂടത്തിനും ഒരു കിരാതമര്‍ദ്ദനത്തിനും തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസമായിരുന്നു വ്‌ളാഡിമര്‍ ഗീക്കായുടേത്. ജൂലാവാ ജയിലില്‍, ഈര്‍പ്പം നിറഞ്ഞുനിന്ന മുറിയില്‍, 240 തടവുകാരോടൊപ്പം അടിവസ്ത്രം മാത്രമണിഞ്ഞ് പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യങ്ങളില്ലാതെ വിശപ്പും ദാഹവും സഹിച്ച് പീഡനങ്ങളേറ്റ് വര്‍ഷങ്ങളോളം ജയിലില്‍ ജീവിച്ചിട്ടും ക്രിസ്തുവിനെയും അവിടുത്തെ സഭയെയും ഗീക്കാ തള്ളിപ്പറഞ്ഞില്ല.. കാരണം ക്രിസ്തു അദ്ദേഹത്തിന് പ്രാണനെക്കാള്‍ വിലയുള്ളവനായിരുന്നു.

കമ്മ്യൂണിസ്റ്റുകാരെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് പീഡനങ്ങള്‍ ഏല്‌ക്കേണ്ടിവരില്ലായിരുന്നു, ജീവന്‍ നിലനിര്‍ത്തുകയും ചെയ്യാമായിരുന്നു. രണ്ടും ചെയ്യാത്തതുകൊണ്ട് രാജകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആ കത്തോലിക്കാ പുരോഹിതന്‍ കമ്മ്യൂണിസ്റ്റ് തടവില്‍ വിശന്ന് മരിക്കുകയായിരുന്നു. ലോകദൃഷ്ടിയില്‍ നോക്കിയാല്‍ അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞ് ജീവിതത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറച്ച ഭോഷന്‍. പക്ഷേ മനുഷ്യന് മുമ്പില്‍ ഭോഷനായ ആ ജീവിതത്തെ ദൈവം മാനിച്ചുയര്‍ത്തി. 2013 ഓഗസ്റ്റ് 30 ന് വ്‌ളാഡിമര്‍ ഗീക്കാ വാഴ്ത്തപ്പെട്ട വനായി.
***
ഇന്നത്തെ തുര്‍ക്കി ഇസ്താബുളില്‍ പഴയ കോണ്‍സ്റ്റാന്റിനോപ്പിളില്‍ 1873 ഡിസംബര്‍ 25 നായിരുന്നു വ്‌ളാഡിമര്‍ ഗീക്കായുടെ ജനനം. റൊമാനിയന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളായിരുന്നു കുടുംബാംഗങ്ങള്‍. നാലു സഹോദരങ്ങളും ഒരു സഹോദരിയും ഗീക്കായ്ക്കുണ്ടായിരുന്നു. ജാന്‍ ഗീക്കായും അലക്സ്രാണ്ടെന്‍ ഗീക്കായുമായിരുന്നു മാതാപിതാക്കള്‍. അവരുടെ അഞ്ചാമത്തെ സന്താനമായിരുന്നു വ്‌ളാഡിമര്‍.
ജാന്‍ ഗീക്കാ അംബാസിഡറായി പാരീസിലേക്ക് പോവുകയും അവിടെ വച്ച് മരണമടയുകയും ചെയ്തു. മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കണമെന്ന ആഗ്രഹത്തോടെ അലക്‌സാണ്ട്രൈന്‍ അവരെ ടൗലോസിലെ സ്‌കൂളില്‍ ചേര്‍ത്തു.

അവിടെ ഓര്‍ത്തഡോക്‌സ് പള്ളിയില്ലാതിരുന്നതിനാല്‍ ഞായറാഴ്ചകളില്‍ പ്രൊട്ടസ്റ്റന്റ് പള്ളിയിലായിരുന്നു അവര്‍ ആരാധനയ്ക്കായി എത്തിയിരുന്നത്. ക്രമേണ കത്തോലിക്കാ വിശ്വാസജീവിതം ചില സഹപാഠികള്‍ വഴി വ്‌ളാഡിമര്‍ പരിചയപ്പെട്ടു. അവരോടൊപ്പം പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ വ്‌ളാഡിമര്‍ തീവ്രമായി ആഗ്രഹിച്ചു. ആ ആഗ്രഹം അമ്മയോട് പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു. നീ നിന്റെ പൂര്‍വ്വികരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നീ ഗ്രീക്ക്ഓര്‍ത്തഡോക്‌സ്  രാജകുടുംബാംഗമാണ്..വിശ്വാസഘാതകനാകാനാണോ നിന്റെപുറപ്പാട്?

