കോടതിവിധി വൈദികര്‍ക്ക് അനുകൂലം; കുമ്പസാരരഹസ്യം വെളിപ്പെടുത്തേണ്ടതില്ല

കോടതിവിധി വൈദികര്‍ക്ക് അനുകൂലം; കുമ്പസാരരഹസ്യം വെളിപ്പെടുത്തേണ്ടതില്ല

ലൂസിയാന: കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ വൈദികരോട് നിയമത്തിലൂടെ ആവശ്യപ്പെടാനാകില്ലെന്ന് ലൂസിയാനയിലെ കോടതിവിധി. അത്തരമൊരു നിയമം വന്നാല്‍ അത് കുമ്പസാരരഹസ്യം സൂക്ഷിക്കുവാനുള്ള വൈദികരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുമെന്ന് ലൂസിയാന സ്റ്റേറ്റ് ജില്ലാ ജഡ്ജി മൈക്ക് കാള്‍ഡ്‌വെല്‍ വിധിന്യായത്തിലൂടെ പ്രസ്താവിച്ചു.

22 കാരിയായ റബേക്കാ മയേക് എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിന്‍ മേലാണ് കോടതി വാദം കേട്ടത്. ജെഫ് ബെയ്ഹി എന്ന വൈദികനും ബാടോന്‍ രൂപതക്കുമെതിരായിട്ടായിരുന്നു പരാതി. തനിക്ക് 14 വയസ്സുള്ളപ്പോള്‍ 64 വയസ്സുള്ള ഒരു വ്യക്തി തന്നെ ലൈഗികമായി പീഡിപ്പിച്ച കാര്യം കുമ്പസാരത്തില്‍ വെളിപ്പെടുത്തിയിരുന്നെന്നും ഈ വിവരം പുരോഹിതന്‍ പോലീസില്‍ അറിയിച്ചില്ല എന്നതായിരുന്നു പരാതിക്കാരി കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍ കുമ്പസാരരഹസ്യം സൂക്ഷിച്ചില്ലെങ്കില്‍ താന്‍ സഭയില്‍ നിന്നു തന്നെ പുറത്താക്കപ്പെടുമെന്നും സഭാനിയമങ്ങള്‍ ലംഘിക്കാന്‍ സാധ്യമല്ലെന്നും ഫാദര്‍ ജെഫ് ബെയ്ഹി പ്രതികരിച്ചു. കോടതിവിധിയില്‍ താന്‍ സന്തുഷ്ടനാണെന്നും ഇത് അനിവാര്യമായ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.പരാതിക്കാരിക്കാരിയോടുള്ള ഖേദം അറിയിക്കുന്നുവെന്നും ഇത്തരം അപമാനം നേരിടേണ്ടിവന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈംഗികാരോപണങ്ങള്‍ വൈദികര്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നാണ് ലൂസിയാനയില്‍ നിലവിലുള്ള നിയമത്തില്‍ പറയുന്നത്. എന്നാല്‍ കുമ്പസാരത്തിലൂടെ വെളിപ്പെടുത്തപ്പെടുന്ന വിവരങ്ങള്‍ക്ക് നിയമത്തില്‍ ഒഴിവുകഴിവുകളും ചില ഭാഗങ്ങളില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിയമത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ ഇത്തരം അറിയിപ്പുകള്‍ നിര്‍ബന്ധമാണെന്ന കാര്യവും സൂചിപ്പിച്ചിരിക്കുന്നു. ഇതില്‍ മൂന്നാമതു പറഞ്ഞതിനാണ് പുതിയ വിധിയിലൂടെ ഭേദഗതി വരുത്തിയിരിക്കുന്നത്.

You must be logged in to post a comment Login