കൊല്ലാമെന്ന് നിങ്ങള്‍ പറഞ്ഞത് കേള്‍ക്കുന്നുണ്ട് ഞങ്ങള്‍….

ഹാർലോവ്: മാര്‍ട്ടിന്‍ പിസ്റ്റോറിയസ്. സൗത്ത് ആഫ്രിക്കയിലായിരുന്നു അവന്റെ താമസം. എല്ലാ കുട്ടികളെയും പോലെ കളിച്ചും ചിരിച്ചും ഓടിച്ചാടി നടന്നിരുന്ന പയ്യന്‍. 12 ാമത്തെ വയസ്സുമുതലാണ് രോഗം അവനെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയത്. പതിയെ പതിയെ അവയവങ്ങള്‍ അനക്കുവാന്‍ സാധിക്കാതെയായി… പിന്നെ കണ്ണുകളുടെ ചലനം നിലച്ചു… ഒടുവില്‍ സംസാരശേഷിയും.

മസ്തിഷ്‌കമരണം സംഭവിച്ച് വെജിറ്റേറ്റീവ് സ്‌റ്റേജിലാണ് മാര്‍ട്ടിനെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അവന്‍ ഒന്നും അറിയുന്നില്ല, അനുഭവിക്കുന്നുമില്ല. മരണം വരെ കാത്തിരിക്കാം. അതായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

മാതാപിതാക്കളായ റോഡ്‌നിയും ജോവാന്‍ പിസ്റ്ററിയസും അവനെ വീട്ടിലേക്ക് കൊണ്ടുപോയി.
അപ്പന്റെ സ്‌നേഹം ആഴത്തില്‍ മാര്‍ട്ടിന്‍ തിരിച്ചറിഞ്ഞത് അന്നുമുതലായിരുന്നു. അബോധാവസ്ഥയില്‍ കിടക്കുമ്പോഴും അവന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു, എല്ലാം അറിയുന്നുണ്ടായിരുന്നു.

അതിരാവിലെ എണീക്കുന്ന പിതാവ്. അവനെ തുടച്ച് വൃത്തിയാക്കി, ഭക്ഷണം നല്കി, രോഗികളെ ശുശ്രൂഷിക്കുന്ന ഒരു സ്ഥലത്താക്കി അദ്ദേഹം ജോലിക്കു പോയി. വൈകുന്നേരവും കുളി, ഭക്ഷണം…. രാത്രിയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് അദ്ദേഹം അവനെ തിരിച്ചും മറിച്ചും കിടത്തും. അടുത്ത ദിവസം വീണ്ടും പതിവുകള്‍ തെറ്റിക്കാതെ കെയര്‍ സെന്ററിലേക്ക്.

ഒരിക്കല്‍ മാര്‍ട്ടിന്റെ കിടപ്പുകണ്ട് അമ്മ പറഞ്ഞു ‘നീ ഇങ്ങനെ വിഷമിക്കുന്നതിനേക്കാള്‍, മരിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍…. വാക്കുകള്‍ പൂര്‍ത്തീകരിക്കാനാവാതെ അമ്മ വിതുമ്പി…. എല്ലാം ഹൃദയംകൊണ്ട് അനുഭവിച്ചറിഞ്ഞ് ഒന്നും പ്രതികരിക്കാനാവാതെ മാര്‍ട്ടിന്‍ കിടന്നു; നീണ്ട 12 വര്‍ഷങ്ങള്‍…

അവന്റെ ചലനങ്ങള്‍ മെല്ലെ തിരിച്ചുവന്നു. കംപ്യൂട്ടറിന്റെ സഹായത്തോടെ ആദ്യം ആശയവിനിമയങ്ങള്‍… പിന്നെ സാധാരണരീതിയിലേക്ക്… ഒടുവില്‍ പൂര്‍ണ്ണ ആരോഗ്യവാനായി മാര്‍ട്ടിന്‍ ജിവിതത്തിലലേക്ക് തിരികെ വന്നു.

ഇപ്പോള്‍ 39 കാരനായ മാര്‍ട്ടിന്‍ പിസ്റ്റോറിയസ് ഭാര്യ ജോവാനയുമായി ഇംഗ്ലണ്ടിലെ ഹാര്‍ലോവില്‍ സന്തോഷത്തോടെ കഴിയുന്നു. ‘ഗോസ്റ്റ് ബോയ്: ശരീരത്തില്‍ അടയ്ക്കപ്പെട്ട ജീവിതത്തില്‍ നിന്നുളള എന്റെ രക്ഷപ്പെടല്‍’ എന്ന പേരില്‍ മാര്‍ട്ടിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍ തിരിച്ചുവരില്ലെന്ന് വിധിയെഴുതിയിട്ടും ചലനമറ്റുകിടന്ന പലരും ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ ഇനിയുമുണ്ട് നമുക്ക് മുമ്പില്‍.

മറ്റൊരു യുവാവിന്റെ ജീവിതകഥ;

സ്വന്തം ബന്ധുക്കള്‍ അവയവദാനത്തിനായി സമ്മതം മൂളുന്നതും ദയാവധം അനുവദിക്കാന്‍ തയ്യാറെടുക്കുന്നതും നിശബ്ദനായി കേട്ടുകിടന്ന യുവാവാണ് സാക് ഡുന്‍ലാപ്.

സാക്കിനെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കണ്ണും ഹൃദയവുമൊക്കെ എടുക്കാന്‍ കയറ്റുന്നതിന് തൊട്ടുമുമ്പ് ആരുടെയോ നഖം അവന്റെ കാലില്‍ കൊണ്ടു. അവന്‍ പെട്ടന്ന് ചലിച്ചു.  ഇപ്പോള്‍ അവന്‍ ആരോഗ്യവാനായി ജീവിക്കുന്നു.

സാക്കും തനിക്ക് ചുറ്റും നിന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട് എന്ന് പിന്നീട് സാക്ഷ്യ പ്പെടുത്തിയിട്ടുണ്ട്.

മസ്തിഷ്‌കമരണം സംഭവിച്ച് ചലനമറ്റ ശരീരവുമായി കഴിയുന്നവരെ ദയാവധമെന്ന പേരില്‍ കൊല്ലാം എന്നുപറയുന്നത് അവര്‍ കേള്‍ക്കുന്നുണ്ട്. അറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. ജീവനുണ്ടെന്ന് വിളിച്ചുപറയാന്‍ കൊതിക്കുമ്പോഴും ശരീരം അനുവദിക്കാത്ത ആ അവസ്ഥയില്‍ ചിലപ്പോള്‍ നമ്മുടെ മക്കളുണ്ടാവാം, മാതാവിതാക്കളുണ്ടാവാം, വേണ്ടപ്പെട്ടവരുണ്ടാകാം. കൊടുക്കാം നമുക്ക് അവര്‍ക്കൊരവസരം ജീവിതത്തിലേക്ക് തിരികെ വരാന്‍…..

You must be logged in to post a comment Login