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വ്‌ളാഡിമറിന് കത്തോലിക്കാവിശ്വാസം സ്വീകരിക്കാന്‍ സാഹചര്യം ഉണ്ടായത്. ഞാന്‍ കാത്തിരുന്നു..എന്റെ ആത്മാവിന് തീ പിടിക്കുന്നതുപോലെ എനിക്ക് തോന്നി. ആ വിളി എന്റെ ഉള്ളില്‍ നിന്ന് തന്നെയായിരുന്നു… അദ്ദേഹം പിന്നീട് എഴുതി.

1898 ല്‍ സഹോദരന്‍ ദെമിത്രറിനൊപ്പം വ്‌ളാഡിമര്‍ റൊമാനിയന്‍ അംബാസിഡറായി ഇറ്റലിയിലേക്ക് യാത്രയായി. റോമില്‍ ജീവിച്ച ആറു വര്‍ഷക്കാലം കത്തോലിക്കാവിശ്വാസത്തെ കുറിച്ച്കൂടുതല്‍ അറിയാന്‍ അദ്ദേഹത്തിന് അവസരമൊരുക്കി. ഹൃദയത്തിലും ആത്മാവിലും കത്തോലിക്കാവിശ്വാസം ആളിപ്പടര്‍ന്നു. പോപ്പിന്റെ അധികാരത്തിന്റെവരുതിയിലേക്ക് വരുന്നില്ലെങ്കില്‍ ക്രൈസ്തവ ഐക്യം സാധ്യമാവുകയില്ല എന്ന ബോധ്യം അദ്ദേഹത്തിന് ലഭിച്ചു.

കാരണം വിശുദ്ധപത്രോസിന്റെ പിന്‍ഗാമിയാണ് മാര്‍പാപ്പ. കത്തോലിക്കാസഭയെന്ന നിധി ബുദ്ധിമോശത്താല്‍ ഉപേക്ഷിച്ചുപോയ തന്റെ പൂര്‍വ്വികരെയോര്‍ത്ത് വ്‌ളാഡിമര്‍ ഖേദിച്ചു.
1902ഏപ്രില്‍ 13 ന് ഔദ്യോഗികമായി അദ്ദേഹം കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. റൊമാനിയന്‍ പത്രങ്ങള്‍ ഈ വിശ്വാസമാറ്റത്തെക്കുറിച്ച് അപലപിക്കുകയും അദ്ദേഹത്തെ നിന്ദിച്ച് എഴുതുകയും ചെയ്തു.

ദൈവത്തിന് തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കാനുള്ള മാധ്യമമെന്ന നിലയില്‍ പൗരോഹിത്യത്തിന്റെ വഴി സ്വീകരിക്കാനാണ് വ്‌ളാഡിമര്‍ ആഗ്രഹിച്ചത്. എന്നാല്‍ അമ്മ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. അമ്മയെ തല്ക്കാലം അനുസരിക്കാനും ഒരു അല്മായനായി സേവനം ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തുവാനും വ്‌ളാഡിമറിനോട് ആവശ്യപ്പെട്ട് വിശുദ്ധ പത്താം പീയുസ് മാര്‍പാപ്പയായിരുന്നു. റോമിലെ ഡൊമിനിക്കന്‍ മിനര്‍വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വ്‌ളാഡിമര്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി.

സിസ്റ്റര്‍ പുച്ചിയുമായുള്ള 1904 ല്‍ നടന്ന കണ്ടുമുട്ടല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. രോഗികളെയും മരണാസന്നരെയും ശുശ്രൂഷിക്കുന്ന മേഖലയായിരുന്നു സിസ്റ്ററിന്റേത്. ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ വ്‌ളാഡിമര്‍ ഒരു ഡിസ്‌പെന്‍സറി സ്ഥാപിച്ചു. സിസ്റ്റര്‍ പൂച്ചിയായിരുന്നു ആദ്യസുപ്പീരിയര്‍. റൊമാനിയായിലെ ഉന്നതകുലജാതരായ പലരും രോഗീശുശ്രൂഷയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നു.

1913 ല്‍ അദ്ദേഹം സിസ്റ്റര്‍ പൂച്ചിയുമൊത്ത് സെന്റ് വിന്‍സെന്റ് ഹോസ്പിറ്റല്‍ സ്ഥാപിച്ചു.കോളറാ ബാധിതര്‍ക്കു വേണ്ടിയായിരുന്നു ഇത്. സന്ന്യാസിനികളുടെ ഒപ്പം രോഗബാധിതരെ സന്ദര്‍ശിക്കാനും ശുശ്രൂഷിക്കാനും വ്‌ളാഡിമര്‍ തയ്യാറായിരുന്നു. പകര്‍ച്ചവ്യാധികളെ അദ്ദേഹം ഭയപ്പെട്ടില്ല. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതിയായിരുന്നു അദ്ദേഹത്തിന്റെ എല്ലാ ശുശ്രൂഷകളും.

ഒന്നാം ലോകമഹായുദ്ധകാലത്ത് വ്‌ളാഡിമര്‍ പാരീസിലായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ അക്കാലത്ത് റൊമാനിയന്‍ അംബാസിഡറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇതേ കാലത്ത് അമ്മയുടെ മരണവും സംഭവിച്ചു. പൗരോഹിത്യ സ്വീകരണം വീണ്ടും അദ്ദേഹത്തിന്റെ മനസ്സിലുയര്‍ന്നുവന്നു. അല്മായനായി ക്കൊണ്ട് ക്രിസ്തുവിനെ സേവിച്ചുകൂടെ? അദ്ദേഹത്തിന്റെ മനസ്സില്‍ അത്തരമൊരു സംശയം രൂപപ്പെട്ടു. എന്നാല്‍ പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന ഒരു സ്ത്രീ അദ്ദേഹത്തിന്റെ ഈ സംശയത്തിലേക്ക് വെളിച്ചം വീശി. ഒരു വിശുദ്ധകുര്‍ബാന അര്‍പ്പണത്തിലൂടെ അനേകം ആത്മാക്കളെ രക്ഷിക്കാന്‍ കഴിയുമെന്ന് അപ്രകാരം കിട്ടിയ ബോധ്യം അദ്ദേഹത്തെ 1923 ഒക്‌ടോബര്‍ ഏഴിന് വൈദികനാക്കിത്തീര്‍ത്തു.

ലാറ്റിന്‍, ബൈസെന്റെയിന്‍ ആരാധനാക്രമങ്ങളില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള പ്രത്യേക ആനുകൂല്യവും അദ്ദേഹത്തിന് ലഭിച്ചു. ഓര്‍ഡിനേഷന്‍ കാര്‍ഡില്‍ അദ്ദേഹം അച്ചടിച്ച പ്രാര്‍ത്ഥന റോമിലെ സഭയുമായി ഓര്‍ത്തഡോക്‌സ് സഭ ഒരുമിക്കുന്നതിന് വേണ്ടിയും റഷ്യയുടെ മാനസാന്തരത്തിന് വേണ്ടിയുമായിരുന്നു.

അമ്പതു വയസായപ്പോഴേ വൃദ്ധനായ മട്ടായിരുന്നു ഫാ.വ്‌ളാഡിമറിന്. നീണ്ട മുടിയും നരച്ച സമൃദ്ധമായ താടിയും അത്തരമൊരു പരിവേഷം അദ്ദേഹത്തിന് കല്പിച്ചുകൊടുത്തു. അദ്ദേഹം അര്‍പ്പിക്കുന്ന ദിവ്യബലികളും പാപസങ്കീര്‍ത്തനവും അനേകം പാപികളുടെ മാനസാന്തരത്തിന് വഴിയൊരുക്കി.

1931 ല്‍ പിയൂസ് പതിനൊന്നാമന്‍ ഫാദര്‍ വ്‌ളാഡിമറിന് പ്രോട്ടോനോട്ടറി അപ്പസ്‌തോലിക് എന്ന വിശേഷണം നല്കി. ലോകമെങ്ങും സുവിശേഷം നല്കാന്‍ ഫാ. വ്‌ളാഡിമറിന് കഴിഞ്ഞു. റോം,പാരീസ്, ടോക്കിയോ,സിഡ്‌നി,….രണ്ടാം ലോകമഹായുദ്ധകാലത്ത് അഭയാര്‍ത്ഥികളായവര്‍ക്കിടയില്‍ ക്രിസ്തുസ്‌നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി അദ്ദേഹം മാറുകയായിരുന്നു.

രോഗികള്‍,തടവുകാര്‍, ബോംബിങിന് ഇരകളായവര്‍.. എല്ലായിടത്തും വ്‌ളാഡിമറുണ്ടായിരുന്നു. അവരുടെ ദുരിതങ്ങള്‍ക്കുള്ളപരിഹാരം തന്റെ പക്കലില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട്ആ സഹനങ്ങളെ സ്വീകരിക്കാന്‍, സ്‌നേഹിക്കാന്‍ അദ്ദേഹം അവരെ ശീലിപ്പിച്ചു. സഹനം ഒരുക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ദൈവത്തില്‍ നിന്നുള്ള സന്ദര്‍ശനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

റൊമാനിയായുടെ രാഷ്ട്രീയമതസാമൂഹ്യരംഗങ്ങളിലെ കറുത്ത അധ്യായമായിരുന്നു 1944 ഓഗസ്റ്റിലെ സോവ്യറ്റ് പട്ടാളത്തിന്റെ രംഗപ്രവേശം. പതുക്കെ പതുക്കെ കമ്മ്യൂണിസ്റ്റ് അധിനിവേശം അവിടെ ശക്തമായി. 1947 ഡിസംബറില്‍ പോപ്പുലര്‍ റിപ്പബ്ലിക്കായുള്ള പ്രഖ്യാപനവും നടന്നു.തുടര്‍ന്ന് സ്റ്റാലിന്‍ സഭയ്ക്ക് നേരെ തിരിഞ്ഞു. രാജ്യത്തെ ക്ഷാമത്തിലാഴ്ത്തുന്ന പല തീരുമാനങ്ങളും സ്റ്റാലിന്‍ നടപ്പില്‍വരുത്തി. വ്‌ളാഡിമര്‍ അച്ചന്റെ സഹോദരന്‍ പ്രവാസിയായി അന്യദേശത്തേയ്ക്ക് യാത്രയായി. എന്നാല്‍ ഒളിച്ചോടാന്‍ അദ്ദേഹം തയ്യാറായില്ല.

നിരവധിയായ കത്തോലിക്കാ വൈദികരും മെത്രാന്മാരും അറസ്റ്റ് ചെയ്യപ്പെട്ടുതുടങ്ങി. അപ്പോഴും ധീരതയോടെ വ്‌ളാഡിമര്‍ തന്റെ സേവനംതുടര്‍ന്നുകൊണ്ടിരുന്നു. അനേകം ജൂതരെ അദ്ദേഹം  കത്തോലിക്കാസഭയിലെ അംഗങ്ങളാക്കി.അതുപോലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയും.

ഭക്ഷണം വളരെ കുറച്ച് മാത്രം കഴിച്ചിരുന്നതിനാല്‍ ആരോഗ്യസ്ഥിതി ദിനം പ്രതിവഷളായിക്കൊണ്ടിരുന്നു. അത്തരമൊരു ദിവസം 1952 നവംബര്‍ 18 ന് വ്‌ളാഡിമര്‍ അറസ്റ്റ്‌ചെയ്യപ്പെട്ടു. സംശയിക്കപ്പെടുന്നമറ്റ് ഇരുപത് വൈദികര്‍ക്കും അല്മായര്‍ക്കും ഒപ്പം അദ്ദേഹവും ജയിലിലായി. വത്തിക്കാന്റെ ചാരന്മാര്‍എന്നായിരുന്നു അവര്‍ക്ക് നേരെയുള്ള കുറ്റാരോപണം.

ഏകദേശം ഒരു വര്‍ഷത്തോളം ആ ജയിലില്‍ മാറിയുടുക്കാന്‍ മറ്റൊരു വേഷമില്ലാതെ അടിവസ്ത്രംമാത്രം ധരിച്ച് അദ്ദേഹംകഴിഞ്ഞുകൂടി. അതോടൊപ്പം നരകതുല്യമായ പീഡനങ്ങളും. തല്‍ഫലമായി ഭാഗികമായ അന്ധതയും ബധിരതയും സംഭവിച്ചു.

ഓരോ പീഡനങ്ങള്‍ക്കിടയിലും അദ്ദേഹം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.. കര്‍ത്താവേ നിന്റെ നന്മയില്‍ ഞാന്‍ വിശ്വസിക്കുന്നു. അത് മറ്റേത് യാഥാര്‍ത്ഥ്യത്തെക്കാളും കൂടുതലാണ്. അതെന്നെ സഹിക്കാന്‍ പ്രേരിപ്പിക്കുന്നു…

റോമുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ മോചിപ്പിക്കാമെന്നുള്ള വാഗ്ദാനവും അദ്ദേഹത്തിന് ലഭിച്ചു. പക്ഷേഉച്ഛിഷ്ടം പോലെ ആ ഓഫര്‍ അദ്ദേഹം നിരസിച്ചു. ഒരുവന്റെ സ്‌നേഹത്തിന് ആനുപാതികമായിരിക്കും അവന്റെ സഹിക്കാനുള്ളകഴിവ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

1953 ഒക്‌ടോബര്‍ 24 ന് തന്റെ എണ്‍പതാം വയസില്‍ നീതിപീഠത്തിന് മുമ്പില്‍ കുറ്റവാളിയെപ്പോലെ അസ്ഥിസമാനനായി അച്ചന്‍ നിന്നു. മൂന്നുവര്‍ഷത്തെ തടവായിരുന്നു ശിക്ഷ. അങ്ങനെ 240 തടവുകാരുള്ള ഈര്‍പ്പം നിറഞ്ഞ ജുലാവ ജയിലില്‍ അദ്ദേഹമെത്തിച്ചേര്‍ന്നു.
വൃത്തിഹീനമായ ആ പരിസരം പോലും അദ്ദേഹത്തെ മടുപ്പിച്ചില്ല. എല്ലാ ദിവസവും അദ്ദേഹം കൊന്ത ചൊല്ലി. കൊന്ത ചൊല്ലല്‍ സന്തോഷം നല്കുമെന്ന് തടവുകാരെ ഉദ്‌ബോധിപ്പിച്ചു.

മേരിയുമായുള്ള സഹവാസം ആനന്ദിപ്പിക്കുമെന്ന് അവരെ പഠിപ്പിച്ചു. തനിക്ക് കിട്ടുന്ന പരിമിതമായ ഭക്ഷണം പോലും തന്നെക്കാള്‍ വിശപ്പുള്ളവന് നല്കി പ്രാര്‍ത്ഥിച്ചിരിക്കുന്ന അച്ചനെക്കുറിച്ച് സഹതടവുകാര്‍ പില്ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. തടവുകാരുടെ മുഖത്ത് സന്തോഷം കാണുന്നത് ഒരിക്കലും ജയിലധികാരികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

എന്നാല്‍അച്ചന്റെ മുഖത്ത് നിന്ന് സന്തോഷംമാഞ്ഞിരുന്നില്ല. ജയിലില്‍ പോലും അദ്ദേഹം സ്വതന്ത്രനായിരുന്നു.കാരണം ദൈവത്തിന്റെ ഇഷ്ടം ഓരോ നിമിഷവും നിറവേറ്റുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ആനന്ദം.

മതിയായ വായുപോലും ശ്വസിക്കാന്‍ കഴിയാതെ, അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ക്കാന്‍ കഠിനമായ തണുപ്പുമെത്തി. ശക്തിചോര്‍ന്നു തുടങ്ങിയെങ്കിലും അദ്ദേഹത്തിന് കരുത്ത് നഷ്ടമായിരുന്നില്ല.ജോലി ചെയ്യാന്‍ കഴിവില്ലെന്ന് മനസ്സിലായപ്പോള്‍ അധികാരികള്‍ അച്ചനെ ആതുരാലയത്തിലെത്തിച്ചു.

അവിടെ വച്ച് നിരന്തരമായ ഒരു പ്രാര്‍ത്ഥനയിലേക്ക് രൂപം മാറി അദ്ദേഹം ബോധരഹിതനായി. കര്‍ത്താവേ എന്നെ കൈവിടരുതേ.. എന്റെ ശത്രുക്കളോടുള്ള വെറുപ്പിനെ കീഴടക്കാന്‍ നിന്റെ സ്‌നേഹത്തെ ഞാന്‍ ആശ്ലേഷിക്കുന്നു..അതായിരുന്നു അച്ചന്റെ അവസാനവാക്കുകള്‍.

മെയ് 17 ആയിരുന്നു ആ ദിനം. നമ്മുടെ മരണം നമ്മുടെ ജീവിതത്തിലെ പ്രവൃത്തി എന്തായിരുന്നുവോ അതിന്റെ അടയാളമാണെന്നും എന്നാല്‍ ദൈവം മാത്രമേ അതിന് സാക്ഷിയായിട്ടുണ്ടാവുകയുള്ളൂവെന്നും വിശ്വസിച്ചതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും.

തന്റെ ജീവിതം സഭയ്ക്കും റൊമാനിയായ്ക്കുംവേണ്ടി സമര്‍പ്പിച്ച ആ പുണ്യപുരുഷന്റെ വിശ്വാസമാതൃകയ്ക്ക് കിട്ടിയ ആദരവാണ് വാഴ്ത്തപ്പെട്ട പദവി.

ബിജു

You must be logged in to post a comment Login